|

ഇവിടെ നെറ്റ് റണ്‍ റേറ്റ് പോലും തുണക്കില്ല; സഞ്ജുവിനെ കരയിക്കാനൊരുങ്ങി വിരാടും രോഹിത്തും

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2023ലെ 54ാം മത്സരത്തിനാണ് കളമൊരുങ്ങുന്നത്. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഹോം ടീമായ മുംബൈ ഇന്ത്യന്‍സ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടും. രാത്രി 7.30നാണ് മത്സരം അരങ്ങേറുന്നത്.

നിലവില്‍ പത്ത് മത്സരം വീതം കളിച്ച ബെംഗളൂരുവിനും മുംബൈ ഇന്ത്യന്‍സിനും പത്ത് പോയിന്റ് വീതമാണുള്ളത്. നെറ്റ് റണ്‍ റേറ്റിന്റെ അടിസ്ഥാനത്തില്‍ ആര്‍.സി.ബി പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തും മുംബൈ ഇന്ത്യന്‍സ് എട്ടാം സ്ഥാനത്തുമാണ്.

എന്നാല്‍ ചൊവ്വാഴ്ച നടക്കുന്ന മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് പോയിന്റ് പട്ടികയില്‍ വന്‍ കുതിച്ചുചാട്ടം ഉണ്ടാക്കാന്‍ സാധിക്കും. ഈ മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് 12 പോയിന്റാവുകയും ചെന്നൈ സൂപ്പര്‍ കിങ്‌സിന് തൊട്ടുതാഴെയായി മൂന്നാം സ്ഥാനത്തേക്ക് എത്താനും സാധിക്കും.

ഏതെങ്കിലും കാരണവശാല്‍ ഇന്നത്തെ മത്സരം ഉപേക്ഷിക്കുകയാണെങ്കിലും പോയിന്റ് പട്ടികയില്‍ മുന്നേറ്റമുണ്ടാക്കാന്‍ ഇവരുവര്‍ക്കും സാധിക്കും. അഥവാ വാംഖഡെയിലെ മത്സരം ഉപേക്ഷിക്കേണ്ടി വന്നാല്‍ ഇരുടീമിനും 11 പോയിന്റ് വീതമാവുകയും ആര്‍.സി.ബി നാലാം സ്ഥാനത്തേക്കും മുംബൈ അഞ്ചാം സ്ഥാനത്തേക്കും ഉയരും.

ഇരുടീമുകളിലും ആരുതന്നെ വിജയിച്ചാലും ഏറ്റവും വലിയ തിരിച്ചടിയാകുന്നത് രാജസ്ഥാന്‍ റോയല്‍സിനായിരിക്കും. നിലവില്‍ പത്ത് പോയിന്റുമായി പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്ത് തുടരുന്ന രാജസ്ഥാന്‍ അഞ്ചാം സ്ഥാനത്തേക്ക് വീഴും. അഥവാ മത്സരം ഉപേക്ഷിക്കുകയാണെങ്കില്‍ രാജസ്ഥാന്‍ ആറാം സ്ഥാനത്തേക്കും തള്ളപ്പെടും.

അതായത് ചൊവ്വാഴ്ച നടക്കുന്ന മത്സരത്തിന്റെ വിധിയെന്ത് തന്നെയായാലും അത് ഏറ്റവുമധികം പ്രതികൂലമായി ബാധിക്കുന്നത് രാജസ്ഥാനെ തന്നെയായിരിക്കും.

(ഐ.പി.എല്‍ പോയിന്റ് ടേബിളിന്റെ പൂര്‍ണരൂപം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)

നിലവില്‍ 11 മത്സരത്തില്‍ നിന്നും അഞ്ച് ജയവും ആറ് തോല്‍വിയുമായി പത്ത് പോയിന്റാണ് രാജസ്ഥാനുള്ളത്. ശേഷിക്കുന്ന മൂന്ന് മത്സരത്തില്‍ വിജയിക്കാന്‍ സാധിച്ചാല്‍ രാജസ്ഥാന് മുമ്പില്‍ പ്ലേ ഓഫ് സാധ്യതകള്‍ തുറന്നേക്കും. ഇതില്‍ ഏറ്റവുമധികം നിര്‍ണായകമാകുന്നത് നെറ്റ് റണ്‍ റേറ്റുമായിരിക്കും.

മെയ് 11നാണ് ഈഡന്‍ ഗാര്‍ഡന്‍സില്‍ വെച്ചാണ് രാജസ്ഥാന്റെ അടുത്ത മത്സരം. രാജസ്ഥാനൊപ്പം തന്നെ തുല്യ സാധ്യതകള്‍ കല്‍പിക്കുന്ന ഹോം ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് സഞ്ജുവിന്റെയും സംഘത്തെിന്റെയും എതിരാളികള്‍.

രാജസ്ഥാനെ പോലെ തന്നെ 11 മത്സരത്തില്‍ നിന്നും പത്ത് പോയിന്റാണ് കൊല്‍ക്കത്തക്കുമുള്ളത്. ഈ മത്സരത്തില്‍ തോല്‍കുന്ന ടീമിന്റെ പ്ലേ ഓഫ് സാധ്യതകള്‍ അവസാനിക്കുമെന്നതിനാല്‍ വിജയം മാത്രമാണ് ഇരുവരും ലക്ഷ്യമിടുന്നത്.

Content Highlight: Mumbai Indians vs Royal Challengers match to decide Rajasthan’s chances.