| Wednesday, 27th December 2017, 7:42 am

ചേരി ഒഴിപ്പിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകയെ അറസ്റ്റ് ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: നഗരത്തിലെ ചേരി ഒഴിപ്പിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകയെ പൊലീസ് അറസ്റ്റ് ചെയ്തു. ചേരി ഒഴിപ്പിക്കുന്നതില്‍ നിന്നും പിന്തിരിയാന്‍ ജനങ്ങളെ പ്രകോപിപ്പിച്ചെന്ന് കാട്ടിയാണ് പൊലീസ് നടപടി.

മുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്രീലാന്‍സ് റിപ്പോര്‍ട്ടര്‍ പ്രിയങ്ക ബോര്‍പുജാരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയിലുള്ള വകോലയിലെ ചേരി ഒഴിപ്പിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയപ്പോഴായിരുന്നു പ്രിയങ്കയെ പൊലീസ് അറസ്റ്റ് ചെയ്തത്.

ചേരി ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സുഹൃത്തില്‍ നിന്നും വിവരം ലഭിച്ച പ്രിയങ്ക സ്ഥലത്തെത്തി കാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയതാണ് പൊലീസിനെ പ്രകോപിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ചേരി ഒഴിപ്പിക്കുന്നതില്‍ നിന്നും പ്രദേശവാസികളെ പിന്തിരിപ്പിച്ചതിനാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറയുന്നു.

“ഒഴിപ്പിക്കല്‍ നടപടി തടസപ്പെടുത്താന്‍ അവര്‍ ജനങ്ങളെ പ്രകോപിപ്പിച്ചു. അവര്‍ പ്രേരിപ്പിച്ചതിനുശേഷം ഒരു സ്ത്രീ വനിതാ കോണ്‍സ്റ്റബിളിനെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.” സീനിയര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ കല്‍പന ഖഡേക്കര്‍ പറഞ്ഞു.

പൊലീസിന്റെ ജോലി തടസപ്പെടുത്തിയതിന് ഐ.പി.സി 353 വകുപ്പ് പ്രകാരം പ്രിയങ്കയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രണ്ട് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

We use cookies to give you the best possible experience. Learn more