മുംബൈ: മുംബൈയില്‍ ശനിയാഴ്ചയുണ്ടായ അക്രമസംഭവങ്ങളില്‍ ആളുകളെക്കൂട്ടിയത് എസ്.എം.എസും വീഡിയോ ക്ലിപ്പിങ്‌സും വഴിയെന്ന ആരോപണം ശക്തമാകുന്നു. തീവ്രവികാരമുയര്‍ത്തുന്ന എസ്.എം.എസ് സന്ദേശങ്ങളും വീഡിയോ ദൃശ്യങ്ങളും മ്യാന്‍മര്‍ കൂട്ടക്കൊലയുടെ ഫോട്ടോഗ്രാഫുകളും വഴിയാണ് യുവാക്കളോട് അക്രമത്തിന് ആഹ്വാനം ചെയ്തതെന്ന് മതസാമുദായിക നേതാക്കളും രാഷ്ട്രീയക്കാരും ആരോപിച്ചിരുന്നു. []
ഇത്തരത്തിലുള്ള വീഡോയോകള്‍ പ്രചരിച്ചതായി തങ്ങള്‍ക്കറിയില്ലെന്നാണ് പോലീസ് ആദ്യം അവകാശപ്പെട്ടത്. എന്നാല്‍ പിന്നീട് സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ സെല്‍ ഇക്കാര്യം പരിശോധിക്കുകയും ആവശ്യമെങ്കില്‍ ഇത്തരം സന്ദേശങ്ങള്‍ തടയുമെന്ന് അറിയിക്കുകയും ചെയ്തു.
വീഡിയോ ദൃശ്യങ്ങളിലൊന്നില്‍ ഒരു ബര്‍മക്കാരന്‍ ജീവനുംകൊണ്ടോടുന്നതാണ് കാണുന്നത്. ഇയാളുടെ ശരീരത്തില്‍ നിന്നും രക്തം വാര്‍ന്നുപോകുന്നുണ്ട്. ഒരു പോലീസുകാരന്‍ നോക്കി നില്‍ക്കെ ഇയാളെ ജനക്കൂട്ടം വടികള്‍ കൊണ്ട് അടിക്കുന്നു. ഇതുപോലുള്ള വീഡിയോകളാണ് എം.എം.എസ് വഴിയും ബ്ലൂടൂത്ത് വഴിയും വ്യാപിക്കുന്നത്.
ശനിയാഴ്ച മുംബൈയിലുണ്ടായ അക്രമസംഭവങ്ങളില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും 63 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സിറ്റി പോലീസിന്റെ ഇന്റലിജന്‍സ് വിഭാഗം കൂടിയായ മുംബൈ പോലീസിനെ ഈ അക്രമസംഭവങ്ങള്‍ ഞെട്ടിച്ചിരുന്നു.
” മ്യാന്‍മറില്‍ മുസ്‌ലീംകളെ കൊല്ലുന്ന വീഡിയോ ദൃശ്യങ്ങള്‍ മിക്ക യുവാക്കളുടെയും മൊബൈല്‍ ഫോണില്‍ ലഭ്യമാണ്. യുവാക്കളെ പ്രതിഷേധിക്കാന്‍ പ്രകോപിപ്പിക്കുന്നവയാണിവ. പോലീസ് ഇത് തിരിച്ചറിഞ്ഞിരുന്നെങ്കില്‍ മുന്‍കരുതല്‍ നടപടിയെടുക്കുമായിരുന്നു. ” മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകന്‍ പറഞ്ഞു.
യുവാക്കളുടെ സെല്‍ഫോണുകള്‍ പോലീസ് പരിശോധിക്കണമെന്നാവശ്യപ്പെട്ട് മതനേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. പ്രകോപനമുണ്ടാക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ യുവാക്കള്‍ ഫോണില്‍ സൂക്ഷിക്കുന്നത് തടയണം. മ്യാന്‍മര്‍ കൂട്ടക്കൊലയെ ദേശീയ മാധ്യമങ്ങള്‍ പാടേ അവഗണിച്ചെന്ന് പറഞ്ഞാണ് ജനക്കൂട്ടം മാധ്യമങ്ങള്‍ക്കുനേരെ തിരിഞ്ഞത്. കുറച്ച് പ്രവാസികള്‍ അമേരിക്കയില്‍ കൊല്ലപ്പെട്ടാല്‍ അതില്‍ ദു:ഖം രേഖപ്പെടുത്തുന്നവരാണ് കേന്ദ്രസര്‍ക്കാര്‍. മ്യാന്‍മറിലെ കൂട്ടക്കൊലയെ അവര്‍ പാടേ അവഗണിച്ചിരിക്കുകയാണെന്നും മതനേതാവ് കുറ്റപ്പെടുത്തി.
ഇന്റലിജന്‍സ് വിഭാഗത്തിന്റെ ഭാഗത്ത് വന്‍ വീഴ്ചയാണുണ്ടായിട്ടുള്ളതെന്ന ആരോപണം ശക്തമാണ്. അസദ് മൈതാനത്തിലെ പ്രതിഷേധ റാലിയില്‍ 10,000-12,000 വരെ ആളുകളാണ് പങ്കെടുക്കുകയെന്നായിരുന്നു പോലീസ് നിഗമനം. എന്നാല്‍ 50,000ത്തോളം പേരാണ് അന്ന് റാലിയില്‍ പങ്കെടുത്തത്.
ഇതാദ്യമായല്ല പോലീസ് ഇന്റലിജന്‍സ് സിസ്റ്റം പൂര്‍ണമായി പരാജയപ്പെടുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മുഹമ്മദ് നബിയെ കാര്‍ട്ടൂണില്‍ വരച്ച ഡാനിഷ് കാര്‍ട്ടൂണിസ്റ്റിനെതിരെ മുസ്‌ലീംകള്‍ പ്രതിഷേധിച്ചപ്പോള്‍ പോലീസ് കരുതിയത് സംഘത്തില്‍ വെറും 20,000 ആളുകളാണെന്നാണ്. എന്നാല്‍ ഒന്നരലക്ഷത്തിലധികം ആളുകളായിരുന്നു അന്ന് പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തത്.
ശനിയാഴ്ച മുംബൈയിലെ ആസാദ് മൈതാനിയില്‍ റാസ അക്കാദമി സംഘടിപ്പിച്ച സമ്മേളനമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. അസമിലെ കലാപത്തിലും മ്യാന്‍മറില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരേ നടക്കുന്ന അക്രമങ്ങളിലും പ്രതിഷേധിക്കാനെത്തിയവര്‍ പൊടുന്നനെ വാഹനങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും നേരേ കല്ലെറിയുകയും തെരുവിലേക്കിറങ്ങുകയുമായിരുന്നു. റാലിയില്‍ മൗലാനയുടെ പ്രസംഗമാണ് പ്രകോപനത്തിന് കാരണമായതെന്നും വ്യക്തമായിട്ടുണ്ട്.