മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ വസതിക്ക് നേരെ വെടിവെപ്പ്. മുംബൈ ബാന്ദ്രയിലെ അദ്ദേഹത്തിന്റെ വസതിക്ക് നേരെയാണ് വെടിവെപ്പ് ഉണ്ടായത്. ഞായറാഴ്ച രാവിലെ അഞ്ച് മണിയോടെയാണ് സംഭവം.
ബൈക്കില്‍ എത്തിയ അക്രമി അദ്ദേഹത്തിന്റെ വസതിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. നാല് റൗണ്ടോളം വെടി ഉതിര്‍ത്തതായാണ് വിവരം. എന്നാല്‍ സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ആക്രമത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.
പ്രതികള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു. അടുത്തിടെ മഹാരാഷ്ട്രയില്‍ വര്‍ധിച്ച് വരുന്ന വെടിവെപ്പുകളും മറ്റ് അക്രമ സംഭവങ്ങളും ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്.
മഹാരാഷ്ട്രയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന വെടിവെപ്പുകള്‍ സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച്ചയാണെന്ന് സുപ്രിയ സുലെ ഉള്‍പ്പടെയുള്ള പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചു. ആക്രമണത്തിന് പിന്നാലെ സല്‍മാന്‍ ഖാന്റെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
നേരത്തെ ഗുണ്ടാതലവൻ ലോറൺസ് ബിഷ്‌ണോയ് സംഘത്തിന്റെ ഭീഷണി ഉള്ളതിനാല്‍ സല്‍മാന്‍ ഖാന് വൈ പ്ലസ് സുരക്ഷ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരുന്നു. സുരക്ഷ ഇനിയും ശക്തമാക്കുമെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ സല്‍മാന്‍ ഖാനെ ഫോണില്‍ വിളിച്ച് അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അദ്ദേഹത്തിന്റെ വസതിക്ക് സമീപം സുരക്ഷയും പരിശോധനകളും വര്‍ധിപ്പിച്ചതായും പൊലീസ് പറഞ്ഞു.
Content Highlight: Mumbai police find bike after unknown men opened fire outside Salman Khan’s home