നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ മാനേജറുടെ മരണം; ബി.ജെ.പി എം.എല്‍.എ നിതേഷ് റാണയ്ക്ക് നോട്ടീസ് അയച്ച് മുംബൈ പൊലീസ്
national news
നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ മാനേജറുടെ മരണം; ബി.ജെ.പി എം.എല്‍.എ നിതേഷ് റാണയ്ക്ക് നോട്ടീസ് അയച്ച് മുംബൈ പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 11th July 2024, 8:15 pm

ന്യൂദല്‍ഹി: അന്തരിച്ച നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ മുന്‍ മാനേജര്‍ ദിഷ സാലിയന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ബി.ജെ.പി എം.എല്‍.എ നിതേഷ് റാണയ്ക്ക് നോട്ടീസ് അയച്ച് മുംബൈ പൊലീസ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടിയാണ് നിതേഷ് റാണയ്ക്ക് നോട്ടീസ് അയച്ചത്.

ജൂണ്‍ 12ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് വ്യാഴാഴ്ച അയച്ച നോട്ടീസില്‍ പറയുന്നത്. ദിഷ സാലിയന്റെ ദുരൂഹ മരണത്തില്‍ തെളിവുകള്‍ നല്‍കുമെന്ന് നിതേഷ് റാണെ മാധ്യമങ്ങളോട് പറഞ്ഞു.

‘ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടി സമന്‍സ് ലഭിച്ചു. ഇതൊരു കൊലപാതകമാണെന്ന് ആദ്യ ദിവസം മുതല്‍ ഞാന്‍ പറയുന്നുണ്ട്. മുംബൈ പൊലീസുമായി സഹകരിക്കാന്‍ ഞാന്‍ തയ്യാറാണ്. ആദിത്യ താക്കറെയെയും അദ്ദേഹത്തിന്റെ മറ്റ് സുഹൃത്തുക്കളെയും രക്ഷപ്പെടുത്താന്‍ എം.വി.എ സര്‍ക്കാര്‍ ആഗ്രഹിച്ചു. എന്റെ പക്കലുള്ള തെളിവുകള്‍ ഞാന്‍ പൊലീസിന് നല്‍കും,’ നിതേഷ് റാണെ പറഞ്ഞു.

ദിഷ സാലിയന്റെ മരണത്തില്‍ ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിലെ ഒരു നേതാവിന് പങ്കുണ്ടെന്ന് നിതേഷ് റാണെ നേരത്തെ ആരോപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സാലിയന്റെ മരണം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയത്.

2020 ജൂണ്‍ 14നാണ് ബാന്ദ്രയിലെ ഫ്‌ളാറ്റില്‍ സുശാന്ത് സിങ് രാജ്പുതിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ മാനേജര്‍ ദിഷ സാലിയാനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മലാഡിലെ ഒരു ബഹുനില കെട്ടിടത്തിന്റെ 14ാം നിലയില്‍ നിന്ന് ചാടി സാലിയന്‍ ആത്മഹത്യ ചെയ്‌തെന്നാണ് പൊലീസ് കണ്ടെത്തിയത്.

സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ദിഷയുടെ മരണം പുനരന്വേഷിക്കാന്‍ മുംബൈ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയത്. മുംബൈയില്‍, ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ അജയ് ബന്‍സലിന്റെ മേല്‍നോട്ടത്തില്‍, മാല്‍വാനി പൊലീസ് സ്‌റ്റേഷനില്‍ നിന്നുള്ള സീനിയര്‍ ഇന്‍സ്‌പെക്ടര്‍ ചിമാജി ആധവാണ് അന്വേഷണം കൈകാര്യം ചെയ്യുന്നത്.

Content Highlight: Mumbai police issues notice to BJP MLA Nitesh Rane in Disha Salian death case