Ipl 2020
തകര്‍ത്തടിച്ച് രോഹിതും പൊള്ളാര്‍ഡും ഹര്‍ദികും, എറിഞ്ഞിട്ട് ബുംറ; മുംബൈയ്ക്ക് തകര്‍പ്പന്‍ ജയം
സ്പോര്‍ട്സ് ഡെസ്‌ക്
2020 Oct 01, 05:57 pm
Thursday, 1st October 2020, 11:27 pm

ദുബായ്: ഐ.പി.എല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ മുംബൈ ഇന്ത്യന്‍സിന് തകര്‍പ്പന്‍ ജയം. 192 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ പഞ്ചാബിന് 143 റണ്‍സെടുക്കാനേ ആയുള്ളൂ.

മുംബൈയ്ക്കായി ബുംറ നാലോവറില്‍ 18 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തി. പാറ്റിന്‍സണും രാഹുല്‍ ചഹാറും രണ്ട് വിക്കറ്റ് വീഴ്ത്തി.

പഞ്ചാബിനായി നിക്കോളസ് പൂരാന്‍ (44) മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുത്തിരുന്നു.

അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് മുംബൈക്കായി തിളങ്ങിയത്. 45 പന്തുകള്‍ നേരിട്ട രോഹിത് മൂന്നു സിക്സും എട്ട് ഫോറുമടക്കം 70 റണ്‍സെടുത്തു.

തകര്‍ച്ചയോടെയായിരുന്നു മുംബൈയുടെ തുടക്കം. ആദ്യ ഓവറിലെ നാലാം പന്തില്‍ ക്വിന്റണ്‍ ഡിക്കോക്കിനെ (0) ഷെല്‍ഡന്‍ കോട്രല്‍ പുറത്താക്കി.

സ്‌കോര്‍ 21-ല്‍ നില്‍ക്കെ സൂര്യകുമാര്‍ യാദവ് (10) റണ്ണൗട്ടായി. ഷമിയുടെ നേരിട്ടുള്ള ത്രോയിലാണ് താരം പുറത്തായത്.

പിന്നീട് ഇഷാന്‍ കിഷനൊപ്പം രോഹിത് 62 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. കഴിഞ്ഞ മത്സരത്തിലെ മികവ് പുറത്തെടുക്കാന്‍ സാധിക്കാതിരുന്ന കിഷന്‍ 32 പന്തില്‍ നിന്ന് 28 റണ്‍സെടുത്താണ് പുറത്തായത്. ഓരോ ഫോറും സിക്സും മാത്രമാണ് താരത്തിന്റെ ഇന്നിങ്സില്‍ ഉണ്ടായിരുന്നത്.

തുടര്‍ന്ന് തകര്‍ത്തടിച്ച പൊള്ളാര്‍ഡ്-ഹാര്‍ദിക് കൂട്ടുകെട്ടാണ് മുംബൈ സ്‌കോര്‍ 191-ല്‍ എത്തിച്ചത്. അഞ്ചാം വിക്കറ്റില്‍ ഇരുവരും വെറും 25 പന്തില്‍ 67 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.

അവസാന 5 ഓവറില്‍ മുംബൈ അടിച്ചുകൂട്ടിയത് 89 റണ്‍സാണ്. ഗൗതം എറിഞ്ഞ അവസാന ഓവറില്‍ മാത്രം 25 റണ്‍സ് പിറന്നു.

പൊള്ളാര്‍ഡ് 20 പന്തില്‍ നാലു സിക്സും മൂന്നു ഫോറുമടക്കം 47 റണ്‍സെടുത്തു. 11 പന്തുകള്‍ നേരിട്ട പാണ്ഡ്യ രണ്ടു സിക്സും മൂന്നു ഫോറുമടക്കം 30 റണ്‍സെടുത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Mumbai Indians vs Kings XI Punjab IPL 2020