| Wednesday, 16th January 2013, 3:26 pm

സ്ത്രീപീഡനത്തിന് കാരണം ലൈംഗിക വിദ്യാഭ്യാസം: മുംബൈ പോലീസ് കമ്മീഷണര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: നാട്ടില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കാന്‍ കാരണം സ്‌കൂളുകളിലെ ലൈംഗിക വിദ്യാഭ്യാസമാണെന്ന് മുംബൈ പോലീസ് കമ്മീഷണര്‍ സത്യപാല്‍ സിങ്.[]

ലൈംഗിക വിദ്യാഭ്യാസം കൊണ്ട് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുക മാത്രമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് ലൈംഗിക വിദ്യാഭ്യാസം നല്‍കുന്ന ഇടങ്ങളിലാണ് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും കൂടുതലായുള്ളതെന്നും സത്യപാല്‍ സിങ് പറഞ്ഞു.

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം തടയാന്‍ സദാചാര വിദ്യാഭ്യാസമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, തന്റെ പരാമര്‍ശം യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ എടുക്കാത്തതാണ് വിവാദങ്ങള്‍ക്ക് കാരണമെന്നാണ് സത്യപാല്‍ പറയുന്നത്.

അമേരിക്കയില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് താന്‍ ഇത് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. പോലീസ് കമ്മീഷണറിന്റെ പ്രസ്താവന ബുദ്ധിശൂന്യമാണെന്നും ഇത്തരം പരാമര്‍ശങ്ങള്‍ നടത്താതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും വാര്‍ത്താവിനിമയ മന്ത്രി മനീഷ് തിവാരി പ്രതികരിച്ചു.

സത്യപാല്‍ സിങ്ങിന്റെ പ്രസ്താവന അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും പത്താം ക്ലാസിന് ശേഷം ലൈംഗിക വിദ്യാഭ്യാസം നിര്‍ബന്ധമാക്കണമെന്നും ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷ മമത ശര്‍മ പറഞ്ഞു.

ഒരു കൂട്ടം രാഷ്ട്രീയ നേതാക്കളുടെ സ്ത്രീ വിരുദ്ധ പ്രസ്താവനകള്‍ക്ക് പിറകേയാണ് പോലീസ് കമ്മീഷണറുടെ പ്രസ്താവന വന്നിരിക്കുന്നത്.

We use cookies to give you the best possible experience. Learn more