| Thursday, 4th May 2023, 1:20 pm

'പൊലീസ് ഇടപെടേണ്ടതില്ല, ക്രൈമൊന്നുമല്ല, ഗെയിം കളിച്ചപ്പോള്‍ ഒരു ടീമിവിടെ അടിപതറിയതാണ്'; പഞ്ചാബിനെ ട്രോളി മുംബൈ ഇന്ത്യന്‍സിന്റെ ട്വീറ്റ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിങ്‌സിനെ തകര്‍ത്തതിന് പിന്നാലെ തരംഗമായി മുംബൈ ഇന്ത്യന്‍സിന്റെ ട്വീറ്റ്. ജയത്തിന് പിന്നാലെ മൊഹാലിയില്‍ വലിയ അടി നടന്നിട്ടുണ്ടെന്നും അര്‍ഷ്ദീപ് സിങ്ങിനെ കാണാനില്ലെന്നും പരിഹസിച്ച് മുംബൈ ആരാധകരുടെ ട്വീറ്റുകളുണ്ടായിരുന്നു. പിന്നാലെയാണ് മുംബൈ ഇന്ത്യന്‍സിന്റെ ട്വീറ്റ് എത്തിയത്.

അടിയൊന്നും നടന്നിട്ടില്ലെന്നും ഇവിടെ പൊലീസിന് റിപ്പോര്‍ട്ട് ചെയ്യാനൊന്നുമില്ലെന്നുമായിരുന്നു മുംബൈ ഇന്ത്യന്‍സിന്റെ ട്വീറ്റ്. മൊഹാലിയില്‍ ഒരു ഗെയിം കളിച്ചപ്പോള്‍ ഒരു ടീം അടിപതറിയതാണെന്നും പൊലീസ് ഇടപെടേണ്ടതില്ലെന്നും മുംബൈ ട്വീറ്റ് ചെയ്തു. നിങ്ങള്‍ക്കിതിനെക്കാള്‍ പ്രധാനപ്പെട്ട ജോലിയുണ്ടാകുമെന്നറിയാമെന്നും എല്ലാ സേവനങ്ങള്‍ക്ക് നന്ദിയെന്നും ട്വീറ്റില്‍ പറയുന്നു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ പഞ്ചാബ് പേസര്‍ അര്‍ഷ്ദീപ് സിങ്ങിന്റെ പന്തില്‍ വിക്കറ്റുകള്‍ തകര്‍ന്നിരുന്നു. സംഭവത്തില്‍ ഒരു ക്രൈം റിപ്പോര്‍ട്ട് ചെയ്യാന്‍ താത്പര്യമുണ്ടെന്ന് മുംബൈ പൊലീസിനെ പരാമര്‍ശിച്ചുകൊണ്ട് പഞ്ചാബ് കിങ്സിന്റെ ട്വീറ്റ് ഉണ്ടായിരുന്നു. അതിന് മറുപടിയായാണ് മുംബൈ ഇന്ത്യന്‍സ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

പഞ്ചാബ് കിങ്‌സിന്റെ ട്വീറ്റിന് മുംബൈ പൊലീസ് രസകരമായി റീ ട്വീറ്റ് ചെയ്തത് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ഇന്ത്യക്കാര്‍ക്ക് ആധാര്‍ എന്ന പോലെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ ഐ.പി.എല്‍ ഫ്രാഞ്ചൈസിക്ക് ഒരു ട്രോഫി വേണമെന്നായിരുന്നു പൊലീസിന്റെ മറുപടി.

ഐ.പി.എല്ലില്‍ പി.ബി.കെയ്ക്ക് ഇതുവരെ കിരീടം നേടാന്‍ സാധിച്ചിട്ടില്ല. മുംബൈക്കെതിരായ മത്സരത്തില്‍ അര്‍ഷ്ദീപ് സിങ് എറിഞ്ഞ അവസാന ഓവറില്‍ 16 റണ്‍സായിരുന്നു മുംബൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ ഉജ്വലമായി അവസാന ഓവര്‍ എറിഞ്ഞ അര്‍ഷ്ദീപ് വെറും രണ്ട് റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുകളും വീഴ്ത്തുകയായിരുന്നു.

എന്നാല്‍ മൊഹാലിയില്‍ നടന്ന മത്സരത്തില്‍ പഞ്ചാബ് ബൗളര്‍മാരെ തല്ലിപ്പരത്തി ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവും തിലക് വര്‍മയും ടിം ഡേവിഡുമെല്ലാം നിറഞ്ഞാടുകയായിരുന്നു. ഏഴ് പന്ത് ബാക്കി നില്‍ക്കെയാണ് മുംബൈ 214 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ജയിച്ചത്. ആറ് വിക്കറ്റിനാണ് മുംബൈ പഞ്ചാബിനെ തകര്‍ത്തത്.

Content Highlights: Mumbai Indians trolls PBKS after the match in IPL

We use cookies to give you the best possible experience. Learn more