തിരുവനന്തപുരം: മുനമ്പം വഖഫ് വിഷയത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചുകൊണ്ടുള്ള വിജ്ഞാപനമിറക്കി സംസ്ഥാന സര്‍ക്കാര്‍.
ഭൂമിയുടെ നിലവിലെ സ്ഥിതി, സ്വഭാവം, വ്യാപ്തി എന്നിവയാണ് പരിശോധനയുടെ പരിഗണനയിലുണ്ടാകുക. സര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടി ക്രമങ്ങളും കമ്മീഷന്‍ ശുപാര്‍ശ ചെയ്യണം.
വിജ്ഞാപനത്തില്‍ ഉന്നയിക്കുന്ന ഭൂമിയുമായി ബന്ധപ്പെട്ട മുഴുവന്‍ വിഷയങ്ങളിലും സമഗ്രമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം.
മൂന്ന് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കഴിയുമോയെന്നും സര്‍ക്കാര്‍ കമ്മീഷനോട് ചോദിച്ചിട്ടുണ്ട്. ഹൈക്കോടതി മുന്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായരുടെ നേതൃത്വത്തിലാണ് ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചിട്ടുള്ളത്.
നേരത്തെ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുന്നതിനായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍ ഔദ്യോഗികമായി ഇതുസംബന്ധിച്ച വിജ്ഞാപനം സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നില്ല.
മുനമ്പം ഭൂമി പ്രശ്നപരിഹാരത്തിനായി ജുഡീഷ്യല്‍ കമ്മീഷനെ വെക്കുമെന്നാണ് മന്ത്രിസഭ തീരുമാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നത തലയോഗത്തിലായിരുന്നു തീരുമാനം.
തുടർന്ന് മുനമ്പം ഭൂമിയിൽ നിന്ന് ആരെയും കുടിയിറക്കില്ലെന്നും അത്തരത്തിലുള്ള ആശങ്ക ആര്‍ക്കും വേണ്ടെന്നുമായിരുന്നു യോഗം തീരുമാനിച്ചത്.
ശേഷം വഖഫ് ഭൂമിയുടെ ഉടമസ്ഥാവകാശത്തെ കുറിച്ച് സമഗ്രമായ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്നും അന്വേഷണത്തോടുകൂടി ശാശ്വത പരിഹാരമുണ്ടാകുമെന്നും റവന്യൂമന്ത്രി കെ. രാജന്‍ ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു.
‘ഭൂമിയില്‍ ഉടമസ്ഥാവകാശമുള്ള ഒരാളെയും കുടിയൊഴിപ്പിക്കില്ല, നിയമപരമായ അവകാശങ്ങളെല്ലാം സംരക്ഷിക്കും, വഖഫ് ബോര്‍ഡ് കൊടുത്തിട്ടുള്ള നോട്ടീസുകളില്‍ തീരുമാനമാകുന്നത് വരെ നടപടികളൊന്നും ഉണ്ടാവാന്‍ പാടില്ലെന്ന് വഖഫ് ബോര്‍ഡിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്, ഇക്കാര്യം വഖഫ് ബോര്‍ഡ് അംഗീകരിച്ചിട്ടുമുണ്ട്, നിയമപരമായുള്ള അവകാശങ്ങള്‍ സംരക്ഷിക്കാനും പരിശോധന നടത്താനും മൂന്ന് മാസത്തിനകം ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷണം നടത്തണം,’ തുടങ്ങിയ കാര്യങ്ങളാണ് മന്ത്രിമാര്‍ അറിയിച്ചത്.
മുനമ്പം വിഷയവുമായി ബന്ധപ്പെട്ട് ഏകദേശം ഒന്‍പത് കേസുകള്‍ ഹൈക്കോടതിയില്‍ നടക്കുന്നുണ്ട്. ഇത്തരത്തില്‍ ഒരുപാട് സങ്കീര്‍ണതകളുണ്ട്. സര്‍ക്കാരിന് ഒറ്റയടിക്ക് തീരുമാനമെടുക്കാന്‍ സാധിക്കില്ലെന്നും കരം അടക്കാന്‍ ഭൂവുടമകളെ അനുവദിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ റിട്ട് പെറ്റീഷന്‍ നല്‍കാന്‍ തീരുമാനമെടുത്തെന്നും മന്ത്രിമാർ അറിയിച്ചിരുന്നു.
എന്നാല്‍ ഉന്നതതല സമിതി യോഗത്തിലെ തീരുമാനം തൃപ്തികരമല്ലെന്നും പ്രതിഷേധിക്കുമെന്നും സമരസമിതി അറിയിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ നിയോഗിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ വിമര്‍ശിക്കുകയും ചെയ്തിരുന്നു.
Content Highlight: Munambam Waqf issue; An order appointing a judicial commission has been issued