രാജസ്ഥാനെ ചീട്ടുകൊട്ടാരം പോലെ തകര്‍ക്കണം, സഞ്ജുവിനെ കരയിക്കണം; സൂപ്പര്‍ താരത്തെ ടീമിലെത്തിച്ച് മുംബൈ
IPL
രാജസ്ഥാനെ ചീട്ടുകൊട്ടാരം പോലെ തകര്‍ക്കണം, സഞ്ജുവിനെ കരയിക്കണം; സൂപ്പര്‍ താരത്തെ ടീമിലെത്തിച്ച് മുംബൈ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 30th April 2023, 6:17 pm

 

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിന് മുമ്പ് ഇംഗ്ലീഷ് സൂപ്പര്‍ താരം ക്രിസ് ജോര്‍ദനെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യന്‍സ്.

കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി പന്തെറിഞ്ഞ ജോര്‍ദന്‍ നേരത്തെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, പഞ്ചാബ് കിങ്‌സ് എന്നിവര്‍ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.

പരിക്കേറ്റ ഒരു താരത്തിന് പകരക്കാരനായാണ് താരത്തെ ടീമിലെത്തിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഏത് താരത്തിനാണ് പരിക്കേറ്റതെന്ന കാര്യത്തില്‍ വ്യക്തതയില്ല.

ടി-20 ഫോര്‍മാറ്റിലെ ഡെത്ത് ഓവറുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് ജോര്‍ദന്‍. 302 ടി-20യില്‍ നിന്നുമായി 315 വിക്കറ്റുകളാണ് ജോര്‍ദന്റെ സമ്പാദ്യം.

കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കളിച്ച നാല് മത്സരത്തില്‍ നിന്നും രണ്ട് വിക്കറ്റാണ് നേടിയത്. ഐ.പി.എല്ലില്‍ ഇതുവരെ 28 മത്സരം കളിച്ച താരം 27 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.

അതേസമയം, രാജസ്ഥാന്‍ റോയല്‍സിനെതിരെയുള്ള മത്സരത്തിന്റെ തയ്യാറെടുപ്പിലാണ് മുംബൈ ഇന്ത്യന്‍സ്. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ സഞ്ജുവിനെയും സംഘത്തെയും പരാജയപ്പെടുത്തി വിജയപാതയിലേക്ക് മടങ്ങിയെത്താനാണ് മുംബൈ ഇന്ത്യന്‍സ് ഒരുങ്ങുന്നത്.

കളിച്ച ഏഴ് മത്സരത്തില്‍ നിന്നും മൂന്ന് വിജയവും നാല് തോല്‍വിയുമായി ആറ് പോയിന്റോടെ പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് നിലവില്‍ മുംബൈ ഇന്ത്യന്‍സ്. പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കാന്‍ കഷ്ടപ്പെടുന്ന മുംബൈ ഇന്ത്യന്‍സിന് ഇനിയൊരു തോല്‍വി താങ്ങാവുന്നതിലുമപ്പുറമായിരിക്കും.

 

Content Highlight: Mumbai Indians signs Chris Jordan