കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ ‘ചാവേര്‍’ ഒഫീഷ്യല്‍ ഫസ്റ്റ് ലുക്കിന് സമാനമായി മുനമ്പത്ത് മണല്‍ ശില്പം ഒരുക്കി ശില്പിയും ചിത്രകാരനുമായ ഡാവിഞ്ചി സുരേഷ്. സംഭവം വൈറലായതോടെ ശില്‍പിക്ക് ആദരമര്‍പ്പിക്കുവാന്‍ താരങ്ങളും അണിയറ പ്രവര്‍ത്തകരും നേരിട്ടെത്തി.
കല്ലില്‍ കൊത്തിവെച്ചതുപോലുള്ള രൂപവുമായി പുറത്തിറങ്ങിയ, അമേരിക്കയിലെ റഷ്‌മോര്‍ മലനിരകളെ ഓര്‍മിപ്പിക്കുന്ന രീതിയിലുള്ള ചാവേറിന്റെ പോസ്റ്റര്‍ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. അതോടൊപ്പമാണ് ഇപ്പോള്‍ മുനമ്പത്തൊരുങ്ങിയ ഈ കൂറ്റന്‍ മണല്‍ശില്പവും ചര്‍ച്ചയാകുന്നത്.
സ്വാതന്ത്യം അര്‍ദ്ധരാത്രിയില്‍, അജഗജാന്തരം എന്നീ ആക്ഷന്‍ ചിത്രങ്ങള്‍ക്ക് ശേഷം ടിനു പാപ്പച്ചന്‍ ഒരുക്കുന്ന ത്രില്ലര്‍ ചിത്രമാണ് ചാവേര്‍. ടിനുവും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന സിനിമയാണിത്. അശോകന്‍ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്നത്. ആന്റണി വര്‍ഗ്ഗീസും അര്‍ജുന്‍ അശോകനുമാണ് മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചാവേര്‍ സിനിമയുടെ രൂപത്തില്‍ ഒരു ലുക്ക് ഔട്ട് നോട്ടീസ് അഞ്ച് ലക്ഷത്തിലധികം പത്രങ്ങളോടൊപ്പം ഏവരുടേയും വീടുകളിലേക്ക് എത്തിയിരുന്നത് പുതുമയുള്ളൊരു ആശയമായിരുന്നു. കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്ന അശോകന്‍ എന്ന പിടികിട്ടാപ്പുള്ളിയുടെ രൂപരേഖയായിരുന്നു ആ നോട്ടീസിലുണ്ടായിരുന്നത്.