മുബൈ: ജനുവരി 16ന് സെയ്ഫ് അലി ഖാനെ അദ്ദേഹത്തിന്റെ ബാന്ദ്ര വെസ്റ്റിലെ വീട്ടില്‍ മോഷണശ്രമത്തിനിടെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ പ്രതിയെന്ന് സംശയിച്ച് ആദ്യം അറസ്റ്റ് ചെയ്ത യുവാവ് പൊലീസിനെതിരെ രംഗത്ത്.
താനെ ജില്ലയിലെ ടിറ്റ്വാലയിലെ ഇന്ദിരാനഗര്‍ ചാലില്‍ താമസിക്കുന്ന ആകാശ് കനോജിയ(31), തന്റെ ജീവിതം പൊലീസ് നശിപ്പിച്ചെന്നും ജോലി നഷ്ടപ്പെട്ടെന്നും തീരുമാനിച്ചുറപ്പിച്ച വിവാഹം മുടങ്ങിയെന്നുമാണ് പറയുന്നത്. ജോലിക്കായി സെയ്ഫ് അലി ഖാന്റെ വീടിനു മുന്നില്‍ സമരം ചെയ്യാന്‍ പോകുകയാണെന്നും ആകാശ് പറഞ്ഞു. മുംബൈയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ആകാശ് കനോജിയ.
ലോക്മാന്യ തിലക് ടെര്‍മിനസ്-കൊല്‍ക്കത്ത ഷാലിമാര്‍ ജ്ഞാനേശ്വരി എക്സ്പ്രസില്‍ യാത്ര ചെയ്യവെയാണ് ജനുവരി 18ന് റെയില്‍വേ പൊലീസ് ആകാശിനെ കസ്റ്റഡിയിലെടുത്തത്. ജനുവരി 19ന് പുലര്‍ച്ചെ യഥാര്‍ഥ പ്രതിയും ബംഗ്ലദേശ് സ്വദേശിയുമായ മുഹമ്മദ് ഷെരിഫുള്‍ ഇസ്ലാം ഷെഹ്സാദിനെ മുംബൈയ്ക്ക് അടുത്ത് താനെയില്‍ നിന്നും പൊലീസ് പിടികൂടിയിരുന്നു.
പിന്നാലെ ആകാശിനെ വിട്ടയച്ചെങ്കിലും പ്രതിയെന്ന തരത്തില്‍ വാര്‍ത്തയും ചിത്രവും മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. മുംബൈ പൊലീസിന്റെ ജാഗ്രതക്കുറവ് തന്റെ ജീവിതം നശിപ്പിച്ചെന്നും കുറ്റവാളിയെന്ന മട്ടിലാണ് അവര്‍ തന്റെ ഫോട്ടോ പുറത്ത് വിട്ടതെന്നും ആകാശ് പറഞ്ഞു.
‘ഐഡന്റിറ്റി പരിശോധിക്കാതെയാണ് പൊലീസ് എന്റെ മകനെ കസ്റ്റഡിയിലെടുത്തത്. ഈ തെറ്റ് അവന്റെ ജീവിതം നശിപ്പിച്ചു. ഇപ്പോള്‍ അവന് മാനസിക ആഘാതം കാരണം ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനോ കുടുംബവുമായി ശരിയായി സംസാരിക്കാനോ ഒന്നും കഴിയുന്നില്ല. അവന് ജീവിതത്തോടുള്ള എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടു,’ ആകാശിന്റെ പിതാവ് കൈലാഷ് കനോജിയ മാധ്യമങ്ങളോട് പറഞ്ഞു.
Content highlight: Mumbai police have destroyed my life, hence I want justice: In the Saif Ali Khan attack case, a man was imprisoned and then freed.