മലപ്പുറം: വോട്ടെടുപ്പിന് തൊട്ടു പിന്നാലെ കണ്ണൂരില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകനെ ബോംബെറിഞ്ഞ് വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ ഭീകരത മാപ്പര്‍ഹിക്കാത്തതാണെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍.
ഇത്തരം രീതികള്‍ ഇത്രയും കാലം നാം ശിലിച്ചു പോന്ന സമാധാന- രാഷ്ട്രീയത്തിനെതിരെയുള്ള വെല്ലുവിളിയാണെന്നും ജനാധിപത്യപരമായ പൊതുപ്രവര്‍ത്തന രീതികള്‍ പോലും അനുവദിക്കില്ലെന്ന നിലപാട് നമുക്ക് നല്‍കുന്ന സന്ദേശം എന്താണെന്നും മുനവ്വര്‍ അലി തങ്ങള്‍ ചോദിച്ചു.
തങ്ങളുടെ ശക്തികേന്ദ്രങ്ങളില്‍ ഓരോ രാഷ്ട്രീയ പാര്‍ട്ടികളും ഇത്തരം നിലപാട് സ്വീകരിച്ചാല്‍ എന്താകും കേരളത്തിന്റെ അവസ്ഥ.
ഇത്രയും കാലം കൊണ്ട് നാം ആര്‍ജ്ജിച്ചെടുത്ത എല്ലാ സാമൂഹിക, സാംസ്‌കാരിക മുന്നേറ്റങ്ങളേയും പിറകോട്ട് വലിക്കുന്ന ഇത്തരം പൈശാചിക പ്രവര്‍ത്തികളില്‍ നിന്ന് തങ്ങളുടെ അണികളെ മാറ്റിനിര്‍ത്താന്‍ കണ്ണൂരിലെ സി.പി.ഐ.എം തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.
ഈ ക്രൂരതക്കെതിരെ കേരളം ഒറ്റക്കെട്ടായി പ്രതിഷേധമുയര്‍ത്തണം. മനുഷ്യന്റെ ജീവിക്കാനുള്ള അവകാശം ഇല്ലാതാക്കിയിട്ട് പൊതുപ്രവര്‍ത്തനം എന്ന വാക്കിന് എന്ത് അര്‍ത്ഥമാണുള്ളത്.
പ്രതികളെ എത്രയും വേഗം നിയമത്തിന് മുമ്പില്‍ കൊണ്ടുവന്ന് മാത്രകാപരമായ ശിക്ഷ നല്‍കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം. അല്ലാത്തപക്ഷം അത് നമ്മുടെ സാമൂഹികാന്തരീക്ഷത്തെ വീണ്ടും കലുഷിതമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൂത്തുപറമ്പ് പുല്ലൂക്കര സ്വദേശിയാണ് മരിച്ച മന്‍സൂര്‍. ആക്രമണം നടന്ന ഉടനെ മന്‍സൂറിനെ തലശ്ശേരിയിലെ ഇന്ദിരാഗാന്ധി ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി 11.30ഓടെ മരിക്കുകയായിരുന്നു. ആക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ സഹോദരന്‍ മുഹ്‌സിന്‍ കോഴിക്കോട് ചികിത്സയിലാണ്.
ഇന്നലെ രാത്രി 8.30ഓടു കൂടിയാണ് ആക്രമണം ഉണ്ടാകുന്നത്. ഓപ്പണ്‍ വോട്ടുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിന് പിന്നാലെ മേഖലയില്‍ കഴിഞ്ഞ ദിവസം സംഘര്‍ഷമുണ്ടായിരുന്നു.
മന്‍സൂറും സഹോദരനും കൂടി വീട്ടിലേക്ക് മടങ്ങുന്ന വഴി ഒരു സംഘമെത്തി ബോംബെറിഞ്ഞ് ഭീതി പരത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നില്‍ സി.പി.ഐ.എമ്മാണെന്നാണ് മുസ്ലിം ലീഗ് ആരോപിക്കുന്നത്.
എന്നാല്‍ ലീഗ് പ്രവര്‍ത്തകരെ ആക്രമിച്ചത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെന്ന് ആക്രമണത്തില്‍ പരുക്കേറ്റ മുഹ്‌സിന്‍ പറഞ്ഞിട്ടുണ്ട്. 20തോളം പേര്‍ അടങ്ങിയ സംഘമാണ് ആക്രമിച്ചതെന്നും മുഹ്‌സിന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിട്ടുണ്ട്.
തന്നെയാണ് ആദ്യം ലക്ഷ്യം വെച്ചിരുന്നതെന്നും പേര് ചോദിച്ച് ഉറപ്പാക്കിയ ശേഷമാണ് വെട്ടിയതെന്നും മുഹ്‌സിന്‍ പറഞ്ഞു. തന്നെ ആക്രമിക്കുന്നത് കണ്ടതിന് ശേഷമാണ് സഹോദരന്‍ മന്‍സൂര്‍ ഓടിയെത്തിയത്. തുടര്‍ന്ന് മന്‍സൂറിനെയും ആക്രമിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
മന്‍സൂറിനെയും മുഹ്സിനെയും അക്രമിച്ച സംഘത്തില്‍ 14ഓളം പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് പ്രാഥമികമായി നല്‍കുന്ന വിവരം. ബൈക്കുകളിലായെത്തിയ മൂന്നംഗ സംഘമാണ് ഇവരുടെ വീട്ടുമുറ്റത്തേക്ക് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത്. മറ്റൊരു സംഘം വടിവാള്‍ ഉപയോഗിച്ച് ഇവരെ അക്രമിക്കുകയായിരുന്നു.
മന്‍സൂറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കൂത്തുപ്പറമ്പില്‍ ഇന്ന് യു.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക