| Tuesday, 5th March 2024, 12:43 pm

ബി.ജെ.പിയുമായി സഖ്യം; പിന്നാലെ അജിത് പവാറിന്റെ 25000 കോടി രൂപയുടെ തട്ടിപ്പ് കേസ് അവസാനിപ്പിക്കാന്‍ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍.സി.പി നേതാവുമായ അജിത് പവാറിനെതിരായ സാമ്പത്തിക കുറ്റകൃത്യ കേസ് അവസാനിപ്പിക്കാനുള്ള നീക്കവുമായി മുംബൈ പൊലീസ്. തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നാണ് പൊലീസ് ഇപ്പോള്‍ അവകാശപ്പെടുന്നത്.

മാര്‍ച്ച് ഒന്നിന് മുംബൈ പ്രത്യേക കോടതിയിലാണ് അന്വേഷണം നിർത്തണമെന്ന് കാണിച്ച് പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മഹാരാഷ്ട്ര സ്‌റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്കില്‍ അജിത് പവാര്‍ 25,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന പേരിലാണ് മുംബൈയിലെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം അദ്ദേഹത്തിനെതിരെ കേസെടുത്തത്.

തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പവാറിനെ കേസില്‍ ഉള്‍പ്പെടുത്തിയതെന്ന് അന്വേഷണ സംഘം കോടതിയില്‍ പറഞ്ഞു. മുംബൈ സെഷന്‍സ് കോടതി കേസ് മാര്‍ച്ച് 15ലേക്ക് മാറ്റിയിട്ടുണ്ട്. കേസന്വേഷണം അവസാനിപ്പിക്കണോ അതോ തുടരന്വേഷണം നടത്താന്‍ പൊലീസിനോട് നിര്‍ദേശം നല്‍കണോ എന്ന കാര്യത്തില്‍ 15ന് കോടതി തീരുമാനമെടുക്കും.

അടുത്തിടെ മഹാരാഷ്ട്രയില്‍ ശരദ് പവാറിന്റെ എന്‍.സി.പിയെ പിളര്‍ത്തിക്കൊണ്ടാണ് അജിത് പവാര്‍ പക്ഷം ബി.ജെ.പിയിലേക്ക് പോയത്. ഇതിന് പിന്നാലെയാണ് കേസ് അവസാനിപ്പിക്കാനുള്ള മുംബൈ പൊലീസിന്റെ നീക്കം. കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ഭീഷണി മൂലമാണ് അജിത് പവാര്‍ ബി.ജെ.പിയിലേക്ക് പോയതെന്ന് അന്ന് ആരോപണം ഉയര്‍ന്നിരുന്നു.

2019ലാണ് കേസിൽ അജിത് പവാറിനെതിരെ അന്വേഷണം ആരംഭിക്കുന്നത്. ക്രിമിനൽ കുറ്റം, വിശ്വാസ വഞ്ചന, അഴിമതി തടയൽ നിയമം തുടങ്ങിയ വകുപ്പുകൾ ചേർത്താണ് അദ്ദേഹത്തിനെതിരെ കേസെടുത്തത്. മഹാരാഷ്ട്രയിലെ ജില്ലാ, സഹകരണ ബാങ്കുകളിൽ നിന്ന് പഞ്ചസാര സഹകരണ സംഘങ്ങളും സ്പിന്നിങ് മില്ലുകളും മറ്റ് സ്ഥാപനങ്ങളും ആയിരക്കണക്കിന് കോടിയുടെ വായ്പ നേടിയതായി എഫ്.ഐ.ആറിൽ പറയുന്നു.

അജിത് പവാർ അന്ന് എം.എസ്‌.സി ബാങ്കിൻ്റെ ഡയറക്ടർമാരിലൊരാളായതിനാൽ അദ്ദേഹത്തിന് കേസിൽ നേരിട്ട് ബന്ധമുണ്ടെന്ന് ആരോപണമുയർന്നു. അനധികൃത മാർഗങ്ങളിലൂടെയാണ് വായ്പകൾ നേടിയതെന്നും സംഭരണ ​​പ്രക്രിയയിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തിയതായും അന്വേഷണ ഏജൻസി ആരോപിച്ചു. തുടർന്ന് 2007 ജനുവരി ഒന്നിനും 2017 ഡിസംബർ 31നും ഇടയിൽ സംസ്ഥാന ഖജനാവിന് 25,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്.

Contant Highlight: Mumbai Police Submits Closure Report In Cheating Case Against Ajit Pawar Citing “Mistake of Facts”

Latest Stories

We use cookies to give you the best possible experience. Learn more