| Monday, 12th March 2018, 9:53 am

'അന്നം തരുന്നവര്‍ക്ക് കരുത്തായി നഗരവാസികള്‍'; ലോംഗ് മാര്‍ച്ചിനു പിന്തുണയുമായി ഉറങ്ങാതെ മുംബൈ നഗരം; ചിത്രങ്ങള്‍ കാണാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: അഖിലേന്ത്യ കിസാന്‍സഭയുടെ നേതൃത്വത്തില്‍ നാസിക്കില്‍ നിന്നാരംഭിച്ച ലോംഗ് മാര്‍ച്ച് 200 കിലോമീറ്ററുകള്‍ താണ്ടി മുംബൈ നഗരത്തിലെത്തിയപ്പോള്‍ കര്‍ഷകര്‍ക്ക് പിന്തുണയുമായി നഗരവാസികള്‍. ഇന്നലെ വൈകീട്ടോടെ മുംബൈ നഗരത്തില്‍ പ്രവേശിച്ച മാര്‍ച്ചിനെ നഗരവാസികള്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. നഗരത്തിലേക്ക് പ്രവേശിച്ച ലോങ്മാര്‍ച്ചിനെ പാതക്കിരുവശവും നിന്ന് അഭിവാദ്യം ചെയ്താണ് മുംബൈ നിവാസികള്‍ സ്വീകരിച്ചത്.

രാത്രിയേറെ വൈകിയും പാതയോരത്ത് കര്‍ഷകര്‍ക്ക് ഭക്ഷണ സാധനങ്ങളുമായി കാത്തിരുന്ന നഗരവാസികളുടെ ചിത്രം മുംബൈ ജനത സമരത്തെ എങ്ങിനെ സ്വീകരിച്ചു എന്നതിന്റെ നേര്‍സാക്ഷ്യമായിരുന്നു. നഗരത്തിലെ റെസിഡന്‍സ് അസോസിയേഷനുകള്‍ ഈസ്റ്റേണ്‍ എക്സ്പ്രസ് ഹൈവേയുടെ ഇരുവശങ്ങളിലും നിന്ന് മാര്‍ച്ചില്‍ അണിനിരന്ന കര്‍ഷകര്‍ക്ക് ദാഹജലവും ബിസ്‌ക്കറ്റും മറ്റു ലഘുഭക്ഷണവും വിതരണം ചെയ്തു.

മുംബൈ അതിര്‍ത്തിയായ മുളുണ്ടില്‍ വെച്ചാണ് മഹാനഗരം ലോങ്മാര്‍ച്ചിനെ വരവേറ്റത്. വിക്രോളിയിലും ആവേശകരമായ സ്വീകരണമാണ് കര്‍ഷകര്‍ക്ക് ലഭിച്ചത്. വിവിധ ദളിത് സംഘടനകളും മാര്‍ച്ചിനെ ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തിയിരുന്നു. ശിവസേന ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളും കര്‍ഷകരുടെ മഹാറാലിയ്ക്ക് പൂര്‍ണ്ണ പിന്തുണയുമായി രംഗത്തെത്തി.

വന്‍ ജനപിന്തുണയാണ് ലോങ്മാര്‍ച്ചിന് വഴിയിലുടനീളം ലഭിച്ചത്. പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്ന കര്‍ഷകര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കാന്‍ ദളിത്, മുസ്‌ലിം, സിഖ് സംഘടനകളും രംഗത്തെത്തി.

ഗുരുദ്വാരകളില്‍നിന്നും മുസ്‌ലിം പള്ളികളില്‍നിന്നും ഭക്ഷണവും വെള്ളവും വിതരണം ചെയ്തു. മുംബൈയിലെ നൂറുകണക്കിന് മലയാളികളും ഐ.ഐടി, ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലെ വിദ്യാര്‍ഥികളും അധ്യാപകരും സമരത്തില്‍ പങ്കുചേര്‍ന്നു.

മുലുന്‍ഡിലെ മേല്‍പ്പാലത്തില്‍ നിന്ന് പുഷ്പവൃഷ്ടി നടത്തിയാണ് മാര്‍ച്ചിനെ ജനങ്ങള്‍ സ്വീകരിച്ചത്. മാര്‍ച്ച് കടന്നു വന്ന വിക്രോളിയില്‍ സിഖ് വംശജര്‍ ഭക്ഷണമൊരുക്കിയാണ് കര്‍ഷകരോടുള്ള ഐകദാര്‍ഢ്യം പ്രഖ്യാപിച്ചത്.

പലര്‍ച്ചെ രണ്ടു മണിക്കും നാലു മണിക്കും ഭക്ഷണ സ്റ്റാളുകളുമായാണ് നഗരവാസികള്‍ കര്‍ഷകരെ വരവേറ്റത്. അഞ്ച് ദിവസം കൊണ്ട് 200 കിലോ മീറ്റര്‍ കാല്‍നടയായി പിന്നിട്ടാണ് കര്‍ഷകര്‍ നഗരത്തില്‍ മുംബൈ നഗരത്തില്‍ പ്രവേശിച്ചത്. അനുവാദമില്ലാതെ കര്‍ഷകരുടെ ഭൂമി പിടിച്ചെടുക്കുന്നതില്‍ നിന്ന് പിന്മാറുക, അര്‍ഹമായ നഷ്ടപരിഹാരത്തുക നല്‍കുക, വിളകള്‍ക്ക് കൃത്യമായ താങ്ങുവില നല്‍കുക, എം എസ് സ്വാമിനാഥന്‍ കമീഷന്‍ കര്‍ഷകര്‍ക്കായി നിര്‍ദേശിച്ച ശുപാര്‍ശകള്‍ നടപ്പാക്കുക, ബിജെപി സര്‍ക്കാരിന്റെ കര്‍ഷകവഞ്ചന അവസാനിപ്പിക്കുക, വനാവകാശനിയമം നടപ്പാക്കുക, നദീസംയോജനപദ്ധതി നടപ്പാക്കി കര്‍ഷകരെ ആത്മഹത്യയിലേക്ക് നയിക്കുന്ന വരള്‍ച്ചയ്ക്ക് അറുതി വരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രക്ഷോഭം.

2017ല്‍ അഖിലേന്ത്യ കിസാന്‍ സഭയടക്കം വിവിധ സംഘടനകള്‍ നടത്തിയ സമരത്തിനൊടുവില്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗം അംഗീകരിച്ച ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ ലംഘിച്ചതാണ് കര്‍ഷകരെ പ്രക്ഷോഭത്തിലേക്ക് നയിച്ചത്. 2017 ജൂണിനു ശേഷം ഇതുവരെ 1700ലേറെ കര്‍ഷകരാണ് വിദര്‍ഭ മേഖലയിലും നാസിക്കിലുമായി ആത്മഹത്യ ചെയ്തത്.

We use cookies to give you the best possible experience. Learn more