മുംബൈ: സൈബര്‍ സുരക്ഷയെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിന് വേണ്ടി മുംബൈ പൊലീസ് പുറത്തുവിട്ട പുതിയ ട്വീറ്റ് ശ്രദ്ധേയമാകുന്നു.
ഈയിടെ റിലീസ് ചെയ്ത ഗെഹ്‌രായിയാന്‍ എന്ന ബോളിവുഡ് ചിത്രത്തിലെ ‘ഹാ ഡൂബേ… ഹാ ഡൂബേ’ എന്ന പാട്ടിന്റെ വരികള്‍ പങ്കുവെച്ച് കൊണ്ടാണ് തമാശരൂപത്തിലുള്ള മുംബൈ പൊലീസിന്റെ ട്വീറ്റ്.
ആരുമായും നിങ്ങളുടെ ഒ.ടി.പി പങ്കുവെക്കരുത്. ഇത് നിങ്ങളുടെ അക്കൗണ്ടുകളില്‍ നിന്നും പണം നഷ്ടപ്പെടുന്നതിന് കാരണമാകും എന്നാണ് ട്വീറ്റ് പറഞ്ഞുവെക്കുന്നത്.
ഡൂബെ എന്ന ഹിന്ദി വാക്കിനര്‍ത്ഥം മുങ്ങിപ്പോകുക എന്നാണ്. ഒ.ടി.പി ഷെയര്‍ ചെയ്താല്‍ നിങ്ങളുടെ പണവും മുങ്ങിപ്പോകും എന്നാണ് പൊലീസ് പറയുന്നത്.
”ഹാ ഡൂബേ, ഹാ ഡൂബേ, ഹാ ഡൂബേ; ഒ.ടി.പി ഷെയര്‍ ചെയ്ത ശേഷമുള്ള നിങ്ങളുടെ പണം. ബോധവാന്മാരായിരിക്കുക, സൈബര്‍ സുരക്ഷ ഉറപ്പുവരുത്തുക,” ട്വീറ്റില്‍ പറയുന്നു.
ചൊവ്വാഴ്ച പോസ്റ്റ് ചെയ്തതിന് പിന്നാലെ നിരവധി ലൈക്കുകളും ട്വീറ്റിന് ലഭിക്കുന്നുണ്ട്.
ഫെബ്രുവരി 11നായിരുന്നു ഗെഹ്‌രായിയാന്‍ റിലീസ് ചെയ്തത്.
ദീപിക പദുക്കോണ്‍, അനന്യ പാണ്ഡെ, സിദ്ധാന്ത് ചതുര്‍വേദി, ധൈര്യ കര്‍വ, നസ്‌റുദ്ദീന്‍ ഷാ, രജത് കപൂര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ശകുന്‍ ബത്രയാണ് സംവിധാനം ചെയ്ത ചിത്രം ധര്‍മ്മ പ്രൊഡക്ഷന്‍, വയാകോം 18 സ്റ്റുഡിയോസ്, ജോസുക ഫിലിംസ് എന്നിവയുടെ ബാനറിലാണ് നിര്‍മിച്ചത്.
Content Highlight: Mumbai Police use Gehraiyaan Song, Haan Doobey, for Cyber Safety Tip