മുംബൈ ജയിച്ചു, കേരളം വീണു; സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഗംഭീര ത്രില്ലര്‍
Sports News
മുംബൈ ജയിച്ചു, കേരളം വീണു; സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഗംഭീര ത്രില്ലര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 5th December 2024, 8:33 pm

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില് ആന്ധ്രയെ പരാജയപ്പെടുത്തി മുംബൈ. രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനാണ് മുംബൈ വിജയിച്ചു കയറിയത്. ഇതോടെ കേരളം പുറത്താകുകയും ചെയ്തു. മുംബൈ ഈ മത്സരത്തില്‍ പരാജയപ്പെട്ടാല്‍ മാത്രമേ കേരളത്തിന് ക്വാളിഫൈ ചെയ്യാന്‍ സാധിക്കുമായിരുന്നുള്ളു. ഇതോടെ സഞ്ജുവിന്റെയും കൂട്ടരുടേയും കിരീട സ്വപ്‌നവും തകര്‍ന്നിരിക്കുകയാണ്.

മത്സരത്തില്‍ ടോസ് നേടിയ മുംബൈ ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ശേഷം ആന്ധ്ര നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സ് അടിച്ചെടുത്തു. മറുപടിക്ക് ഇറങ്ങിയ മുംബൈ മൂന്ന് പന്ത് ബാക്കി നില്‍ക്കെ ആറ് വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സ് നേടി മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു.

മുംബൈയെ വിജയത്തിലെത്തിച്ചത് അഞ്ചാമനായി ഇറങ്ങിയ സൂര്യാന്‍ഷ് ഷെഡ്‌ജെയാണ്. അവസാനഘട്ടത്തില്‍ വെറും എട്ട് പന്തില്‍ നിന്ന് മൂന്ന് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 30 റണ്‍സ് നേടിയാണ് താരം വെടിക്കെട്ട് പ്രകടനം നടത്തി ടീമിനെ വിജയത്തില്‍ എത്തിച്ചത്.

മുംബൈക്ക് വേണ്ടി മികച്ച തുടക്കമാണ് ഓപ്പണര്‍ പൃഥ്വി ഷായും അജിന്‍ക്യാ രഹാനയും നല്‍കിയത്. 15 പന്തില്‍ നിന്നും രണ്ട് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 34 റണ്‍സ് നേടിയാണ് ഷാ മടങ്ങിയത്. രഹാനെ 54 പന്തില്‍ നിന്ന് നാല് സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടെ 95 റണ്‍സിനാണ് പുറത്തായത്. ഇരുവരെയും സി.വി. സ്റ്റീഫനാണ് പുറത്താക്കിയത്.

മാത്രമല്ല സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിനെ നാല് റണ്‍സിനും 34 റണ്‍സ് നേടിയ ശിവം ദുബെയും പുറത്താക്കിയത് സ്റ്റീഫനാണ്. നാല് വിക്കറ്റ് സ്വന്തമാക്കിയ സ്റ്റീഫന് പുറമേ കെ.വി. ശശികാന്ത് രണ്ടു വിക്കറ്റും നേടി. നാല് ഓവറില്‍ 59 റണ്‍സ് ആണ് താരം വിട്ടുകൊടുത്തത്. 3.3 ഓവറില്‍ 50 റണ്‍സ് കൊടുത്ത് മോശം പ്രകടനം നടത്തിയത് സത്യനാരായണ രാജു ആയിരുന്നു.

ആന്ധ്രയ്ക്ക് വേണ്ടി ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ മികച്ച സംഭാവനയാണ് നല്‍കിയത്. ഓപ്പണറും വിക്കറ്റ് കീപ്പറുമായ ശ്രീകാര്‍ ഭരത് 53 പന്തില്‍ നിന്ന് നാല് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടെ 93 റണ്‍സ് ആണ് അടിച്ചെടുത്തത്. 175.47 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം ബാറ്റ് വീശിയത്.

മറുഭാഗത്ത് അശ്വിന്‍ ഹെബ്ബാര്‍ 29 പന്തില്‍ നിന്നും രണ്ട് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടെ 52 റണ്‍സും നേടി. വണ്‍ ഡൗണ്‍ ബാറ്ററും ക്യാപ്റ്റനുമായ റിക്കി ഭൂയ് 31 പന്തില്‍ നിന്നും നാല് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടെ 68 റണ്‍സ് ആണ് അടിച്ചെടുത്തത്. 219.35 എന്ന സ്‌ട്രൈക്ക് റേറ്റില്‍ ആയിരുന്നു ക്യാപ്റ്റന്‍ ബാറ്റ് വീശിയത്.

മുംബൈയ്ക്ക് വേണ്ടി ശര്‍ദുല്‍ താക്കൂര്‍, മോഹിത് ആവസ്തി, ഷംസ് മുലാനി, തനുഷ് കോട്ടിയാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തിയിരുന്നു.

Content Highlight: Mumbai Won Against Andhra In Syed Mushtaq Ali Trophy