രഞ്ജി ട്രോഫിയില്‍ ചരിത്രം തിരുത്തിക്കുറിച്ച് പടുകൂറ്റന്‍ ജയം സ്വന്തമാക്കി മുംബൈ. രഞ്ജി ട്രോഫിയില്‍ ഉത്തരാഖണ്ഡിനെതിരായ പോരാട്ടത്തില്‍ 725 റണ്‍സിന്റെ പടുകൂറ്റന്‍ വിജയം സ്വന്തമാക്കിയാണ് മുംബൈയുടെ ചരിത്രത്തിലേക്ക് നടന്നുകയറിയത്.
ഉത്തരാഖണ്ഡിനെ തോല്‍പിച്ചതോടെ മുംബൈ രഞ്ജിയുടെ സെമി ഫൈനലിലേക്കും മാര്‍ച്ച് ചെയ്തു.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ റണ്‍സിന്റെ അടിസ്ഥാനത്തില്‍ ഒരു ടീം നേടുന്ന ഏറ്റവും വലിയ വിജയമെന്ന നേട്ടമാണ് മുംബൈ സ്വന്തമാക്കിയത്. 92 വര്‍ഷം പഴക്കമുള്ള ഓസ്‌ട്രേലിയന്‍ ടീമിന്റെ റെക്കോഡ് തിരുത്തിക്കുറിച്ചാണ് മുംബൈ അവിടെ തങ്ങളുടെ പേരെഴുതി ചേര്‍ത്തിരിക്കുന്നത്.
1930ല്‍ ഓസ്‌ട്രേലിയന്‍ ടീം ന്യൂ സൗത്ത് വെയ്ല്‍സിന്റെ 685 റണ്‍സിന്റെ വിജയമായിരുന്നു ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ വിജയം. ക്വീന്‍സ് ലാന്‍ഡിനെ തോല്‍പിച്ചായിരുന്നു ന്യൂ സൗത്ത് വെയ്ല്‍സ് റെക്കോഡ് നേട്ടം സ്വന്തമാക്കിയത്.
മുംബൈ – ഉത്തരാഖണ്ഡ് ക്വോര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ സമഗ്രാധിപത്യം പുലര്‍ത്തിയായിരുന്നു മുംബൈ വിജയത്തിലേക്കും സെമി ഫൈനലിലേക്കും നടന്നുകയറിയത്.
മത്സരത്തിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 647 റണ്‍സായിരുന്നു മുംബൈ നേടിയത്. എന്നാല്‍ കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഉത്തരാഖണ്ഡിന് കാലിടറുകയായിരുന്നു. 114 റണ്‍സിനായിരുന്നു ഉത്തരാഖണ്ഡ് പുറത്തായത്.
533 റണ്‍സിന്റെ പടുകൂറ്റന്‍ ലീഡുമായി രണ്ടാം ഇന്നിംഗ്‌സ് കളി ആരംഭിച്ച മുബൈ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 261 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
എന്നാല്‍ 795 റണ്‍സിന്റെ ലക്ഷ്യം തേടിയിറങ്ങിയ ഉത്തരാഖണ്ഡ് 100 റണ്‍സ് പോലും തികച്ചെടുക്കാനാവാതെ പരാജയപ്പെടുകയായിരുന്നു. 69 റണ്‍സിന് പുറത്തായി മത്സരം മുംബൈയുടെ കാല്‍ക്കീഴില്‍ വെക്കുകയായിരുന്നു. ഇതോടെ മുംബൈയ്ക്ക് 725 ജയവും റെക്കോഡും ഒപ്പം സെമി ബെര്‍ത്തും സ്വന്തമാക്കാനുമായി.
ആകെ രണ്ട് പേരാണ് ഉത്തരാഖണ്ഡിന്റെ രണ്ടാം ഇന്നിങ്‌സില്‍ രണ്ടക്കം കണ്ടത്. അഞ്ച് പേര്‍ സംപൂജ്യരായാണ് പുറത്തായത്.
ധവാല്‍ കുല്‍ക്കര്‍ണി, ഷാംസ് മുലാനി, തനുഷ് കൊട്ടിയാന്‍ എന്നിവര്‍ മുംബൈക്ക് വേണ്ടി മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
ഇതിന് പുറമെ ഓസീസിന്റെ മറ്റൊരു റെക്കോഡും കഴിഞ്ഞ ദിവസം രഞ്ജിയില്‍ തകര്‍ന്നിരുന്നു. ഒരിന്നിംഗ്‌സില്‍ ഏറ്റവുമധികം താരങ്ങള്‍ അര്‍ധസെഞ്ച്വറി നേടിയതിന്റെ റെക്കോഡാണ് കഴിഞ്ഞ ദിവസം ബംഗാള്‍ തകര്‍ത്തത്.
1893ല്‍ ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മില്‍ പോര്‍ട്സ് മൗത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ എട്ട് ബാറ്റര്‍മാരായിരുന്നു ഓസീസ് നിരയില്‍ അര്‍ധ സെഞ്ച്വറി നേടിയത്. ഈ റെക്കോഡാണ് ബംഗാളിന്റെ താരങ്ങള്‍ മറികടന്നത്. ഓപ്പണര്‍ മുതല്‍ വാലറ്റം വരെയുള്ള ഒമ്പത് താരങ്ങളായിരുന്നു ബംഗാള്‍ നിരയില്‍ ഫിഫ്റ്റിയടിച്ചത്.
Content Highlight: Mumbai post biggest win by runs in first-class cricket to march into Ranji Trophy semi-final