| Sunday, 8th June 2014, 2:38 pm

വേഗച്ചിറകേറി മുംബൈ മെട്രോ..

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] മുംബൈ: നഗരത്തിന്റെ വികസന സ്വപ്‌നങ്ങളുടെ ചിറകേറി മെട്രോ ട്രെയിന്‍ ഓടിത്തുടങ്ങി. രാജ്യത്ത് ആദ്യമായി തീവണ്ടി ഓടിയ നഗരമായ മുംബൈയിലെ മെട്രോ സര്‍വീസ് മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനാണ് ഫഌഗ് ഓഫ് ചെയ്തത്. മുംബൈയിലെ വെര്‍സോവ-അന്ധേരി-ഘട്‌കോപര്‍ പാതയിലൂടെ കിഴക്ക്പടിഞ്ഞാറന്‍ മേഖലയെ ബന്ധിപ്പിച്ചുകൊണ്ടാണ് മെട്രോ ഓടുന്നത്.

ഈ റൂട്ടില്‍ മെട്രോക്ക് ദിവസവും 250 സര്‍വീസുകളുണ്ടായിരിക്കും. പുലര്‍ച്ചെ 5.30 മുതല്‍ അര്‍ധരാത്രിവരെ സേവനം ലഭ്യമാകും. ഓരോ നാല് മിനിറ്റ് കൂടുമ്പോഴും ട്രെയിന്‍ സര്‍വീസ് നടത്തും. 10 രൂപയാണ് കുറഞ്ഞ നിരക്ക്. 80 കിലോമീറ്ററാണ് മെട്രോയുടെ വേഗത.

തുടക്കത്തില്‍ സാങ്കേതിക തകരാരും

ഘട്‌കോപറിന് സമീപത്തെ ജഗ്രതി നഗര്‍ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് 30 മിനിട്ട് നേരത്തേക്ക് മെട്രോ നിശ്ചലയമായത് യാത്രക്കാരില്‍ പരിഭ്രാന്തി പരത്തി. പിന്നീട് തകരാര്‍ പരിഹരിച്ച ശേഷമാണ് യാത്ര തുടര്‍ന്നത്. അനില്‍ അംബാനി, ഭാര്യ ടിന അംബാനി, ബി.ജെ.പി നേതാക്കളായ കിരിത് സോമയ്യ, പൂനം മഹാജന്‍ തുടങ്ങിയവരായിരുന്നു ആദ്യ യാത്രക്കാര്‍.

മെട്രോക്കായുള്ള എട്ട് വര്‍ഷത്തെ കാത്തിരിപ്പിന്് വിരാമമിട്ടാണ് ആദ്യ ഘട്ടം ഫഌഗ് ഓഫ് ചെയ്യുന്നത്. വെര്‍സോവയില്‍ നടന്ന ചടങ്ങില്‍ ഉപമുഖ്യമന്ത്രി അജിത് പവാര്‍ ഉള്‍പ്പടെയുള്ള പ്രമുഖ നേതാക്കള്‍ പങ്കെടുത്തു.

പൊതുസ്വകാര്യ പങ്കാളിത്തത്തോടെ രാജ്യത്താരംഭിച്ച ആദ്യ മെട്രോയാണ് മുംബൈയിലേത്. അനില്‍ അംബാനിയുടെ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍, വിയോലിയ ട്രാന്‍സ്‌പോര്‍ട്, മുംബൈ മെട്രോപോലീറ്റന്‍ വികസന അതോറിറ്റി എന്നിവര്‍ പങ്കാളികളായ കണ്‍സോര്‍ഷ്യമാണ് മെട്രോ നിര്‍മ്മിച്ചത്. നിര്‍മ്മാണച്ചിലവ് 4300 കോടി രൂപയാണ്.

We use cookies to give you the best possible experience. Learn more