നയന്‍താരയുടെ അന്നപൂരണി എന്ന ചിത്രത്തിന് എതിരെ ലവ് ജിഹാദിനെ പ്രോത്സാഹിപ്പിച്ചതിന്റെ പേരില്‍ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്ത് മുംബൈ പൊലീസ്. ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് മുന്‍ ശിവസേന നേതാവ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
അതിന് പിന്നാലെയാണ് അന്നപൂരണിക്കെതിരെ മുംബൈയില്‍ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തത്. ചിത്രത്തിന്റെ നിര്‍മാതാക്കള്‍ ശ്രീരാമനെ അപമാനിച്ചെന്നും ശിവസേന നേതാവ് ആരോപിച്ചിരുന്നു.
ചിത്രം ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതായും അതിലെ ഒരു കഥാപാത്രം വാല്‍മീകി രാമായണത്തെ തെറ്റായി വ്യാഖ്യാനിച്ച് ശ്രീരാമനെ ‘മാംസാഹാരി’ എന്ന് വിളിച്ചതായും എഫ്.ഐ.ആറില്‍ പരാമര്‍ശിക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നായികയായ നയന്‍താര അന്നപൂരണിയുടെ സംവിധായകന്‍ നിലേഷ് കൃഷ്ണ, നിര്‍മാതാക്കളായ ജതിന്‍ സേത്തി, ആര്‍. രവീന്ദ്രന്‍, പുനിത് ഗോയങ്ക, സീ സ്റ്റുഡിയോയുടെ ചീഫ് ബിസിനസ് ഓഫീസര്‍ ഷാരിഖ് പട്ടേല്‍, നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യ ഹെഡ് മോണിക്ക ഷെര്‍ഗില്‍ എന്നിവര്‍ക്കെതിരെയായിരുന്നു ശിവസേന നേതാവ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടത്.
നയന്‍താരയുടെ എഴുപത്തിയഞ്ചാം ചിത്രമാണ് അന്നപൂര്‍ണി. നീലേഷ് കൃഷ്ണ സംവിധാനം ചെയ്ത ചിത്രത്തില്‍ നയന്‍താരക്ക് പുറമെ ജയ്, സത്യരാജ് എന്നിവരായിരുന്നു പ്രധാന വേഷങ്ങളിലെത്തിയത്. കഴിഞ്ഞ ഡിസംബര്‍ ഒന്നിനായിരുന്നു ചിത്രം തിയേറ്ററുകളിലെത്തിയിരുന്നത്.
Content Highlight: Mumbai Police File Fir Against Nayanthara Film Annapoorni For Promoting Love Jihad