തിരുവനന്തപുരം: എറണാകുളം ചെറായിയിലെ തര്‍ക്കം നിലനില്‍ക്കുന്ന 404 ഏക്കര്‍ വഖഫ് ഭൂമിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. തര്‍ക്കം നിലനില്‍ക്കുന്ന പ്രദേശം ആദ്യം സന്ദര്‍ശിച്ച് പൊതുയോഗം നടത്തിയത് താന്‍ ആണെന്നും വി.ഡി. സതീശന്‍ അവകാശപ്പെട്ടു.
ഭൂമി കൈമാറ്റം നടക്കുന്നതിന് മുമ്പ് അവിടെ താമസിച്ചിരുന്ന ആളുകളാണ് സമരം നടത്തുന്നതെന്നും ഇത്തരത്തില്‍ ജനങ്ങള്‍ താമസിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രദേശത്തെ വഖഫ് ഭൂമിയാക്കാന്‍ പറ്റില്ലെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.
വഖഫ് ഭൂമിയല്ലെന്ന് കോണ്‍ഗ്രസ് പറയാന്‍ മൂന്ന് കാരണങ്ങള്‍ ഉണ്ടെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. നിലവില്‍ പറയുന്ന രേഖയില്‍ ചില കണ്ടീഷന്‍സ് ഉണ്ട്. എന്നാല്‍ വഖഫില്‍ അത്തരത്തിലുള്ള യാതൊരു വിധ കണ്ടീഷന്‍സും ഉണ്ടാവാന്‍ പാടില്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
‘ഫാറുഖ് കോളേജ് ഈ പറയുന്ന ആളുകളോട് പണം വാങ്ങിച്ചാണ് ഭൂമി കൈമാറിയത്. എന്നാല്‍ വഖഫ് ഭൂമി അത്തരത്തില്‍ പണം നല്‍കി കൈമാറ്റം ചെയ്യാന്‍ ആവില്ല,’ വി.ഡി. സതീശന്‍ പറഞ്ഞു.
1995ല്‍ അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച നിസാര്‍ കമ്മീഷനാണ് ഈ ഭൂമി വഖഫ് ആണെന്ന് ആദ്യം പറയുന്നത്. എന്നാല്‍ പിന്നീട് യു.എഡി.എഫ് അധികാരത്തില്‍ വന്നപ്പോള്‍ ഇത് വഖഫ് ഭൂമി അല്ല എന്ന് പ്രസ്താവിച്ചിരുന്നു.
എന്നിട്ടും ഇപ്പോഴത്തെ വഖഫ് ബോര്‍ഡ് ഇത് വഖഫ് ഭൂമി ആണെന്ന് പറഞ്ഞ് കേസ് കൊടുത്തിരിക്കുകയാണ്. എന്റെ അഭിപ്രായത്തില്‍ വഖഫ് ബോര്‍ഡ് കൊടുത്തിരിക്കുന്ന കേസ് പിന്‍വലിച്ച് ആ സ്ഥലം അവിടുത്തെ ആളുകള്‍ക്ക് വിട്ട് നല്‍കണമെന്നാണ് അഭിപ്രായമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ഭൂമി പ്രശ്നത്തില്‍ വൈപ്പിന്‍, മുനമ്പം പ്രദേശത്തെ ജനങ്ങള്‍ നടത്തുന്ന സമരം പത്തൊമ്പതാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. 2021 മുതല്‍ റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ട് സമര ചെയ്യുകയാണ് ഇവര്‍.
Content Highlight: Munambam is not waqf land: V.D. Satheeshan