| Sunday, 26th March 2023, 10:47 pm

ചരിത്രം കുറിച്ച് മുംബൈ ഇന്ത്യന്‍സ്; പ്രഥമ ഡബ്ല്യൂ.പി.എല്‍ കിരീടമുയര്‍ത്തി ഹര്‍മന്‍പ്രീത്

സ്പോര്‍ട്സ് ഡെസ്‌ക്

പ്രഥമ വുമണ്‍സ് പ്രീമിയര്‍ ലീഗിന്റെ ചാമ്പ്യന്‍മാരായി മുംബൈ ഇന്ത്യന്‍. ഫൈനലില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെ ഏഴ് വിക്കറ്റിന് തോല്‍പിച്ചാണ് മുംബൈ ഇന്ത്യന്‍ ഫ്രാഞ്ചൈസി ലീഗിന്റെ ചരിത്രപുസ്തകത്തില്‍ ഇടം നേടിയത്.

ഫൈനലില്‍ പന്ത് കൊണ്ട് ഇസി വോങ്ങും ഹെയ്‌ലി മാത്യൂസും വിസ്മയം കാണിച്ചപ്പോള്‍ ബാറ്റിങ്ങില്‍ നാറ്റ് സ്‌കൈവര്‍ ബ്രണ്ടും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതും മികച്ച പ്രകടനം കാഴ്ചവെച്ചതോടെയാണ് മുംബൈ കിരീടം ചൂടിയത്.

മത്സരത്തില്‍ ടോസ് നേടിയ ദല്‍ഹി ക്യാപ്പിറ്റല്‍സ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച തുടക്കമായിരുന്നില്ല ക്യാപ്പിറ്റല്‍സിന് ലഭിച്ചത്.

ടീം സ്‌കോര്‍ 12ല്‍ നില്‍ക്കവെ ഓപ്പണര്‍ ഷെഫാലി വര്‍മയെ ക്യാപ്പിറ്റല്‍സിന് നഷ്ടമായി. നാല് പന്തില്‍ നിന്നും 11 റണ്‍സ് നേടി നില്‍ക്കവെ ഇസി വോങ്ങിന്റെ പന്തില്‍ അമേല കേറിന് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം. അതേ അവറില്‍ തന്നെ അലീസ് ക്യാപ്സിയെ മടക്കി വോങ് ക്യാപ്പിറ്റല്‍സിന് മേല്‍ ഇരട്ട പ്രഹരമേല്‍പിച്ചു.

പ്രതീക്ഷയോടെ ക്രീസിലെത്തിയ ജെമീമ റോഡ്രിഗസിനും കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല. എട്ട് പന്തില്‍ നിന്നും ഒമ്പത് റണ്‍സ് നേടി നില്‍ക്കവെ ഹെയ്ലി മാത്യൂസിന് ക്യാച്ച് നല്‍കിയായിരുന്നു ജെമീമ മടങ്ങിയത്. ഇസി വോങ് തന്നെയായിരുന്നു ജെമീമയെയും മടക്കിയത്. തുടര്‍ന്നും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണുകൊണ്ടിരുന്നു.

35 റണ്‍സ് നേടിയ ക്യാപ്റ്റന്‍ മെഗ് ലാന്നിങ്ങാണ് ടീമിന്റെ ടോപ് സ്‌കോറര്‍. അവസാന ബാറ്ററായി ഇറങ്ങി വെടിക്കെട്ട് തീര്‍ത്ത രാധ യാദവും മിഡില്‍ ഓര്‍ഡറില്‍ ചെറുത്ത് നിന്ന ശിഖ പാണ്ഡേയുമാണ് ക്യാപ്പിറ്റല്‍സിന് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. ശിഖ പാണ്ഡേയും രാധ യാദവും 27 റണ്‍സ് നേടിയതോടെ ക്യാപ്പിറ്റല്‍സ് 131 റണ്‍സ് അക്കൗണ്ടിലാക്കി.

ബൗളിങ്ങില്‍ മൂന്ന് വീതം വിക്കറ്റ് വീഴ്ത്തിയ ഇസി വോങ്ങും ഹെയ്‌ലി മാത്യൂസുമാണ് ക്യാപ്പിറ്റല്‍സിനെ തകര്‍ത്തുവിട്ടത്. ഹെയ്‌ലി നാല് ഓവറില്‍ അഞ്ച് റണ്‍സ് വഴങ്ങിയാണ് മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. ഇവര്‍ക്കുപുറമെ അമേല കേര്‍ രണ്ട് വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ വണ്‍ ഡൗണായെത്തിയ നാറ്റ് സ്‌കൈവറിന്റെയും ക്യാപ്റ്റന്‍ ഹര്‍മന്റെയും ഇന്നിങ്‌സിന്റെ ബലത്തില്‍ വിജയം സ്വന്തമാക്കുകയായിരുന്നു. നാറ്റ് സ്‌കിവര്‍ 55 പന്തില്‍ നിന്നും 60 റണ്‍സ് നേടിയപ്പോള്‍ കൗര്‍ 39 പന്തില്‍ നിന്നും 37 റണ്‍സ് നേടി പുറത്തായി.

Content Highlight: Mumbai Indians wins 1st WPL title

We use cookies to give you the best possible experience. Learn more