|

മുനമ്പത്തേത് വഖഫ് ഭൂമി തന്നെ; ഇപ്പോള്‍ ഇഷ്ടദാനമാണെന്ന് പറയുന്ന ഫാറൂഖ് കോളേജ് 1970ല്‍ വഖഫ് ഭൂമിയാണെന്ന് സമര്‍ത്ഥിച്ചു; രേഖകള്‍ പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മുനമ്പത്തെ ഭൂമി വഖഫ് ഭൂമി തന്നെയാണെന്ന് തെളിയിക്കാനായി 1970ല്‍ ഫാറൂഖ് കോളേജ് നല്‍കിയ സത്യവാങ്മൂലം പുറത്ത്. ഇപ്പോള്‍ ഇഷ്ടദാനമാണെന്ന് പറയുന്ന ഫാറൂഖ് കോളേജ് തന്നെയാണ് 1970ല്‍ പറവൂര്‍ സബ്‌കോടതിയില്‍ മുനമ്പത്തേത് വഖഫ് ഭൂമി തന്നെയാണെന്ന് സമര്‍ത്ഥിച്ചുകൊണ്ട് നാല് കോപ്പി സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.

കോളേജിന് വേണ്ടി അക്കാലത്തെ കോളേജിന്റെ വ്യവഹാര കാര്യസ്ഥനായ മണ്ണത്ത് കണ്ണില്‍ കലന്തനാണ് സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നത്. വഖഫ് ബോര്‍ഡ് ഇതിന്റെ കോപ്പികള്‍ കഴിഞ്ഞ ദിവസം മുനമ്പം വിഷയത്തില്‍ അന്വേഷണം നടത്തുന്ന സര്‍ക്കാര്‍ കമ്മീഷന് മുമ്പാകെ സമര്‍പ്പിച്ചു.

കോളേജ് പാട്ടത്തിന് നല്‍കിയ മുനമ്പത്തെ വഖഫ് ഭൂമിയില്‍ കുടിയാന്‍മ അവകാശം ഉന്നയിച്ചുകൊണ്ട് 1967ല്‍ പേര്‍ പറവൂര്‍ സബ്‌കോടതിയെ സമീപിച്ചിരുന്നു. കോടതിയില്‍ 1967/53 നമ്പറായി രജിസ്റ്റര്‍ ചെയ്ത ഹരജിയെ എതിര്‍ത്തുകൊണ്ടാണ് 1970ല്‍ കോളേജ് മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് തന്നെ സമര്‍ത്ഥിച്ചുകൊണ്ട് സത്യവാങ്മൂലം നല്‍കിയത്. ഇതിന്റെ പകര്‍പ്പുകളാണ് ഇപ്പോള്‍ വഖഫ് ബോര്‍ഡ് കമ്മീഷന് നല്‍കിയിരിക്കുന്നത്.

സിദ്ദീഖ് സേട്ട് ഫാറൂഖ് കോളേജിന് നല്‍കിയ ഭൂമിയിലെ 135.11 ഏക്കര്‍ സ്ഥലത്തെ കൃഷിയും ആദായമെടുപ്പും സംബന്ധിച്ചായിരുന്നു അന്ന് തര്‍ക്കം. അന്ന് കോളേജ് മാനേജിങ് കമ്മിറ്റി ജോയിന്റ് സെക്രട്ടറിയായിരുന്ന എം.വി. ഹൈദ്രോസ് കുടിയാന്‍മ ഹരജി ചെലവ് സഹിതം തള്ളണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷയും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിന്റെ രേഖകളും ഇപ്പോള്‍ വഖഫ് ബോര്‍ഡ് കമ്മീഷന് മുമ്പാകെ നല്‍കിയിട്ടുണ്ട്.

തര്‍ക്കം നിലനില്‍ക്കുന്ന ഭൂമി തങ്ങള്‍ക്ക് വഖഫായി ലഭിച്ചതാണെന്ന് ഈ സത്യവാങ്മൂലത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫാറൂഖ് കോളേജ് അടിവരയിട്ട് പറയുന്നുണ്ട്. രണ്ടും മൂന്നും സത്യവാങ്മൂലങ്ങളിലായി മൂന്നിടങ്ങളില്‍ ഭൂമി വഖഫാണെന്ന് ഫാറൂഖ് കോളേജ് സമര്‍ത്ഥിക്കുന്ന രേഖകളാണ് ഇപ്പോള്‍ വഖഫ് ബോര്‍ഡ് കമ്മീഷന് മുമ്പാകെ സമര്‍പ്പിച്ചിരിക്കുന്നത്.

ഫാറൂഖ് കോളേജ് ഇപ്പോള്‍ ഉയര്‍ത്തുന്ന വാദങ്ങള്‍ക്ക് നേര്‍വിപരീതമാണ് ഫാറൂഖ് കോളേജ് 1970ല്‍ കോടതിയില്‍ സമര്‍പ്പിച്ച ഈ സത്യവാങ്മൂലങ്ങള്‍. സിദ്ദീഖ് സേട്ടില്‍ നിന്ന് ഇഷ്ടദാനമായി ലഭിച്ചതാണ് മുനമ്പത്തെ ഭൂമി എന്നാണ് ഫാറൂഖ് കോളേജ് ഇപ്പോള്‍ ഉയര്‍ത്തുന്ന വാദങ്ങള്‍. മുനമ്പത്തെ ഭൂമി ഏറ്റെടുത്ത വഖഫ് ബോര്‍ഡിന്റെ നടപടി റദ്ദാക്കണമെന്ന് ഇപ്പോള്‍ വഖഫ് ട്രൈബ്യൂണലില്‍ ആവശ്യപ്പെട്ട ഫാറൂഖ് കോളേജ് തന്നെയാണ് 1970ല്‍ ഇത് വഖഫ് ഭൂമി തന്നെയാണ് എന്ന് സമര്‍ത്ഥിച്ചിരിക്കുന്നത്.

അതേസമയം പറവൂര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം തെറ്റായിരുന്നു എന്ന് ഫാറൂഖ് കോളേജ് ഇപ്പോള്‍ നിലപാടെടുത്താല്‍ പണ്ട് കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് കോളേജ് മാനേജ്‌മെന്റ് കമ്മിറ്റി നടപടി നേരിടേണ്ടിയും വരും. 1970ല്‍ നല്‍കിയ ഈ സത്യവാങ്മൂലത്തെ തള്ളിക്കൊണ്ടാണ് 1988ല്‍ ചേര്‍ന്ന കോളേജ് മാനേജ്‌മെന്റ് കമ്മിറ്റി മുനമ്പത്തെ ഭൂമി വില്‍പന നടത്താന്‍ തീരുമാനിച്ചത്. 1964ലെ വഖഫ് ഭേദഗതി ബില്ലിലെ വ്യവസ്ഥകള്‍ പാലിക്കാതെയായിരുന്നു അന്നത്തെ വില്‍പനയെന്നും അതിനാല്‍ ഈ വില്‍പന നിയമപരമായി നിലനില്‍ക്കില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

content highlights: Munambam is the Waqf land itself; Farooq College, now said to be a charitable endowment, was asserted as waqf land in 1970; Documents are out

Video Stories