ദുബായ്: ഐ.പി.എല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ മുംബൈ ഇന്ത്യന്‍സിന് തോല്‍വി. രണ്ട് സൂപ്പര്‍ ഓവറുകള്‍ കണ്ട ആവേശകരമായ മത്സരത്തിനൊടുവിലായിരുന്നു മുംബൈയുടെ തോല്‍വി.
നിശ്ചിത ഓവറില്‍ ഇരുടീമുകളും 176 റണ്‍സെടുക്കുകയായിരുന്നു. ആദ്യ സൂപ്പര്‍ ഓവറില്‍ ഇരുടീമുകളും അഞ്ച് റണ്‍സെടുത്തതോടെ കളി രണ്ടാം സൂപ്പര്‍ ഓവറിലേക്ക് നീണ്ടു.
രണ്ടാം സൂപ്പര്‍ ഓവറില്‍ മുംബൈ ഉയര്‍ത്തിയ 11 റണ്‍സ് പഞ്ചാബ് ഗെയിലിന്റെ മികവില്‍ മറികടക്കുകയായിരുന്നു.
പഞ്ചാബിനായി പതിവ് പോലെ ക്യാപ്റ്റന്‍ രാഹുല്‍ മികച്ച പ്രകടനം നടത്തിയെങ്കിലും ക്രീസിലുറച്ച് പിന്തുണയ്ക്കാന്‍ ആരുമുണ്ടായില്ല. ഗെയ്‌ലും പൂരനും 24 വീതം റണ്‍സെടുത്ത് മടങ്ങി. ദീപക് ഹൂഡ 23 റണ്‍സുമായി പുറത്താകാതെ നിന്നു
51 പന്തില്‍ 77 റണ്‍സാണ് രാഹുല്‍ നേടിയത്.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിലാണ് 176 റണ്‍സെടുത്തത്. അര്‍ധ സെഞ്ചുറി നേടിയ ഓപ്പണര്‍ ക്വിന്റണ്‍ ഡിക്കോക്കാണ് മുംബൈ നിരയിലെ ടോപ് സ്‌കോറര്‍. 43 പന്തുകള്‍ നേരിട്ട ഡിക്കോക്ക് മൂന്ന് വീതം സിക്സും ഫോറുമടക്കം 53 റണ്‍സെടുത്തു.
ടോസ് നേടി ബാറ്റിങ് ആരംഭിച്ച മുംബൈയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. പവര്‍പ്ലേ ഓവറുകള്‍ക്കുള്ളില്‍ രോഹിത് ശര്‍മ (9), സൂര്യകുമാര്‍ യാദവ് (0), ഇഷാന്‍ കിഷന്‍ (7) എന്നിവരുടെ വിക്കറ്റുകള്‍ മുംബൈക്ക് നഷ്ടമായി.
തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച ക്വിന്റണ്‍ ഡിക്കോക്ക് – ക്രുണാല്‍ പാണ്ഡ്യ സഖ്യമാണ് മുംബൈ ഇന്നിങ്സിനെ താങ്ങിനിര്‍ത്തിയത്. നാലാം വിക്കറ്റില്‍ ഇരുവരും 58 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.
30 പന്തില്‍ നിന്ന് ഒരു സിക്സും നാലു ഫോറുമടക്കം 34 റണ്‍സെടുത്ത ക്രുണാലിനെ പുറത്താക്കി രവി ബിഷ്ണോയിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
തുടര്‍ന്ന് അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച കിറോണ്‍ പൊളളാര്‍ഡും നഥാന്‍ കോള്‍ട്ടര്‍-നെയ്ലും ചേര്‍ന്നാണ് മുംബൈയെ 176-ല്‍ എത്തിച്ചത്. ഏഴാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് വെറും 21 പന്തില്‍ നിന്ന് 57 റണ്‍സാണ് അടിച്ചെടുത്തത്.
പൊള്ളാര്‍ഡ് 12 പന്തില്‍ നിന്ന് നാലു സിക്സറുകളടക്കം 34 റണ്‍സെടുത്തു. കോള്‍ട്ടര്‍-നെയ്ല്‍ 12 പന്തില്‍ നിന്ന് നാലു ഫോറടക്കം 24 റണ്‍സുമെടുത്തു. പഞ്ചാബിനായി അര്‍ഷ് ദീപ്, മുഹമ്മദ് ഷമി എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Mumbai Indians vs Kings XI Punjab IPL 2020