രഞ്ജി ട്രോഫിക്കുള്ള മുംബൈ ടീമിനെ പ്രഖ്യാപിച്ചു. അജിന്‍ക്യ രഹാനെയെ നായകനാക്കി 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
പൃഥ്വി ഷാ, സൂര്യകുമാകര്‍ യാദവ്, യശസ്വി ജെയ്‌സ്വാള്‍ എന്നിവരെ പുറത്തിരുത്തിയാണ് ടീം പ്രഖ്യാപിച്ചിരിക്കുന്നത്. അഫ്ഗാനിസ്ഥാന്റെ ഇന്ത്യന്‍ പര്യടനം കാരണമാണ് സൂര്യയും ജെയ്‌സ്വാളും ടീമിന്റെ ഭാഗമാകാതിരുന്നത്. എന്നാല്‍ പൃഥ്വി ഷാ ടീമിന്റെ ഭാഗമല്ലാതിരുന്നത് ആരാധകരെ ഞെട്ടിച്ചിരുന്നു.
രഹാനെക്ക് പുറമെ കഴിവ് തെളിയിച്ച പല താരങ്ങളും മുംബൈ ടീമിന്റെ ഭാഗമാണ്. സൂപ്പര്‍ താരം സര്‍ഫറാസ് ഖാനാണ് ഇതില്‍ പ്രധാനി. ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിന് മുമ്പായി നടന്ന ഇന്‍ട്രാ സ്‌ക്വാഡ് മാച്ചില്‍ തകര്‍പ്പന്‍ പ്രകടനമാണ് സര്‍ഫറാസ് ഖാന്‍ പുറത്തെടുത്തത്. കേവലം 61 പന്തില്‍ താരം സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു.
ശിവം ദുബെ, തുഷാര്‍ ദേശ്പാണ്ഡേ, ധവാല്‍ കുല്‍ക്കര്‍ണി, ഷാംസ് മുലാനി തുടങ്ങിയ വമ്പന്‍ പേരുകാരും മുംബൈയുടെ ഭാഗമാണ്.
കേരളം ഉള്‍പ്പെടുന്ന എലീറ്റ് ഗ്രൂപ്പ് ബിയിലാണ് മുംബൈയുടെ സ്ഥാനം. ബംഗാള്‍, ആന്ധ്ര പ്രദേശ്, ഛത്തീസ്ഗഡ്, ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.
കഴിഞ്ഞ തവണയും എലീറ്റ് ഗ്രൂപ്പ് ബി-യിലായിരുന്നു മുംബൈയുടെ സ്ഥാനം. ഏഴ് മത്സരത്തില്‍ നിന്നും മൂന്ന് ജയവും രണ്ട് തോല്‍വിയുമാണ് മുംബൈക്കുണ്ടായിരുന്നത്.
ഈ സീസണില്‍ ബീഹാറിനെതിരെയാണ് മുംബൈയുടെ ആദ്യ മത്സരം. ജനുവരി അഞ്ചിന് നടക്കുന്ന മത്സരത്തിന് മോയിന്‍ ഉള്‍ ഹഖ് സ്‌റ്റേഡിയമാണ് വേദിയാകുന്നത്.
ശേഷം ജനുവരി 12ന് വാംഖഡെയില്‍ നടക്കുന്ന മത്സരത്തില്‍ മുംബൈ ആന്ധ്ര പ്രദേശിനെയും നേരിടും.
രഞ്ജി ട്രോഫിക്കുള്ള മുംബൈ സ്‌ക്വാഡ്
അജിന്‍ക്യ രഹാനെ (ക്യാപ്റ്റന്‍), ജയ് ബിസ്ത, ഭൂപന്‍ ലാല്‍വാനി, ഹര്‍ദിക് താമോര്‍, സര്‍ഫറാസ് ഖാന്‍, ശിവം ദുബെ, സുവേദ് പാര്‍കര്‍, പ്രസാദ് പവാര്‍, ഷാംസ് മുലാനി, തനുഷ് കൊട്ടിയന്‍, തുഷാര്‍ ദേശ്പാണ്ഡെ, മോഹിത് അവസ്തി, ധവാല്‍ കുല്‍ക്കര്‍ണി, റോയ്സ്റ്റണ്‍ ഡയസ്, അഥര്‍വ അങ്കോളേക്കര്‍.
Content Highlight: Mumbai Ranji Trophy squad announced