രഞ്ജി ട്രോഫിയുടെ സെമി ഫൈനല്‍ മത്സരങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യ സെമിയില്‍ വിദര്‍ഭ മധ്യപ്രദേശിനെ നേരിടുമ്പോള്‍ രണ്ടാം സെമിയില്‍ കരുത്തരായ മുംബൈയും തമിഴ്‌നാടുമാണ് നേര്‍ക്കുനേര്‍ വരുന്നത്.
മുംബൈ – തമിഴ്‌നാട് പോരാട്ടത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ ഓള്‍ റൗണ്ടര്‍ ഷര്‍ദുല്‍ താക്കൂറിന്റെ പ്രകടനമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയടക്കമുള്ള ടോപ് ഓര്‍ഡറും മിഡില്‍ ഓര്‍ഡറും തകര്‍ന്നപ്പോള്‍ ലോവര്‍ ഓര്‍ഡറിലെ ചെറുത്തുനില്‍പിലൂടെ ടീമിനെ കരകയറ്റിയാണ് ഷര്‍ദുല്‍ താക്കൂറും തനുഷ് കോട്ടിയനും കയ്യടി നേടുന്നത്.
ഒമ്പതാം നമ്പറില്‍ ക്രീസിലെത്തി സെഞ്ച്വറി നേടിയാണ് താക്കൂര്‍ തിളങ്ങിയത്. നേരിട്ട 89ാം പന്തിലാണ് താക്കൂര്‍ തന്റെ ഫസ്റ്റ് ക്ലാസ് കരിയറിലെ ആദ്യ സെഞ്ച്വറി നേട്ടം പൂര്‍ത്തിയാക്കിയത്. വ്യക്തിഗത സ്‌കോര്‍ 95ല്‍ നിലര്‍ക്കവെ സിക്‌സര്‍ നേടിക്കൊണ്ടാണ് താക്കൂര്‍ സെഞ്ച്വറി നേടിയത്.
ഈ സെഞ്ച്വറി നേട്ടത്തിന് പിന്നാലെയുള്ള താരത്തിന്റെ സെലിബ്രേഷനും വൈറലായിരുന്നു.
ഒടുവില്‍ 105 പന്തില്‍ 109 എന്ന നിലയില്‍ നില്‍ക്കവെ താക്കൂര്‍ തിരികെ നടത്തുകയായിരുന്നു. 13 ഫോറും നാല് സിക്‌സറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
ഓപ്പണര്‍ പൃഥ്വി ഷായെ ഒറ്റയക്കത്തിന് നഷ്ടമായാണ് മുംബൈ ആദ്യ ഇന്നിങ്‌സ് ആരംഭിച്ചത്. സ്‌കോര്‍ ബോര്‍ഡില്‍ 50 റണ്‍സ് കൂട്ടിച്ചേര്‍ക്കും മുമ്പ് തന്നെ മുംബൈക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു.
മൂന്നാം നമ്പറിലിറങ്ങിയ മുഷീര്‍ ഖാന്റെ അര്‍ധ സെഞ്ച്വറി കരുത്തില്‍ സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ച മുംബൈയെ വീണ്ടും തമിഴ്നാട് ബൗളര്‍മാര്‍ ഞെട്ടിച്ചു. ക്യാപ്റ്റന്‍ രവിശ്രീനിവാസന്‍ സായ് കിഷോര്‍ തകര്‍ത്തെറിഞ്ഞപ്പോള്‍ മുംബൈ പരുങ്ങി. ആറ് വിക്കറ്റുമായാണ് സായ് കിഷോര്‍ തിളങ്ങിയത്.
91ന് മൂന്ന് എന്ന നിലയില്‍ നിന്നും 106ന് ഏഴ് എന്ന നിലയിലേക്ക് മുംബൈയുടെ പതനം വളരെ വേഗത്തിലായിരുന്നു. എന്നാല്‍ ഷര്‍ദുല്‍ ഒരിക്കല്‍ക്കൂടി ലോര്‍ഡ് താക്കൂറായപ്പോള്‍ സെമിയില്‍ മുംബൈയുടെ ശ്വാസം നേരെ വീണു.
സ്‌കോര്‍ (രണ്ടാം ദിവസം അവസാനിക്കുമ്പോള്‍)
തമിഴ്‌നാട് – 146 (64.1)
മുംബൈ – 353/9 (100)
മുംബൈ 207 റണ്‍സിന് ലീഡ് ചെയ്യുന്നു.
നേരത്തെ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിലും ടീമിന്റെ ലോവര്‍ ഓര്‍ഡറിന്റെ പവര്‍ ആരാധകര്‍ കണ്ടതാണ്. ഇപ്പോള്‍ 109 പന്തില്‍ പുറത്താകാതെ 74 റണ്‍സ് നേടിയ തനുഷ് കോട്ടിയനും അവസാനക്കാരന്‍ തുഷാര്‍ ദേശ്പാണ്ഡേയും ക്വാര്‍ട്ടറില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു. ബറോഡക്കെതിരെയയാിരുന്നു ലോവര്‍ ഓര്‍ഡറില്‍ ഇരുവരുടെയും അഴിഞ്ഞാട്ടം.
പതിവുപോലെ രഹാനെയടക്കമുള്ള വമ്പന്‍ പേരുകാര്‍ നിരാശപ്പെടുത്തിയപ്പോള്‍ വാലറ്റക്കാര്‍ എതിരാളികള്‍ക്കെതിരെ പ്രതിരോധം തീര്‍ത്തു. പതിനൊന്നാം നമ്പറില്‍ ലകളത്തിലിറങ്ങിയ ദേശ്പാണ്ഡേ 129 പന്തില്‍ 123 റണ്‍സ് നേടിയപ്പോള്‍ 129 പന്തില്‍ പുറത്താകാതെ 120 റണ്‍സാണ് പത്താമന്‍ കോട്ടിയന്‍ നേടിയത്.
ഇരുവരുടെയും ബാറ്റിങ് കരുത്തില്‍ മുംബൈ 569 റണ്‍സ് നേടുകയും 606 റണ്‍സിന്റെ ടോട്ടല്‍ എതിരാളികള്‍ക്ക് മുമ്പില്‍ വെക്കുകയുമായിരുന്നു. ഒടുവില്‍ മത്സരം സമനിലയില്‍ അവസാനിപ്പിച്ചാണ് മുംബൈ സെമിക്ക് യോഗ്യത നേടിയത്.
Content highlight: Mumbai tail-enders’ brilliant batting performance in Ranji Trophy