|

മുംബൈയില്‍ മധ്യവയസ്‌ക്കന്‍ പങ്കാളിയെ കൊന്ന് 20 കഷ്ണങ്ങളാക്കി കുക്കറിലിട്ട് വേവിച്ചു; വീണ്ടും ഞെട്ടിക്കുന്ന അരുംകൊല!

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: 36കാരിയായ ജീവിത പങ്കാളിയെ കൊലപ്പെടുത്തി മൃതദേഹം 20 കഷ്ണങ്ങളാക്കി കുക്കറിലിട്ട് വേവിച്ച് നായ്ക്കളെ കൊണ്ട് തീറ്റിച്ച സംഭവത്തില്‍ മധ്യവയസ്‌ക്കന്‍ പിടിയില്‍. മുംബൈയിലെ മിറാ റോഡ് ഏരിയയിലെ അപാര്‍ട്‌മെന്റില്‍ താമസിച്ചിരുന്ന മനോജ് ഷഹാനെയാണ് (56) പൊലീസിന്റെ കസ്റ്റഡിയിലുള്ളത്.

ഞെട്ടിക്കുന്ന കൊലപാതകത്തിലേക്ക് നയിച്ച കാരണം അന്വേഷിക്കുകയാണെന്ന് മുംബൈ പൊലീസ് അറിയിച്ചു. ഇരുവരും കഴിഞ്ഞ മൂന്ന് വര്‍ഷമായി ഗീതാ നഗറിലെ ആകാശ് ദീപ് ബില്‍ഡിങ്ങിന്റെ ഫ്‌ളാറ്റിലെ ഏഴാം നിലയില്‍ ലിവ് ഇന്‍ റിലേഷനില്‍ കഴിയുകയായിരുന്നു. ഇന്നലെ വൈകീട്ടോടെ ഫ്‌ളാറ്റില്‍ നിന്നും ദുര്‍ഗന്ധം ഉയര്‍ന്നതിനെ തുടര്‍ന്ന് അയല്‍വാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്.

പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ ഈ വീട്ടില്‍ നിന്ന് അഴുകിയ നിലയിലുള്ള ഒരു സ്ത്രീയുടെ മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തുകയായിരുന്നു. മനോജ് പങ്കാളിയായ സരസ്വതി വൈദ്യയെ കൊലപ്പെടുത്തിയ ശേഷം മരം മുറിക്കുന്ന കട്ടര്‍ ഉപയോഗിച്ചാണ് മൃതദേഹം ഇരുപതിലേറെ കഷ്ണങ്ങളായി വെട്ടിമുറിച്ചതെന്ന് പൊലീസ് പറഞ്ഞു.

തുടര്‍ന്ന് ശരീരഭാഗങ്ങള്‍ കുക്കറില്‍ ഇട്ട് വേവിച്ച ശേഷം വലിച്ചെറിയാന്‍ പാകത്തില്‍ പ്ലാസ്റ്റിക് ബാഗിലാക്കി വെച്ചിരുന്നു. വീട്ടില്‍ നിന്ന് 12ഓളം കഷ്ണങ്ങളാക്കിയ ശരീരഭാഗവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. കഷ്ണങ്ങളാക്കിയ ശരീരഭാഗങ്ങള്‍ കുക്കറില്‍ വേവിച്ച ശേഷം നായ്ക്കള്‍ക്ക് തിന്നാന്‍ കൊടുത്തിട്ടുണ്ടെന്നും മുംബൈ പൊലീസിനെ ഉദ്ധരിച്ച് ദി ഫ്രീ പ്രസ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് മനോജ് സാഹ്നി സരസ്വതിയെ കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് സംശയിക്കുന്നതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ജയന്ത് ബാജിബാലെ അറിയിച്ചു. കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ച് വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും ഡി.സി.പി പറഞ്ഞു.

Content Highlights: mumbai woman butchered by live-in partner and her body parts was half cooked