മുംബൈ: ഷീനബോറ വധക്കേസില്‍ സുപ്രധാന തെളിവുകള്‍ കണ്ടെത്തിയതിന് പിന്നാലെ മുംബൈ പോലീസ് കമ്മീഷണര്‍ രാകേഷ് മാരിയയെ തല്‍സ്ഥാനത്ത് നിന്നും മാറ്റി. മഹാരാഷ്ട്ര ഹോം ഗാര്‍ഡ്‌സിന്റെ ഡയറക്ടര്‍ ജനറലായി സ്ഥാനക്കയറ്റം നല്‍കിയാണ് രാകേഷ് മാരിയയെ മഹാരാഷ്ട്ര സര്‍ക്കാര്‍ പദവിയില്‍ നിന്നും മാറ്റിയത്. പകരം അഹമദ് ജാവേദിനെയാണ് കമ്മീഷണറാക്കിയത്.
മുംബൈയില്‍ കണ്ടെത്തിയ മൃതദേഹം ഷീന ബോറയുടേതാണെന്ന് ഡി.എന്‍.എ ഫലത്തിന്റെ അടിസ്ഥാനത്തില്‍ രാകേഷ് മാരിയ സ്ഥിരീകരിച്ചിരുന്നു. കേസില്‍ ഇന്ദ്രാനി മുഖര്‍ജിയെ അറസ്റ്റ് ചെയ്തതും സഞ്ജയ് ഖന്ന, പീറ്റര്‍ മുഖര്‍ജി, രാഹുല്‍ മുഖര്‍ജി, ഇന്ദ്രാനിയുടെ ഡ്രൈവര്‍ എന്നിവരെയെല്ലാം ചോദ്യം ചെയ്തതും രാകേഷ് മാരിയ ആയിരുന്നു.
കേസില്‍ രാകേഷ് മാരിയ അമിതോത്സാഹം കാണിച്ചതില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഫോറന്‍സിക് പരിശോധനയ്ക്ക് മുമ്പ് തന്നെ വനത്തില്‍ നിന്നും ലഭിച്ച തലയോട്ടി ഷീനയുടേതെന്ന് പറയുകയും അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറുകയും ചെയ്തതാണ് സര്‍ക്കാരിനെ ചൊടിപ്പിച്ചിരുന്നത്. പോലീസ് ഒരു കേസില്‍ മാത്രം ശ്രദ്ധ ചെലുത്തിയാല്‍ പോരെന്നായിരുന്നു മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് പ്രതികരിച്ചിരുന്നത്.