| Saturday, 6th May 2023, 4:56 pm

48.75 കോടി മുടക്കി കിട്ടിയ 13 റണ്‍സ്; തകര്‍ന്നടിഞ്ഞ് മുംബൈ ഇന്ത്യന്‍സ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2023ലെ 49ാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടുകയാണ്. ചെന്നൈയുടെ കളത്തട്ടകമായ ചെപ്പോക്കില്‍ വെച്ചാണ് മത്സരം നടക്കുന്നത്. ടോസ് നേടിയ ചെന്നൈ നായകന്‍ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് തുടക്കത്തിലേ കനത്ത പ്രഹരമേറ്റിരുന്നു. ക്യാപ്റ്റന്‍ രോഹിത്തിന് പകരക്കാരനായി കളത്തിലിറങ്ങിയ കാമറൂണ്‍ ഗ്രീനിന്റെ വിക്കറ്റാണ് മുംബൈക്ക് ആദ്യമേ നഷ്ടമായത്.

നാല് പന്തില്‍ നിന്നും ആറ് റണ്‍സ് നേടിയാണ് ഗ്രീന്‍ പുറത്തായത്. തുഷാര്‍ ദേശ്പാണ്ഡേയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായിട്ടായിരുന്നു താരത്തിന്റെ മടക്കം.

ഗ്രീനിന് പിന്നാലെ വണ്‍ ഡൗണായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ കളത്തിലിറങ്ങി. ഇഷാന്‍ കിഷനൊപ്പം ചേര്‍ന്ന് ഒരു തകര്‍പ്പന്‍ പാര്‍ട്ണര്‍ഷിപ്പ് പ്രതീക്ഷിച്ച ആരാധകര്‍ക്ക് വീണ്ടും നിരാശരാകേണ്ടി വരികയായിരുന്നു.

ടീം സ്‌കോര്‍ 13ല്‍ നില്‍ക്കവെ ഇഷാന്‍ പുറത്താവുകയായിരുന്നു. ദീപക് ചഹറിന്റെ പന്തില്‍ മഹീഷ് തീക്ഷണക്ക് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്. ഒമ്പത് പന്തില്‍ നിന്നും ഏഴ് റണ്‍സ് മാത്രമായിരുന്നു പുറത്താകുമ്പോള്‍ ഇഷാന്റെ സമ്പാദ്യം.

പിന്നാലെ രോഹിത് ശര്‍മയും പുറത്തായി. പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിന്റെ കാര്‍ബണ്‍ കോപ്പിയെന്നോണം മൂന്ന് പന്തില്‍ നിന്നും റണ്ണൊന്നുമെടുക്കാതെയായിരുന്നു രോഹിത്തിന്റെ മടക്കം. ഐ.പി.എല്ലില്‍ രോഹിത്തിന്റെ 16ാം ഡക്കാണിത്.

മുംബൈ ഇന്ത്യന്‍സിന്റെ പേരുകേട്ട ടോപ് ഓര്‍ഡര്‍ അക്ഷരാര്‍ത്ഥത്തില്‍ തകരുകയായിരുന്നു.

നാലാം നമ്പറില്‍ കളത്തിലിറങ്ങിയ നേഹല്‍ വദേരയും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് നടത്തിയ ചെറുത്തുനില്‍പാണ് മുംബൈ സ്‌കോറിങ്ങിന് ജീവന്‍ നല്‍കിയത്. എന്നാല്‍ ടീം സ്‌കോര്‍ 96ല്‍ നില്‍ക്കവെ സ്‌കൈയും മടങ്ങി. 22 പന്തില്‍ നിന്നും 26 റണ്‍സുമായി നില്‍ക്കവെ ജഡേജയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായിട്ടാണ് താരം മടങ്ങിയത്.

നിലവില്‍ 14 ഓവര്‍ പിന്നിടുമ്പോള്‍ 86 റണ്‍സിന് നാല് എന്ന നിലയിലാണ് മുംബൈ. 39 പന്തില്‍ നിന്നും 39 റണ്‍സുമായി നേഹല്‍ വദേരയും ഏഴ് പന്തില്‍ നിന്നും അഞ്ച് റണ്‍സുമായി ട്രിസ്റ്റണ്‍ സ്റ്റബ്‌സുമാണ് ക്രീസില്‍.

Content highlight: Mumbai Indians’ top order collapses against CSK

We use cookies to give you the best possible experience. Learn more