2025 ഐ.പി.എല്‍ മെഗാ ലേലത്തിന് മുന്നോടിയായ ചൂട് ഏറിയ ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. പല താരങ്ങളും നിലവിലെ ഫ്രാഞ്ചൈസി വിട്ട് മറ്റ് ഫ്രാഞ്ചൈസികളിലേക്ക് ചേക്കേറാനുള്ള സാധ്യതകളാണ് മുന്നിലുള്ളത്.
അക്കൂട്ടത്തില്‍ മുംബൈ ഇന്ത്യന്‍സ് സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ലക്ഷ്യം വെക്കുന്നു എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. റേവ് സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് പ്രകാരം 2025ലെ ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഒരു അണ്‍ ഒഫീഷ്യല്‍ ഓഫര്‍ ലഭിച്ചെന്നതാണ് വാര്‍ത്ത.
ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരമായിരുന്ന സൂര്യകുമാര്‍
2014ല്‍ ഗൗതം ഗംഭീറിന്റെ ക്യാപ്റ്റന്‍സില്‍ ഐ.പി.എല്‍ കിരീടം നേടിയ ടീമിലെ അംഗമായിരുന്നു. ടീമിന്റെ മികച്ച ബാറ്റര്‍ എന്ന രീതിയില്‍ സൂര്യകുമാര്‍ വമ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചിരുന്നത്. പിന്നീട് മുംബൈ ഇന്ത്യന്‍സ് സൂര്യയെ സ്വന്തമാക്കുകയായിരുന്നു.
ഐ.പി.എല്ലില്‍ ഇതുവരെ 150 മത്സരങ്ങളില്‍ നിന്ന് 32.28 ശരാശരി 3594 റണ്‍സ് സൂര്യ നേടിയിട്ടുണ്ട്. മികച്ച സ്‌ട്രൈക്ക് റേറ്റില്‍ എതിരാളികളെ അടിച്ചുതകര്‍ക്കുന്ന 360 ഡിഗ്രി ബാറ്ററാണ് സൂര്യകുമാര്‍. എന്നാല്‍ 2024 ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് രോഹിത് ശര്‍മയെ മാറ്റി ഹര്‍ദിക് പാണ്ഡ്യയെ ആണ് നിയമിച്ചത്.
രോഹിത് ക്യാപ്റ്റനായ സമയത്ത് തന്റെ പിന്‍ഗാമിയായി കണ്ട സൂര്യകുമാര്‍ യാദവിന്റെ സാധ്യതകള്‍ക്ക് നിലവില്‍ മങ്ങലേറ്റപ്പോള്‍ അവസരം മുതലാക്കാനാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ശ്രമങ്ങള്‍. കൊല്‍ക്കത്തയുടെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് സൂര്യകുമാര്‍ എത്തിയാല്‍ 2024 ഐ.പി.എല്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ ഭാവി അവതാളത്തിലാകും. ടി-20യില്‍ തന്റെ മികവ് തെളിയിച്ച സൂര്യകുമാര്‍ യാദവ് നിലവില്‍ ഇന്ത്യന്‍ ടീമിന്റെ ടി-20 ക്യാപ്റ്റനാണ്.
ഐ.പി.എല്ലിലെ മറ്റൊരു ചര്‍ച്ച മലയാളി സൂപ്പര്‍ താരം സഞ്ജു സാംസനും രാജസ്ഥാന്‍ റോയല്‍സുമായിരുന്നു. അടുത്തിടെ രാജസ്ഥാന്‍ റോയല്‍സിന്റെ ഒഫീഷ്യല്‍ പേജില്‍ സഞ്ജുവിന്റെ ഒരു വീഡിയോ ഷെയര്‍ ചെയ്തിരുന്നു.
മേജര്‍ മിസിങ് എന്ന ടാഗ് ലൈനില്‍ ആയിരുന്നു രാജസ്ഥാന്‍ റോയല്‍സ് വീഡിയോ പങ്കുവെച്ചത്. ഇതോടെ സഞ്ജു രാജസ്ഥാന്‍ റോയല്‍സ് വിടുന്നു എന്ന സാധ്യതകളും വര്‍ദ്ധിച്ചിരിക്കുകയാണ്. അങ്ങനെ സംഭവിച്ചാല്‍ മലയാളി സൂപ്പര്‍താരത്തെ ആര് സ്വന്തമാക്കും എന്ന ചിന്തയിലാണ് ആരാധകലോകം.
Content Highlight: Mumbai Indians star batsman is being targeted by Kolkata Knight Riders