| Sunday, 15th November 2020, 12:33 pm

അനുരാഗ് കശ്യപ് സിനിമയിലെ കില്ലര്‍ രമണ്‍ രാഘവിനെ റിയല്‍ ലൈഫില്‍ പിടികൂടിയ പൊലീസുകാരന്‍: അലക്‌സ് ഫിയാല്‍ഹോ അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഒരു കാലത്ത് മുംബൈയെ നടുക്കിയ സീരിയല്‍ കില്ലര്‍ രമണ്‍ രാഘവിനെ പിടികൂടിയ പൊലീസ് ഓഫീസര്‍ റിട്ടയര്‍ഡ് അസിസ്റ്റന്റ് കമ്മീഷണര്‍ അലക്‌സ് ഫിയാല്‍ഹോ അന്തരിച്ചു. മുംബൈയിലെ വസതിയിലായിരുന്നു 92 കാരനായ ഫിയാല്‍ഹോയുടെ അന്ത്യം.

1960കളിലാണ് മുതിര്‍ന്നവരെയും കുട്ടികളെയും ഒരു പോലെ ഭീതിയിലാഴ്ത്തിയ രമണ്‍ രാഘവ് എന്ന കൊലയാളി മുംബൈയിലെത്തിയത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ ആളുകള്‍ കൊലപ്പെട്ടുകൊണ്ടിരിക്കെയാണ് അലക്‌സ് അടങ്ങുന്ന സംഘം കേസന്വേഷിക്കാനെത്തുന്നത്.

40ലേറെ മനുഷ്യരെയാണ് രമണ്‍ രാഘവ് കൊലപ്പെടുത്തിയത്. ഉറങ്ങിക്കിടക്കുന്നവരെ തലക്കടിച്ച് കൊല്ലുന്നതായിരുന്നു രമണ്‍ രാഘവിന്റെ രീതി.

കൊലപാതകങ്ങള്‍ തുടര്‍ച്ചയായതോടെ മുംബൈ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കുകയായിരുന്നു. അന്വേഷണത്തിനൊടുവില്‍ തമിഴ്‌നാട്ടില്‍ നിന്നും മുംബൈയിലേക്ക് വന്ന രമണ്‍ രാഘവാണ് കൊലയാളിയെന്ന് കണ്ടു പിടിക്കുകയായിരുന്നു.

ഇന്‍സ്‌പെക്ടര്‍ വിനായക് റാവുവിന്റെ നേതൃത്വത്തിലുള്ള സംഘത്തിനായിരുന്നു അന്വേഷണ ചുമതല. ആ സംഘത്തില്‍ അംഗമായിരുന്നു അന്ന് സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന അലക്‌സ് ഫിയാല്‍ഹോ.

രമണ്‍ രാഘവിന്റെ ചിത്രം എപ്പോഴും പേഴ്‌സില്‍ വെച്ചു കൊണ്ടായിരുന്നു ഫിയാല്‍ഹോ നടന്നിരുന്നത്.

ഓഗസ്റ്റ് 24ന് മുംബൈയിലെ ദോങ്ക്രിയില്‍ നല്ല വെയിലുള്ള സമയം നനഞ്ഞ കുടയുമായി ഒരാള്‍ നില്‍ക്കുന്നത് കണ്ട് അലക്‌സ് ഫിയാല്‍ഹോ അയാളുടെ അടുത്തേക്ക് ചെല്ലുകയായിരുന്നു. സംശയം തോന്നിയ അലക്‌സ് ഫിയാല്‍ഹോ ഇയാളോട് ആരാണെന്നും എവിടെ നിന്നുമാണെന്ന് ചോദിച്ചു. മലദില്‍ നിന്നുമാണ് വരുന്നതെന്ന് രമണ്‍ രാഘവ് മറുപടി പറഞ്ഞു. പ്രതി മലദില്‍ ഉണ്ടെന്ന് നേരത്തെ പൊലീസിന് വിവരം ലഭിച്ചിരുന്നു. അങ്ങനെയാണ് രമണ്‍ രാഘവ് അറസ്റ്റിലാവുന്നത്.

രമണ്‍ രാഘവിനെ പിടികൂടിയത് ഫിയാല്‍ഹോയുടെ കരിയറില്‍ വലിയമാറ്റങ്ങളുണ്ടാക്കി. രമണിനെ പിടികൂടിയതിന് പ്രസിഡന്റിന്റെ കയ്യില്‍ നിന്നും മെഡല്‍ ലഭിക്കുകയുമുണ്ടായി.

നാല്‍പത് കൊലപാതകങ്ങളും താനാണ് ചെയ്തതെന്ന് സമ്മതിച്ച രമണിനെ പിന്നീട് മരണം വരെ ജീവപര്യന്തത്തിന് വിധിക്കുകയായിരുന്നു.

2016ല്‍ അനുരാഗ് കശ്യപ് നവാസുദ്ദീന്‍ സീദ്ദിഖിയെ മുഖ്യ കഥാപാത്രമാക്കി രമണ്‍ രാഘവ് 2.0 എന്ന ചിത്രം ചെയ്തിരുന്നു. ചിത്രത്തിന് ശേഷം യഥാര്‍ത്ഥ സംഭവം വിശദീകരിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി മാധ്യമങ്ങള്‍ക്ക് ഫിയാല്‍ഹോ അഭിമുഖങ്ങള്‍ നല്‍കിയിരുന്നു.

ഫിയാല്‍ഹോയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുംബൈ മുന്‍ കമ്മീഷണര്‍ ജൂലിയോ റിബെയ്‌റോ രംഗത്തെത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ  ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Mumbai policeman who nabbed serial killer Raman Raghav dies

Latest Stories

We use cookies to give you the best possible experience. Learn more