| Sunday, 10th March 2024, 4:09 pm

രഞ്ജി ഫൈനലില്‍ താക്കൂര്‍ ഇഫക്ട്; ആദ്യ ഇന്നിങ്‌സില്‍ മുംബൈ ഓള്‍ ഔട്ട്, അഞ്ചുപേര്‍ രണ്ടക്കം കണ്ടില്ല

സ്പോര്‍ട്സ് ഡെസ്‌ക്

രഞ്ജി ട്രോഫി ഫൈനലില്‍ മുംബൈയും വിദര്‍ഭയും ഏറ്റുമുട്ടിക്കൊണ്ടിരിക്കുകയാണ്. വാങ്കഡെ സ്റ്റേഡിയത്തില്‍ ടോസ് നേടിയ വിദര്‍ഭ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ മുംബൈ 224 റണ്‍സിന് ഓള്‍ ഔട്ട് ആയിരിക്കുകയാണ്.

ഓപ്പണര്‍ പൃഥ്വി ഷാ 63 പന്ത് നേരിട്ട് അഞ്ച് ബൗണ്ടറി അടക്കം 46 റണ്‍സ് നേടിയാണ് പുറത്തായത്. ഭൂപന്‍ ലാല്‍വാനി 64 പന്തില്‍ നാല് ബൗണ്ടറി അടക്കം 37 റണ്‍സ് നേടിയപ്പോള്‍ ഓപ്പണിങ് തകരുകയായിരുന്നു. എന്നാല്‍ അതിനുശേഷവും മുംബൈക്ക് പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. ക്യാപ്റ്റന്‍ അജിന്‍ക്യാ രഹാനെ അടക്കം അഞ്ച് ബാറ്റര്‍മാരാണ് രണ്ടക്കം കാണാതെ പുറത്തായത്. മുഷീര്‍ ഖാന്‍ (6), അജിന്‍ക്യാ രഹാനെ (7), ശ്രേയസ് അയ്യര്‍ (7), ഹര്‍ദിക് താമോര്‍ (5), തനുഷ് കോട്ടിയാന്‍ (8) എന്നിവരാണ് പുറത്തായത്. ശേഷം ഷാംസ് മുലാനി 13 റണ്‍സ് നേടി പുറത്തായെങ്കിലും ഏറെ അത്ഭുതപ്പെടുത്തിയത് ഷര്‍ദുല്‍ താക്കൂറാണ്.

69 പന്തില്‍ നിന്ന് മൂന്ന് സിക്‌സറും എട്ട് ഫോറും അടക്കം 75 റണ്‍സ് നേടിയാണ് താരം പുറത്തായത്. വലിയ തകര്‍ച്ചയില്‍ നിന്നാണ് താക്കൂര്‍ ബാക്ക് എന്‍ഡില്‍ നിന്ന് മുംബൈയുടെ സ്‌കോര്‍ ഉയര്‍ത്തുന്നത്. താരത്തിന്റെ കൂടെ തുഷാര്‍ ദേഷ് പാണ്ഡെ 14 റണ്‍സ് നേടിയെങ്കിലും ഒരു റണ്‍ ഔട്ടില്‍ താരം പുറത്താവുകയായിരുന്നു.

വിദര്‍ഭയുടെ ബൗളിങ് നിരയില്‍ ഹര്‍ഷ് ദുബെയും യാഷ് താക്കൂറുമാണ് തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചത്. ഇരുവരും മൂന്നു വിക്കറ്റുകള്‍ വീതമാണ് വീഴ്ത്തിയത്. ഉമേഷ് യാദവും ആദിത്യ തക്‌രെയും ഓരോ വിക്കറ്റുകളും വീതവും വീഴ്ത്തി.

Content Highlight: Mumbai Is All Out In Ranji Trophy Final First Innings

We use cookies to give you the best possible experience. Learn more