| Saturday, 17th April 2021, 4:10 pm

'കുംഭമേള കഴിഞ്ഞ് മടങ്ങുന്നവര്‍ കൊറോണയെ പ്രസാദമായി കൊണ്ടുവരുന്നു; വന്നിട്ട് സ്വന്തം ചെലവില്‍ ക്വാറന്റീനിലിരുന്നാല്‍ മതി'; വിമര്‍ശനവുമായി മുംബൈ മേയര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ നടക്കുന്ന കുംഭ മേളയെ വിമര്‍ശിച്ച് മുംബൈ മേയര്‍ കിഷോരി പെഡ്‌നേക്കര്‍. കുംഭമേളയും കഴിഞ്ഞ് സ്വന്തം നാടുകളിലേക്ക് മടങ്ങുന്നവര്‍ കൊറോണയെ പ്രസാദമായി എടുത്തുകൊണ്ടാണ് പോകുന്നതെന്നാണ് മേയറുടെ വിമര്‍ശനം.

കുംഭ മേളയും കഴിഞ്ഞ് മുംബൈയില്‍ തിരിച്ചെത്തുന്നവര്‍ സ്വന്തം കയ്യില്‍ നിന്ന് കാശ് മുടക്കി ക്വാറന്റീനില്‍ ഇരിക്കണമെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.

‘കുംഭ മേള കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നവരൊക്കെ കൊറോണയെ പ്രസാദമായി എല്ലാവര്‍ക്കും നല്‍കാന്‍ പോവുകയാണ്. പരിപാടിയില്‍ പങ്കെടുത്ത് അതതു സംസ്ഥാനത്തെത്തുന്നവരൊക്കെ അവരവരുടെ സ്വന്തം ചെലവില്‍ ക്വാറന്റീനിലിരിക്കണം. മുംബൈയിലും തിരിച്ചെത്തുന്നവരെ ക്വാറന്റീനിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അവര്‍ സ്വന്തം ചെലവില്‍ ക്വാറന്റീന്‍ ഇരിക്കണം,’ മുംബൈ മേയര്‍ പറഞ്ഞു.

അതേസമയം മഹാരാഷ്ട്രയിലും കൊവിഡ് കേസുകളില്‍ വലിയ രീതിയിലുള്ള വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. ഈ സാഹചര്യത്തിലാണ് തീര്‍ത്ഥാടനം കഴിഞ്ഞ് വരുന്നവര്‍ക്ക് ക്വാറന്റീന്‍ ഒരുക്കുമെന്ന് മേയര്‍ അറിയിച്ചിരിക്കുന്നത്.

കൊവിഡ് വര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് മുംബൈയില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചേക്കും എന്നും മേയര്‍ വ്യക്തമാക്കി. ആളുകള്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്തത് മറ്റുള്ളവരെയും ബാധിക്കുകയാണെന്നും അവര്‍ പറഞ്ഞു.

ആയിരങ്ങളാണ് ഹരിദ്വാറിലെ കുംഭ മേളയില്‍ പങ്കെടുക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെ നടത്തുന്ന ഈ പരിപാടിയില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗം പേര്‍ക്കും കൊവിഡ് ബാധിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. അഖാഡികളില്‍ പ്രധാനിയായ ഒരു പുരോഹിതന്‍ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തിരുന്നു.

ഷാഹി സ്‌നാന്‍ എന്നറിയപ്പെടുന്ന ചടങ്ങില്‍ നിരവധി പേര്‍ ഒരുമിച്ച് പങ്കെടുക്കുകയും ചെയ്തിരുന്നു. അതേസമയം ഷാഹി സ്‌നാന്‍ കഴിഞ്ഞ സാഹചര്യത്തില്‍ ഇനി പ്രതീകാത്മകമായി കുംഭമേള നടത്തണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയിരിക്കുന്ന നിര്‍ദേശം.

എന്നാല്‍ കൊവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് കുംഭമേളയില്‍ നിന്ന് പിന്‍വാങ്ങുകയാണെന്ന് രണ്ട് സന്യാസി വിഭാഗങ്ങള്‍ നേരത്തെ അറിയിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Mumbai mayor criticizes Kumbh mela says bringing covid as Prasad

We use cookies to give you the best possible experience. Learn more