മുംബൈയില്‍ മലയാളി നഴ്‌സിന് കൊവിഡ്; മറ്റ് നഴ്‌സുമാരെ അധികൃതര്‍ രോഗവിവരം അറിയിച്ചില്ലെന്ന് പരാതി
Kerala
മുംബൈയില്‍ മലയാളി നഴ്‌സിന് കൊവിഡ്; മറ്റ് നഴ്‌സുമാരെ അധികൃതര്‍ രോഗവിവരം അറിയിച്ചില്ലെന്ന് പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 30th March 2020, 11:28 am

മുംബൈ: മുംബൈയിലെ ആശുപത്രിയില്‍ മലയാളി നഴ്‌സിന് കൊവിഡ് സ്ഥിരീകരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്‌സിലാണ് രോഗം പിടിപെട്ടത്. നൂറിലധികം മലയാളി നഴ്‌സുമാര്‍ ജോലി ചെയ്യുന്ന ജസ്ലോക്ക് ആശുപത്രിയില്‍ ആണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം ആശുപത്രി അധികൃതര്‍ രോഗവിവരം മറ്റ് നഴ്‌സുമാരെ അറിയിച്ചില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.

അതിനിടെ ദല്‍ഹിയില്‍ കൊവിഡ് രോഗികളെ പരിശോധിച്ച നഴ്‌സിന് പനിയുടെ ലക്ഷണങ്ങള്‍ കണ്ടതോടെ ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെ 14 മെഡിക്കല്‍ ജീവനക്കാരെ ക്വാറന്റൈനിലാക്കി. ദല്‍ഹിയിലെ ആര്‍.എം.എല്‍ ആശുപത്രിയിലെ ജീവനക്കാരാണിവര്‍. ഇവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി എടുത്തിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

ഞായറാഴ്ച വൈകീട്ടാണ് നഴ്‌സിന് പനിയുടെ ലക്ഷണങ്ങള്‍ കണ്ടത്. തുടര്‍ന്ന് ഇവരുമായി ബന്ധപ്പെട്ട ആറ് ഡോക്ടര്‍മാരും നഴ്‌സുമാരും ജീവനക്കാരും ഉള്‍പ്പെടെയുള്ള എല്ലാവരേയും ക്വാറന്റൈനില്‍ ആക്കുകയായിരുന്നു. ദല്‍ഹിയില്‍ ഇതുവരെ 72 കൊവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.