റെസ്റ്റ് ഓഫ് ഇന്ത്യയെ പരാജയപ്പെടുത്തി മുംബൈ ഇറാനി കപ്പ് സ്വന്തമാക്കിയിരിക്കുകയാണ്. 27 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചാണ് മുംബൈ ഇറാനി കപ്പില്‍ മുത്തമിട്ടത്.
ലഖ്‌നൗവിലെ എകാന സ്‌പോര്‍ട്‌സ് സിറ്റിയില്‍ നടന്ന മത്സരത്തില്‍ നടന്ന മത്സരം സമനിലയിലായതോടെ ആദ്യ ഇന്നിങ്‌സ് ലീഡിന്റെ അടിസ്ഥാനത്തില്‍ മുംബൈയെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.
സ്‌കോര്‍
മുംബൈ: 537 & 329/d
റെസ്റ്റ് ഓഫ് ഇന്ത്യ: 416
മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സില്‍ സര്‍ഫറാസ് ഖാന്റെ ഇരട്ട സെഞ്ച്വറി കരുത്തില്‍ സ്‌കോര്‍ ഉയര്‍ത്തിയ മുംബൈ രണ്ടാം ഇന്നിങ്‌സില്‍ തനുഷ് കോട്ടിയന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് മികച്ച സ്‌കോറിലേക്ക് നടന്നുകയറിയത്.
ആദ്യ ഇന്നിങ്‌സില്‍ സര്‍ഫറാസ് പുറത്താകാതെ 222 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ കോട്ടിയന്‍ പുറത്താകാതെ 114 റണ്‍സും സ്വന്തമാക്കി. റെസ്റ്റ് ഓഫ് ഇന്ത്യ നിരിയില്‍ 191 റണ്‍സ് നേടിയ അഭിമന്യു ഈശ്വരനും 93 റണ്‍സടിച്ച ധ്രുവ് ജുറെലുമാണ് തിളങ്ങിയത്.
തങ്ങളുടെ ചരിത്രത്തിലെ 15ാം ഇറാനി കപ്പാണ് മുംബൈ സ്വന്തമാക്കിയത്. ഇതോടെ ആഭ്യന്തര തലത്തില്‍ തങ്ങളുടെ കിരീട നേട്ടം 62 ആയി ഉയര്‍ത്താനും മുംബൈക്കായി.
രഞ്ജി ട്രോഫിയിലാണ് മുംബൈ (ബോംബെ) ഏറ്റവുമധികം കിരീടം നേടിയത്. 42 തവണ. ആറ് തവണ ഫൈനലിലും പ്രവേശിച്ചു. ആകെ നടന്ന 89 സീസണില്‍ 48 തവണ ഫൈനല്‍ കളിക്കുകയും 42 തവണ കിരീടം സ്വന്തമാക്കുകയും ചെയ്തു എന്നറിയുമ്പോഴാണ് ഡൊമസ്റ്റിക്കില്‍ മുംബൈ എത്രത്തോളം ശക്തരാണ് എന്ന വ്യക്തമാകുന്നത്.
കിരീടനേട്ടത്തില്‍ രണ്ടാം സ്ഥാനക്കാരായ കര്‍ണാടക (മൈസൂര്‍) വെറും എട്ട് തവണയാണ് രഞ്ജിയില്‍ മുത്തമിട്ടത് എന്നതും ഇതോടൊപ്പം ചേര്‍ത്തുവായിക്കണം.
30 തവണ ഫൈനല്‍ കളിച്ച് 15 തവണയാണ് മുംബൈ ഇറാനി കപ്പില്‍ മുത്തമിട്ടത്. 14 തവണ പരാജയപ്പെട്ടപ്പോള്‍ ഒരിക്കല്‍ മത്സരം ഫലമില്ലാതെയും അവസാനിച്ചു. 30 തവണയാണ് റെസ്റ്റ് ഓഫ് ഇന്ത്യ കപ്പുയര്‍ത്തിയത്.
ഇതിന് പുറമെ വിജയ് ഹസാരെ ട്രോഫി നാല് തവണയും സയ്യദ് മുഷ്താഖ് അലി ട്രോഫി ഒരിക്കലും മുംബൈ തങ്ങളുടെ ഷെല്‍ഫിലെത്തിച്ചു.
ആഭ്യന്തര തലത്തില്‍ മുംബൈയെ പോലെ മികച്ച പ്രകടനങ്ങള്‍ നടത്തിയ ടീമുകള്‍ വളരെ കുറവാണ്. എന്നാല്‍ അവര്‍ക്ക് മുംബൈക്കൊപ്പമെത്താന്‍ ഏറെ കാതം ഓടുക തന്നെ വേണം.
Content highlight: Mumbai’s ultimate domination in domestic cricket