| Monday, 4th March 2024, 5:19 pm

രഞ്ജി ട്രോഫിയില്‍ ചരിത്രമെഴുതാന്‍ മുംബൈ; 48ാം തവണയും ഫൈനലില്‍

സ്പോര്‍ട്സ് ഡെസ്‌ക്

രഞ്ജി ട്രോഫി സെമിഫൈനലില്‍ തമിഴ്‌നാടിനെ ഇന്നിങ്‌സിനും 70 റണ്‍സിനും പരാജയപ്പെടുത്തി 48ാം തവണയും മുംബൈ ഫൈനലില്‍ എത്തിയിരിക്കുകയാണ്. മാര്‍ച്ച് രണ്ടിന് തുടങ്ങിയ മത്സരത്തിലെ ആദ്യത്തെ ഇന്നിങ്‌സില്‍ തമിഴ്‌നാട് 146 റണ്‍സിന് ഓള്‍ഔട്ട് ആയപ്പോള്‍ തുടര്‍ ബാറ്റിങ്ങില്‍ 378 റണ്‍സാണ് മുംബൈ സ്വന്തമാക്കിയത്. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ തമിഴ്‌നാടിന് 162 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ഇതോടെ 70 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് സെമി ഫൈനലില്‍ മുംബൈ സ്വന്തമാക്കിയത്.

തമിഴ്‌നാടിന് വേണ്ടി ആദ്യ ഇന്നിങ്‌സില്‍ വിജയ് ശങ്കര്‍ 109 പന്തില്‍ നിന്ന് 44 റണ്‍സും വാഷിങ്ടണ്‍ സുന്ദര്‍ 138 പന്തില്‍ 43 റണ്‍സ് നേടി. തുടര്‍ ബാറ്റിങ്ങില്‍ ശര്‍ദുല്‍ താക്കൂര്‍ 15 പന്തില്‍ നിന്ന് 109 റണ്‍സ് ആണ് സ്വന്തമാക്കിയത്. ധനുഷ് കോട്ടിയാല്‍ 126 പന്തില്‍ നിന്ന് 89 റണ്‍സും നേടി. രണ്ടാം ഇന്നിങ്‌സില്‍ തമിഴ്‌നാടിനുവേണ്ടി ബാബ ഇന്ദ്രജിത്ത് 105 പന്തില്‍ നിന്ന് 70 റണ്‍സും പ്രദോഷ് രഞ്ജന്‍ പോള്‍ 54 പന്തില്‍ നിന്ന് 25 റണ്‍സും നേടി സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചു. എന്നാലും മുംബൈ പടുത്തുയര്‍ത്തിയ കൂറ്റന്‍ സ്‌കോറില്‍ എത്താന്‍ സാധിക്കാതെ തമിഴ്‌നാട് പരാജയപ്പെടുകയായിരുന്നു.

ഒന്നാം ഇന്നിങ്‌സില്‍ രവി ശ്രീനിവാസന്‍ സായി കിഷോര്‍ മുംബൈയ്‌ക്കെതിരെ ആറ് വിക്കറ്റുകളാണ് സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്‌സില്‍ തമിഴ്‌നാടിനെ തകര്‍ത്തത് ഷാംസ് മുലാനിയുടെ നാലു വിക്കറ്റുകളും ശര്‍ദുല്‍ താക്കൂറിന്റെ രണ്ട് വിക്കറ്റുകളും ആണ്. മത്സരത്തില്‍ പ്ലെയര്‍ ഓഫ് ദി മാച്ചും ശര്‍ദുല്‍ താക്കൂര്‍ ആയിരുന്നു.

രഞ്ജി ട്രോഫിയില്‍ വമ്പന്‍ ആധിപത്യമാണ് മുംബൈ കാലങ്ങളോളം തുടരുന്നത്. ഇത് 48ാം തവണയാണ് മുംബൈ രഞ്ജി ഫൈനലില്‍ എത്തുന്നത്. 41 തവണയാണ് രഞ്ജി ട്രോഫി മുംബൈ കിരീടം സ്വന്തമാക്കിയത്. അതില്‍ 34 തവണ നേരിട്ടും ഏഴ് തവണ ഒന്നാം ഇന്നിങ്‌സില്‍ വലിയ ലീഡ് സ്വന്തമാക്കിയതോടെയുമാണ്.

നിലവില്‍ രണ്ടാം സെമി ഫൈനലില്‍ വിദര്‍ഭയും മധ്യപ്രദേശും ഏറ്റുമുട്ടിക്കൊണ്ടിരിക്കുകയാണ്. ആദ്യ ഇന്നിങ്‌സില്‍ വിദര്‍ഭ 170 റണ്‍സ് നേടിയപ്പോള്‍ മധ്യപ്രദേശ് 252 റണ്‍സ് നേടി. രണ്ടാം ഇന്നിങ്‌സില്‍ കളി തുടരുമ്പോള്‍ 339 റണ്‍സിന് 6 വിക്കറ്റ് നഷ്ടത്തിലാണ് വിദര്‍ഭ.

Content Highlight: MUMBAI QUALIFIED INTO RANJI TROPHY FINAL FOR THE 48th TIME

We use cookies to give you the best possible experience. Learn more