മുംബൈ റെയില്‍വേ സ്റ്റേഷനില്‍ നിന്നും തട്ടിക്കൊണ്ടുപോയ കുട്ടിയെ കണ്ടെത്തി
India
മുംബൈ റെയില്‍വേ സ്റ്റേഷനില്‍ നിന്നും തട്ടിക്കൊണ്ടുപോയ കുട്ടിയെ കണ്ടെത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 7th July 2012, 4:05 pm

മുംബൈ: സി.എസ്.ടി റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ പോലീസ് കണ്ടെത്തി. കഴിഞ്ഞ ദിവസം പുറത്തുവിട്ട സിസി ടിവി ദൃശ്യങ്ങളുടെ സഹായത്താല്‍ ഹരിദ്വാര്‍ പോലീസാണ് കുട്ടിയെ കണ്ടെത്തിയത്.

കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് കരുതുന്ന യുവാവിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടിയുടെ മാതാപിതാക്കളും റെയില്‍വെ അധികൃതരും ഹരിദ്വാറിലേക്ക് തിരിച്ചു.

കഴിഞ്ഞ മാസം 10 ന് രാത്രിയായിരുന്നു സംഭവം. നഗരത്തില്‍ ദിവസവേതനത്തില്‍ ജോലി ചെയ്യുന്ന ദമ്പതികളുടെ മകളായ സംഗീതയെയാണ് അജ്ഞാതന്‍ തട്ടിക്കൊണ്ടുപോയത്. രാത്രിയിലെ തീവണ്ടിക്ക് വീട്ടിലേക്ക് മടങ്ങാനെത്തിയ ഇവര്‍ വണ്ടികിട്ടാഞ്ഞതിനാല്‍ പ്ലാറ്റ് ഫോമില്‍ കിടന്നുറങ്ങുകയായിരുന്നു.

കുട്ടിക്ക് സമീപത്ത് കിടന്നിരുന്ന മാതാപിതാക്കളും സഹോദരങ്ങളും നല്ല ഉറക്കമായതിനാല്‍ കുട്ടിയെ എടുത്തുകൊണ്ടുപോയത് അറിഞ്ഞില്ല. എന്നാല്‍ സി.സി ടിവി ദൃശ്യങ്ങളില്‍ ഒരാള്‍ കുഞ്ഞിനടുത്ത് വന്നിരിക്കുന്നതും അല്പസമയത്തിന് ശേഷം കുട്ടിയെ എടുത്ത് കൊണ്ട് പോകുന്നതും വ്യക്തമായി തെളിഞ്ഞിരുന്നു. ഈ ദൃശ്യങ്ങളാണ് കുട്ടിയെ കണ്ടെത്താന്‍ സഹായകരമായതെന്ന് പോലീസ് പറഞ്ഞു.