2023 ഐ.പി.എല്‍ സീസണിലെ 22ാം മത്സരത്തില്‍ ഞായറാഴ്ച അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് നിതീഷ് റാണ നയിക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടുകയാണ്. മുംബൈയുടെ തട്ടകമായ വാങ്കഡെ സ്റ്റേഡിയത്തില്‍ വൈകുന്നേരം 3.30നാണ് മത്സരം.
റിലയന്‍സ് ഫൗണ്ടേഷന്റെയും മുംബൈ ഇന്ത്യന്‍സിന്റെയും വിദ്യാഭ്യാസ, കായിക സംരംഭവുമായി ബന്ധപ്പെട്ട ‘ഇ.എസ്.എ ദിനം’ ആഘോഷിക്കുന്നതിന്റെ ഭാഗമായി കുറച്ച് പ്രത്യേകതകളോടെയാണ് മുംബൈ ഇന്ത്യന്‍സ് ഞായറാഴ്ച നടക്കുന്ന മത്സരത്തില്‍ കളത്തിലിറങ്ങുക. ഇതിന്റെ ഭാഗമായി മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന്റെ വനിതാ പ്രീമിയര്‍ ലീഗ്(ഡബ്ല്യു.പി.എല്‍) ജേഴ്സിയണിഞ്ഞാണ് ഫ്രാഞ്ചൈസി ഞായറാഴ്ച കളിത്തിലിറങ്ങുക.
മുംബൈ ഇന്ത്യന്‍സ് വുമണ്‍സ് ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും സഹതാരങ്ങളില്‍ ചിലരും സ്‌പെഷ്യല്‍ അതിഥികളായി ഇന്ന് വാങ്കഡെ സ്റ്റേഡിയത്തിലുണ്ടാകും. അതിനിടെ മത്സരത്തിന് മുമ്പ് ടോസിടുമ്പോള്‍ നായകന്‍
രോഹിത് ശര്‍മക്കൊപ്പം ഹര്‍മന്‍പ്രീതും കൂടെ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഇ.എസ്.എയുടെ 36 എന്‍.ജി.ഒകളില്‍ നിന്നുള്ള 19,000 പെണ്‍കുട്ടികളും മുംബൈ ഇന്ത്യന്‍സിന് പിന്തുണ അറിയിക്കാന്‍ സ്റ്റേഡിയത്തില്‍ അതിഥികളായുണ്ടാകും. പെണ്‍കുട്ടികള്‍ക്ക് വേണ്ടിയാണ് മുംബൈ പരിപാടി ഡെഡിക്കേറ്റ് ചെയ്യുന്നത്.
ആഘോഷം വിജയിപ്പിക്കാന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ വിപുലമായ സംവിധാനങ്ങള്‍ വാങ്കഡയില്‍ ഒരുക്കിയിട്ടുണ്ട്.
19,000 കുട്ടികളെ സ്റ്റേഡിയത്തിലെത്തിക്കുന്നതിനായി 2000ലധികം സന്നദ്ധപ്രവര്‍ത്തകരാണുണ്ടാകുക. ഇവര്‍ക്കാവശ്യമായ ഭക്ഷണവും വെള്ളവുമൊക്കെ ഫൗണ്ടേഷന്‍ ഒരുക്കും. ഈ കുട്ടികള്‍ സ്‌റ്റേഡിയത്തില്‍ പ്രത്യേകം തയ്യാറാക്കിയ ഇരിപ്പിടങ്ങളില്‍ ഇ.എസ്.എ ടീ ഷര്‍ട്ടുകള്‍ ധരിച്ചാകും ഉണ്ടാകുക.
സ്‌പെഷല്‍ മത്സരം വിജയിച്ചുകയറി പോയിന്റ് ടേബിളില്‍ നില മെച്ചപ്പെടുത്താനാണ് മുംബൈ ലക്ഷ്യമിടുന്നത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു വിജയവും രണ്ട് തോല്‍വിയുമായി പോയിന്റ് ടേബിളല്‍ ഒമ്പതാമതാണ് നിലവില്‍ മുംബൈ.
Content Highlight: Mumbai Indians will be wearing MI’s WPL jersey Sunday