| Thursday, 14th April 2022, 9:29 am

ഇടിവെട്ടിയവനെ പാമ്പ് കടിച്ചു; രോഹിത്തിനും മുംബൈ ഇന്ത്യന്‍സിനും 24ന്റെ പണി കൊടുത്ത് ഐ.പി.എല്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലും പഞ്ചാബ് കിംഗ്‌സിനോട് തോല്‍ക്കാനായിരുന്നു അഞ്ച് തവണ ഐ.പി.എല്‍ കിരീടം ചൂടിയ മുംബൈ ഇന്ത്യന്‍സിന്റെ വിധി. കളിച്ച അഞ്ചിലും തോറ്റ് പോയിന്റ് പട്ടികയിലെ അവസാനസ്ഥാനക്കാരാണ് നിലവില്‍ മുംബൈ.

അതേസമയം, ഇടിവെട്ടിയവനെ പാമ്പ് കടിച്ചു എന്ന അവസ്ഥയാണ് മുംബൈ നായകന്‍ രോഹിത് ശര്‍മയുടേത്. തുടര്‍ച്ചയായ മത്സരങ്ങള്‍ പരാജയപ്പെടുന്നതിന്റെ സമ്മര്‍ദ്ദത്തിനും നാണക്കേടിനും പിന്നാലെ രോഹിത്തിന് മുട്ടന്‍ പണി കൊടുത്തിരിക്കുകയാണ് ഐ.പി.എല്‍.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ രോഹിത്തിന് ഐ.പി.എല്‍ അധികൃതര്‍ പിഴ ചുമത്തിയിരുന്നു. 24 ലക്ഷം രൂപയാണ് രോഹിത്തിന് പിഴ ചുമത്തിയിരിക്കുന്നത്.

നേരത്തെ, ഇതേ സീസണില്‍ തന്നെ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ രോഹിത്തിനെതിരെ ഐ.പി.എല്‍ നടപടിക്കൊരുങ്ങിയിരുന്നു. ആദ്യ ഘട്ടത്തില്‍ താക്കീത് മാത്രം നല്‍കിയ ഐ.പി.എല്‍ ഇത്തവണ ശിക്ഷ കടുപ്പിച്ചിരിക്കുകയാണ്.

രോഹിത്തിന് പുറമെ പ്ലെയിംഗ് ഇലവനിലെ മറ്റ് എല്ലാ അംഗങ്ങളും പിഴയൊടുക്കണം. മാച്ച് ഫീയുടെ 25 ശതമാനമോ, ആറ് ലക്ഷം രൂപയോ (ഏതാണ് കുറവ് എങ്കില്‍ അത്) ആണ് ടീം അംഗങ്ങള്‍ പിഴയൊടുക്കേണ്ടിവരുന്നത്.

‘ഏപ്രില്‍ 13ന് പൂനെ എം.സി.എ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന ടാറ്റ ഐ.പി.എല്‍ പഞ്ചാബ് കിംഗ്‌സ്-മുംബൈ ഇന്ത്യന്‍സ് മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ മുംബൈ ഇന്ത്യന്‍സിന് പിഴ ചുമത്തുന്നു.

ഇത് രണ്ടാം തവണയാണ് മുംബൈ ഇന്ത്യന്‍സ് ഐ.പി.എല്ലിന്റെ പെരുമാറ്റച്ചട്ടം ലംഘിക്കുന്നത്. ആയതിനാല്‍ ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് 24 ലക്ഷം രൂപയും പ്ലെയിംഗ് ഇലവനിലെ മറ്റ് ടീം അംഗങ്ങള്‍ക്ക് മാച്ച് ഫീയുടെ 25 ശതമാനമോ ആറ് ലക്ഷം രൂപയോ, ഏതാണ് കുറവ് അത് പിഴയായി ഈടാക്കാനും തീരുമാനിച്ചു,’ ഐ.പി.എല്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലും മുംബൈ ഇന്ത്യന്‍സ് ദയനീയമായി പരാജയപ്പെട്ടിരുന്നു. ടോസ് വിജയിച്ച ശേഷം ബൗളിംഗ് തെരഞ്ഞെടുത്ത മുംബൈ പഞ്ചാബിനെ ബാറ്റിംഗിനയക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത നായകന്‍ മായങ്ക് അഗര്‍വാളിന്റെയും ശിഖര്‍ ധവാന്റെയും ജിതേഷ് ശര്‍മയുടെയും വെടിക്കെട്ടിന്റെ മികവിലാണ് പഞ്ചാബ് 198 എന്ന മികച്ച സ്‌കോര്‍ പടുത്തയര്‍ത്തിയത്. ധവാന്‍ 70ഉം മായങ്ക് 52ഉം റണ്‍സടിച്ചപ്പോള്‍, ശര്‍മ 15 പന്തില്‍ 30റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ ജൂനിയര്‍ ഡിവില്ലിയേഴ്‌സ് ബ്രെവിസിന്റെയും സൂര്യകുമാര്‍ യാദവിന്റെയും യുവതാരം തിലക് വര്‍മയുടെയും നേതൃത്വത്തില്‍ ചെറുത്തുനില്‍പിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുത്ത മുംബൈ 12 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു.

Content Highlight:  Mumbai Indians skipper Rohit Sharma fined ₹24 lakh for maintaining slow over rate

We use cookies to give you the best possible experience. Learn more