മുംബൈ: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നടി റിയ ചക്രബര്‍ത്തിയ്ക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെ റിയയെയോ അവരുടെ വക്കീലിനെയോ മറ്റാരെയെങ്കിലുമോ വാഹനങ്ങളില്‍ പിന്തുടര്‍ന്നാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് മുംബൈ പൊലീസ്. ഇത് കുറ്റകൃത്യമാണെന്നും ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
റിയ ചക്രബര്‍ത്തിയെയും കേസില്‍ പൊലീസ് അന്വേഷണത്തിന് വിളിപ്പിച്ച മറ്റു ബോളിവുഡ് അഭിനേതാക്കളെയും മാധ്യമപ്രവര്‍ത്തകര്‍ വാഹനങ്ങളില്‍ ചേസ് ചെയ്ത് പിന്തുടര്‍ന്നത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. റിയ ചക്രബര്‍ത്തിയെ നാര്‍കോട്ടിക്‌സ് ബ്യൂറോയിലേക്ക് കയറാന്‍ പോലും അനുവദിക്കാത്ത വിധം മാധ്യമപ്രവര്‍ത്തകര്‍ പൊതിഞ്ഞുനിന്നതും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് നടിക്ക് ജാമ്യം ലഭിച്ചിരിക്കുന്ന അവസരത്തില്‍ പൊലീസിന്റെ നടപടി. ‘ഏതെങ്കിലും സെലിബ്രിറ്റിയെയോ അവരുടെ അഭിഭാഷകനെയോ അല്ലെങ്കില്‍ മറ്റാരെയെങ്കിലുമോ അഭിമുഖം നടത്താനായി മാധ്യമപ്രവര്‍ത്തകര്‍ക്ക് അവരുടെ വാഹനങ്ങളെ പിന്തുടാരാനാവില്ല. നിങ്ങള്‍ക്ക് അവരുടേയോ വഴിയാത്രക്കാരുടെയോ ആ സമയത്ത് മറ്റു വാഹനങ്ങളില്‍ സഞ്ചരിക്കുന്നവരുടെയോ ജീവന്‍ അപകടത്തിലാക്കാനാകില്ല. സ്വന്തം ജീവനും അപകടത്തിലാക്കാനാകില്ല. അത് കുറ്റകൃത്യമാണ്.’ ഡി.സി.പി സംഗ്രംസിന്‍ഹ് നിഷാന്ദര്‍ പറഞ്ഞു.
മാധ്യമപ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും ഇത്തരം പ്രവൃത്തിയുണ്ടായാല്‍ ഡ്രൈവര്‍ക്കെതിരെ മാത്രമല്ല അവര്‍ക്ക് നിര്‍ദേശം നല്‍കിയവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഒരു മാസത്തിന് ശേഷമാണ് റിയ ചക്രബര്‍ത്തിക്ക് ജാമ്യം ലഭിക്കുന്നത്. ചൊവ്വാഴ്ച്ച പ്രത്യേക കോടതി റിയ ചക്രബര്‍ത്തിയുടെ കസ്റ്റഡി കാലാവധി ഒക്ടോബര്‍ 20വരെ നീട്ടിയിരുന്നു. സുശാന്ത് രജ്പുതിന്റെ വീട്ടിലെ ജോലിക്കാരായിരുന്ന സാമുവല്‍ മിറാന്‍ഡ, ദിപേഷ സാവന്ത് എന്നിവരുടെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കും. അതേസമയം റിയയുടെ സഹോദരന്‍ ഷോയിക് ചക്രബര്‍ത്തിയുടെ ജാമ്യാപേക്ഷ കോടതി നിരസിച്ചു.
സെപത്ംബര്‍ 8നാണ് നടി റിയ ചക്രബര്‍ത്തിയെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്യുന്നത്. മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു റിയയെ അറസ്റ്റു ചെയ്യുന്നത്. ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്ന് എന്‍.സി.ബിയോട് റിയ ചക്രബര്‍ത്തി വെളിപ്പെടുത്തിയിരുന്നു.
സുശാന്തിന്റെ വീട്ടിലെ ജോലിക്കാരനായിരുന്ന ദീപേഷ് സാവന്തിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് റിയയുടെ കുടുംബാംഗങ്ങളിലേക്കും അന്വേഷണം നീണ്ടത്. കേസില്‍ നടി ദീപിക പദുക്കോണ്‍, സാറാ അലി ഖാന്‍, രകുല്‍ പ്രീത് സിംഗ്, ശ്രദ്ധ കപൂര്‍ എന്നിവരെയും നാര്‍ക്കോട്ടിക്സ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു.
അതേസമയം കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച് റിയയ്ക്ക് പിന്തുണയുമായി ബോളിവുഡില്‍ നിന്ന് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക