| Thursday, 8th June 2023, 6:05 pm

'അന്ന് തട്ടിക്കൊണ്ടുപോയത് മുസ്‌ലിം യുവാവല്ലേ'; മുംബൈ കൊലപാതകത്തില്‍ വിദ്വേഷ മറുപടിയുമായി ബി.ജെ.പി നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയില്‍ കുറ്റവാളികള്‍ക്കൊന്നും ഭയമില്ലാതെയായെന്ന് ആഭ്യന്തര മന്ത്രാലയത്തെ വിമര്‍ശിച്ച് എന്‍.സി.പി നേതാവ് സുപ്രിയ സുലെ. മുംബൈയില്‍ 36കാരിയെ പങ്കാളി കൊലപ്പെടുത്തി 20ഓളം കഷ്ണങ്ങളാക്കിയ കേസുമായി ബന്ധപ്പെട്ടായിരുന്നു സുപ്രിയയുടെ പ്രതികരണം.

ആഭ്യന്തര മന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ ടാഗ് ചെയ്തുകൊണ്ടായിരുന്നു എന്‍.സി.പി വനിതാ നേതാവിന്റെ വിമര്‍ശനം. സംസ്ഥാനത്ത് ക്രിമിനലുകള്‍ക്ക് നിയമത്തെ ഭയമില്ലാത്ത അവസ്ഥയാണെന്നും സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ഭയാനകമായ തോതില്‍ വര്‍ധിച്ചുവരികയാണെന്നും സുപ്രിയ സുലെ പറഞ്ഞു. ആഭ്യന്തര മന്ത്രി അദ്ദേഹത്തിന്റെ വകുപ്പ് കാര്യമായി ശ്രദ്ധിക്കേണ്ടതുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.

മുംബൈയിലെ മീരാ റോഡില്‍ താമസിക്കുന്നയാള്‍ തന്റെ പങ്കാളിയെ കൊലപ്പെടുത്തിയ സംഭവം ഭയാനകവും മനുഷ്യത്വരഹിതവും അതിരുകടന്നതുമാണ്. ലിവ് ഇന്‍ റിലേഷനിലായിരുന്ന പങ്കാളിയുടെ മൃതദേഹം കൊലപാതകത്തിന് ശേഷം കഷ്ണങ്ങളാക്കി കുക്കറില്‍ പാകം ചെയ്ത് മിക്‌സിയില്‍ പൊടിച്ച് മൃതദേഹം സംസ്‌കരിക്കാന്‍ ശ്രമിച്ചതും ആഭ്യന്തരമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.

പ്രതിയെ അതിവേഗ കോടതിയില്‍ വിചാരണ ചെയ്യാനും വധശിക്ഷ നല്‍കാനും അന്വേഷണ ഏജന്‍സികള്‍ ശ്രമിക്കണമെന്നും മുഖ്യമന്ത്രിയെ ടാഗ് ചെയ്തുകൊണ്ട് അവര്‍ ആവശ്യപ്പെട്ടു.

അതേസമയം, സുപ്രിയെ സുലെ നിറം മാറുന്നതില്‍ ഓന്തിനെ പോലും തോല്‍പ്പിച്ചിരിക്കുകയാണെന്ന് മഹാരാഷ്ട്രയിലെ ബി.ജെ.പി വനിതാ വിഭാഗം അധ്യക്ഷ ചിത്ര കിഷോര്‍ വാഗ് പറഞ്ഞു.

‘നിങ്ങളുടെ കണ്ണുകള്‍ എത്ര സൗകര്യപ്രദമായാണ് തുറന്നിരിക്കുന്നത്. നിങ്ങള്‍ക്ക് പ്രിയപ്പെട്ട മഹാവികാസ് അഘാഡി സര്‍ക്കാരിന്റെ കാലത്തല്ലേ പൂനെയിലെ മഞ്ചാറില്‍ നിന്നും പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ കാണാതായത്. രണ്ടര വര്‍ഷമായിട്ടും കാണാതായ ഒരു പെണ്‍കുട്ടിക്ക് വേണ്ടി നിങ്ങള്‍ ശബ്ദമുയര്‍ത്തിയിട്ടില്ല. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത് ഒരു മുസ്‌ലിം യുവാവാണ്.

ശ്രദ്ധ വാക്കര്‍ കേസ് കൃത്യസമയത്ത് ശ്രദ്ധിച്ചിരുന്നെങ്കില്‍ അവളെയും 35 കഷ്ണങ്ങളാക്കില്ലായിരുന്നു. ആലസ്യത്തിലായിരുന്ന നിങ്ങളുടെ ആഭ്യന്തര മന്ത്രി ശ്രദ്ധ വാക്കറുടെ മാതാപിതാക്കളുടെ വിളി കേള്‍ക്കാത്തത് ഖേദകരമല്ലേ.

മീരാ റോഡ് കേസില്‍ തീര്‍ച്ചയായും നടപടിയുണ്ടാകും. കുറ്റവാളികളെ കൊലപ്പെടുത്തില്ല, കാരണം ഇവിടെ ആഭ്യന്തര മന്ത്രാലയം നയിക്കുന്നത് സമര്‍ത്ഥനായ നേതാവ് ദേവേന്ദ്ര ഫഡ്നാവിസാണ്. അതിന് നിങ്ങള്‍ മുതലക്കണ്ണീര്‍ പൊഴിക്കേണ്ട കാര്യമില്ല,’ ബി.ജെ.പി വനിതാ നേതാവ് പറഞ്ഞു.

Content Highlights: mumbai woman butchered by live-in partner, BJP leader makes hateful comment

We use cookies to give you the best possible experience. Learn more