മുംബൈ: പ്രധാനമന്ത്രിക്ക് മുംബൈ നിവാസിയുടെ രാസായുധാക്രമണ ഭീഷണി. നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചാണ് മുംബൈയില്‍ നിന്നുള്ള ഇരുപത്തിരണ്ടുകാരന്‍ പ്രധാനമന്ത്രിയെ ആക്രമിക്കുമെന്ന് ഭീഷണി മുഴക്കിയതെന്ന് പൊലീസ് പറയുന്നു.
വിഷയവുമായി ബന്ധപ്പെട്ട് സെക്യൂരിറ്റി ഗാര്‍ഡായി ജോലി നോക്കുന്ന കാശിനാഥ് മണ്ഡല്‍ എന്നയാളെ ഡി.ബി മാര്‍ഗ് പൊലീസ് അറസ്റ്റു ചെയ്തതായി അധികൃതര്‍ അറിയിച്ചു. സെന്‍ട്രല്‍ മുംബൈയില്‍ വച്ചാണ് ഇയാള്‍ പിടിയിലായത്.
കഴിഞ്ഞ ദിവസമാണ് ദല്‍ഹിയിലുള്ള എന്‍.എസ്.ജി കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് ഇയാള്‍ പ്രധാനമന്ത്രിയെ രാസായുധമുപയോഗിച്ച് ആക്രമിക്കും എന്ന് ഭീഷണിപ്പെടുത്തിയത്. തുടര്‍ന്ന് നമ്പര്‍ കണ്ടെത്തി പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തന്റെ സുഹൃത്ത് ഈയടുത്ത് ജാര്‍ഖണ്ഡില്‍ നടന്ന നക്‌സല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നും ഈ വിഷയവുമായി ബന്ധപ്പെട്ട് തനിക്ക് പ്രധാനമന്ത്രിയെ കാണണമെന്നും മണ്ഡല്‍ ചോദ്യം ചെയ്യലിനിടെ ആവശ്യപ്പെട്ടതായി പൊലീസുദ്യോഗസ്ഥര്‍ പറയുന്നു. ജാര്‍ഖണ്ഡ് സ്വദേശിയാണ് മണ്ഡല്‍.
അറസ്റ്റു ചെയ്തതിനു ശേഷം മണ്ഡലിനെ കോടതിയില്‍ ഹാജരാക്കി. വിദ്വേഷസൂചകമായ പ്രസ്താവനകളോ അപവാദങ്ങളോ റിപ്പോര്‍ട്ടുകളോ പ്രചരിപ്പിക്കുക, വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുക എന്നിവയാണ് മണ്ഡലിനുമേല്‍ ആരോപിക്കപ്പെട്ടിട്ടുള്ള കുറ്റങ്ങള്‍.