വിമണ്‍സ് പ്രീമിയര്‍ ലീഗില്‍ ബെംഗളൂരിനെതിരെ നാല് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം. എം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ബെംഗളൂരു ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് നേടാനാണ് ടീമിന് സാധിച്ചത്.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ ഒരു ബോള്‍ അവശേഷിക്കെ ആറ് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു. ഇതോടെ മുംബൈ സീസണിലെ തങ്ങളുടെ രണ്ടാം വിജയമാണ് നേടിയത്. മുംബൈക്ക് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം കാഴ്ചവെച്ചത് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും അമന്‍ജോത് കൗറുമാണ്.
ഹര്‍മന്‍പ്രീത് കൗര്‍ 38 പന്തില്‍ നിന്ന് എട്ട് ഫോറും ഒരു സിക്സും ഉള്‍പ്പെടെ 50 റണ്‍സ് നേടിയാണ് പുറത്തായത്. ടീമിന്റെ ടോപ് ഓര്‍ഡര്‍ തകര്‍ന്നുകൊണ്ടിരുന്നപ്പോഴാണ് ക്യാപ്റ്റന്‍ നിര്‍ണായക ഇന്നിങ്‌സ് കളിച്ചത്. എന്നാല്‍ ജോര്‍ജിയ വേര്‍ഹാം താരത്തെ മടക്കിയയച്ചപ്പോള്‍ അമേലിയ കെറിനെ രണ്ട് റണ്‍സിനും മുംബൈക്ക് നഷ്ടമായി. മൂന്നാമതായി ഇറങ്ങിയ നാറ്റ് സൈവര്‍ ബ്രന്‍ഡ് 42 റണ്‍സും നേടിയിരുന്നു.
പിന്നീട് ടീമിനെ വിജയത്തിലെത്തിച്ചത് അമന്‍ജോത് കൗറാണ്. 27 പന്തില്‍ നിന്ന് രണ്ട് സിക്‌സും രണ്ട് ഫോഫും ഉള്‍പ്പെടെ 34 റണ്‍സാണ് താരം നേടിയത്. മലയാളി താരം സജന സജീവന്‍ പൂജ്യം റണ്‍സിനാണ് കൂടാരം കയറിയത്. അമന്‍ജോതിന് കൂട്ടായി കമാലിനി ഗുണലിന്‍ എട്ട് പന്തില്‍ നിന്ന് 11 റണ്‍സ് നേടി പുറത്താകാതെ നിന്നു.
ബെംഗളൂരിന് വേണ്ടി മികച്ച ബൗളിങ് പ്രകടനം നടത്തിയത് ജോര്‍ജിയ വേര്‍ഹാം ആയിരുന്നു. ഒരു മെയ്ഡന്‍ അടക്കം മൂന്ന് വിക്കറ്റുകളാണ് താരം നേടിയത്. കിം ഗര്‍ത്ത് രണ്ട് വിക്കറ്റും ഇക്ത ബിസ്‌ക് ഒരു വിക്കറ്റും നേടി.
ബെംഗളൂരിന് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം കാഴ്ചവെച്ചത് മൂന്നാമതായി ഇറങ്ങിയ എല്ലിസ് പെരിയാണ്. 43 പന്തില്‍ നിന്ന് 11 ഫോറും രണ്ട് സിക്സും ഉള്‍പ്പെടെ 81 റണ്‍സാണ് താരം നേടിയത്. 188.37 എന്ന കിടിലന്‍ സ്ട്രൈക്ക് റേറ്റിലാണ് എല്ലിസ് ആക്രമിച്ച് കളിച്ചത്.
താരത്തിന് പുറമേ മധ്യ നിരയില്‍ ഇറങ്ങിയ റിച്ചാ ഘോഷ് 28 റണ്‍സ് നേടിയിരുന്നു. ഓപ്പണറും ക്യാപ്റ്റനുമായ സ്മൃതി മന്ഥാന 13 പന്തില്‍ നാല് ഫോറും ഒരു സിക്സും ഉള്‍പ്പെടെ 26 റണ്‍സ് നേടിയാണ് പുറത്തായത്. മറ്റാര്‍ക്കും തന്നെ ടീമിനുവേണ്ടി രണ്ട് അക്കം കടക്കാന്‍ സാധിച്ചില്ലായിരുന്നു.
മുംബൈക്ക് വേണ്ടി മികച്ച ബൗളിങ് പ്രകടനം നടത്തിയത് അമന്‍ജോത് കൗര്‍ ആണ്. മൂന്ന് ഓവര്‍ എറിഞ്ഞ് 22 റണ്‍സ് വഴങ്ങി 3 വിക്കറ്റുകളാണ് താരം നേടിയത്. ഷബിനിം ഇസ്മയില്‍, നാറ്റ് സൈവര്‍ ബ്രന്‍ഡ്, ഹെയ്ലി മാത്യൂസ്, സന്‍സ്‌കൃതി ഗുപ്ത എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി മികവ് പുലര്‍ത്തി. നിലവില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് വിജയവും ഒരു തോല്‍വിയുമായി ബംഗളൂരുതന്നെയാണ് ഒന്നാം സ്ഥാനത്ത്. നാല് പോയിന്റ് വീതം നേടി രണ്ടാം സ്ഥാനത്ത് മുംബൈയും ഉണ്ട്.
Content Highlight: Mumbai Indians Won Against Bengaluru In WPL