മുംബൈ: മുംബൈയില്‍ 55 വയസിന് മുകളിലുള്ള പൊലീസ് കോണ്‍സ്റ്റബിള്‍മാരോട് അവധിയില്‍ പോകാന്‍ നിര്‍ദേശം. കൊവിഡ് ബാധിച്ച് മൂന്ന് പൊലീസുകാര്‍ മരിച്ച സാഹചര്യത്തിലാണ് തീരുമാനം.
ഏതെങ്കിലും രോഗത്തിന് ചികിത്സ തേടുന്നവരോടും ജോലിയില്‍ നിന്ന് അവധിയെടുക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. മുംബൈയില്‍ ഇതുവരെ മൂന്ന് പൊലീസുകാരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. മൂവരും 50 വയസിന് മുകളില്‍ പ്രായമുള്ളവരായിരുന്നു.
ഇതോടൊപ്പം ധാരാവിയില്‍ ജോലി ചെയ്ത ആറ് പൊലീസുകാര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.
ഹെഡ് കോണ്‍സ്റ്റബിള്‍ ശിവാജി നാരായണ്‍ സോനാവാനെ ആണ് കഴിഞ്ഞ ദിവസം മരിച്ചത്. കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന ഇദ്ദേഹത്തെ മുംബൈയിലെ കെ.ഇ.എം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്.
കുര്‍ള ഡിവിഷനിലെ ട്രാഫിക് പൊലീസിലെ ഹെഡ് കോണ്‍സ്റ്റബിളായിട്ടാണ് ശിവാജി സേവനം അനുഷ്ടിച്ചിരുന്നത്. മുംബൈ നഗരത്തിലെ പ്രധാന കൊവിഡ് ഹോട്ട്‌സ്‌പോട്ടുകളിലൊന്നായ എല്‍-വാര്‍ഡില്‍ (കുര്‍ല ഡിവിഷന്‍) ശിവാജി നാരായണനെ ഡ്യൂട്ടിയില്‍ നിയോഗിച്ചിരുന്നു.
മുംബൈ പൊലീസിലെ രണ്ട് ഹെഡ് കോണ്‍സ്റ്റബിള്‍മാരാണ് കഴിഞ്ഞ രണ്ടു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. വകോല പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ചന്ദ്രകാന്ത് പെന്‍ഡുര്‍ക്കര്‍, ഹെഡ് കോണ്‍സ്റ്റബിള്‍ സന്ദീപ് സര്‍വ് എന്നിവരുടെ ജീവനുകളാണ് കഴിഞ്ഞ രണ്ടുദിവസങ്ങളിലായി കൊവിഡ് ബാധയില്‍ പൊലിഞ്ഞത്.