| Monday, 9th December 2024, 8:40 am

വഖഫായത് കൊണ്ടാണ് മുനമ്പത്ത് സാദിഖലി തങ്ങള്‍ ഇടപെട്ടത്, സാധാരണ ഭൂമിയാണെങ്കില്‍ തങ്ങള്‍ക്കെന്ത് റോള്‍: കെ.എം. ഷാജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍ഗോഡ്: മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് ആവര്‍ത്തിച്ച് മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജി. കേവലം ഭൂമി പ്രശ്‌നം മാത്രമായിരുന്നെങ്കില്‍ മുനമ്പം വിഷയത്തിൽ തങ്ങള്‍ക്കെന്താണ് റോളെന്ന് കെ.എം ഷാജി ചോദിച്ചു. കാസര്‍ഗോഡ് ചട്ടംചാലില്‍ നടന്ന മുസ്‌ലിം ലീഗിന്റെ പൊതുയോഗത്തിലാണ് കെ.എം. ഷാജിയുടെ പരാമര്‍ശം.

സാദിഖലി ശിഹാബ് തങ്ങള്‍ മുനമ്പം വിഷയത്തില്‍ ഇടപെട്ടത് അത് വഖഫ് ഭൂമി ആയതുകൊണ്ടാണെന്നാണ് കെ.എം. ഷാജി പറഞ്ഞത്. ഏതെങ്കിലും നാട്ടില്‍ കുറെ ആളുകള്‍ സ്ഥലം വാങ്ങിയ രേഖകളില്‍ പ്രശ്‌നങ്ങളുണ്ടെന്ന് കരുതി അത് പരിഹരിക്കാന്‍ സാദിഖലി തങ്ങള്‍ പോകുമോയെന്നും ഷാജി ചോദിച്ചു. വഖഫ് ഭൂമി ആയതുകൊണ്ടാണ് സാദിഖലി തങ്ങള്‍ മുനമ്പത്ത് നേതൃത്വപരമായ ഇടപെടല്‍ നടത്തിയതെന്നും കെ.എം. ഷാജി പറഞ്ഞു.

ഇന്നലെ, മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് പറയാന്‍ കഴിയില്ലെന്ന് കെ.എം. ഷാജി പറഞ്ഞിരുന്നു. എന്നാല്‍ ഷാജിയെ തള്ളി മുസ്‌ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി രംഗത്തെത്തുകയും ചെയ്തു.

ആരും പാര്‍ട്ടിയാകാന്‍ നോക്കേണ്ടെന്നാണ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞത്. എല്‍.ഡി.എഫും ബി.ജെ.പിയും സാമുദായിക സ്പര്‍ധ ഉണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ അതില്‍ ആരും കക്ഷി ചേരേണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു

വെറുതെ വിവാദമുണ്ടാക്കരുതെന്നും മുനമ്പം വിഷയത്തില്‍ സാദിഖലി ശിഹാബ് തങ്ങള്‍ ലീഗിന്റെ നിലപാട് വ്യക്തമാക്കിയതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. മുനമ്പത്തെ ഒരു ചെറിയ വിഷയമായി ലീഗ് കരുതുന്നില്ലെന്നും വിഷയം പരിഹരിക്കാന്‍ സൗഹാര്‍ദപരമായി ഏതറ്റം വരെ പോകുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു.

മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് പറയാന്‍ കഴിയില്ലെന്നും പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും മുസ്‌ലിം ലീഗിന് അങ്ങനെയൊരു അഭിപ്രായമില്ലെന്നുമാണ് കെ.എം. ഷാജി പറഞ്ഞത്.

Content Highlight: ‘Munambam is the Waqf land itself’; KM Shaji rejected PK Kunjalikutty

We use cookies to give you the best possible experience. Learn more