| Friday, 7th February 2020, 11:02 am

പൗരത്വ ഭേദഗതി പ്രതിഷേധത്തെക്കുറിച്ച് ഫോണില്‍ സംസാരിച്ചതിന് യാത്രക്കാരനെ ഊബര്‍ ഡ്രൈവര്‍ പൊലീസിലേല്‍പ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: പൗരത്വ ഭേദഗതി പ്രതിഷേധത്തെക്കുറിച്ച് ഫോണില്‍ സംസാരിച്ചതിന് യാത്രക്കാരനെ ഊബര്‍ കാര്‍ ഡ്രൈവര്‍ പൊലീസിലേല്‍പ്പിച്ചു. ബുധനാഴ്ച രാത്രി മുംബൈയിലാണ് സംഭവം നടന്നത്. കവിയും ആക്ടിവിസ്റ്റുമായ ബപ്പാദിത്യ സര്‍ക്കാറിനാണ് ദുരനുഭവം ഉണ്ടായത്.

10.30 യോടെ ജുഹുവില്‍ നിന്ന് കുര്‍ളയിലേക്ക് ഊബര്‍ കാര്‍ വിളിച്ച സര്‍ക്കാര്‍ യാത്രക്കിടെ ദല്‍ഹിയിലെ ഷാഹീന്‍ ബാഗിലെ പ്രതിഷേധത്തെക്കുറിച്ച് ഫോണില്‍ സംസാരിക്കുകയായിരുന്നു. ഫോണ്‍ സംഭാഷണം ശ്രദ്ധിച്ച കാര്‍ ഡ്രൈവര്‍ തനിക്ക് എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിക്കണമെന്ന് പറഞ്ഞ് വണ്ടി നിര്‍ത്തി പുറത്തിറങ്ങി പൊലീസുമായി തിരിച്ചു വരുകയായിരുന്നെന്ന് സര്‍ക്കാര്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തന്റെ കയ്യിലുണ്ടായിരുന്ന സംഗീതഉപകരണം എന്തിന് കയ്യില്‍വെച്ചെന്ന് പൊലീസ് ചോദിച്ചതായും സര്‍ക്കാര്‍ പറഞ്ഞു. താന്‍ ജയ്പൂരില്‍ നിന്ന് വന്നതാണെന്നും പൗരത്വഭേദഗതിക്കെതിരെ നടന്ന ‘മുംബൈ ബാഗില്‍’ പങ്കെടുത്തിരുന്നെന്നും പറഞ്ഞു. ഊബര്‍ ഡ്രൈവര്‍ തന്നെ അറസ്റ്റ് ചെയ്യാന്‍ പൊലീസിനോട് നിരന്തരം ആവശ്യപ്പെട്ടതായും സര്‍ക്കാര്‍ പറഞ്ഞു.

” ഞാന്‍ കമ്മ്യൂണിസ്റ്റാണെന്നും രാജ്യത്തെ കത്തിക്കുന്നതിനെക്കുറിച്ചും മുംബൈയില്‍ ഒരു ഷഹീന്‍ബാഗ് സൃഷ്ടിക്കുന്നതിനെക്കുറിച്ചുമാണ് ഞാന്‍ സംസാരിക്കുന്നുണ്ടായിരുന്നതെന്നും ഡ്രൈവര്‍ പൊലീസിനോട് പറഞ്ഞു”, സര്‍ക്കാര്‍ സംഭവത്തെക്കുറിച്ച് പറഞ്ഞു.

തന്റെ പ്രത്യയശാസ്ത്രത്തെക്കുറിച്ചും ആരുടെയൊക്ക പുസ്തകങ്ങളാണ് വായിച്ചിട്ടുള്ളതെന്നും പൊലീസ് ചോദിച്ചതായും അദ്ദേഹം പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more