| Friday, 12th April 2024, 11:22 am

മുംബൈ ഇനി ത്രിപ്പിൾ സ്ട്രോങ്; മലയാളി സൂപ്പർ താരത്തിന്റെ പകരക്കാരൻ ഇന്ത്യൻ ലോകകപ്പ് ഹീറോ

സ്പോര്‍ട്സ് ഡെസ്‌ക്

പരിക്കേറ്റ മലയാളി താരം വിഷ്ണു വിനോദിന്റെ പകരക്കാരനെ ടീമില്‍ എത്തിച്ച് മുംബൈ ഇന്ത്യന്‍സ്. മലയാളി താരത്തിന് പകരമായി ഹാര്‍വിക് ദേശായിയെയാണ് മുംബൈ സ്വന്തമാക്കിയത്. ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ ബാക്കപ്പ് കീപ്പര്‍മാരില്‍ ഒരാളായിരുന്നു വിഷ്ണു വിനോദ്. എന്നാല്‍ കൈത്തണ്ടയ്ക്ക് പരിക്കേറ്റത്തിന് തുടര്‍ന്ന് താരം മുംബൈ ടീമില്‍ നിന്നും പുറത്താവുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഹാര്‍വിക്കിനെ മുംബൈ ടീമിലെത്തിച്ചത്.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ സൗരാഷ്ട്ര ടീമിന്റെ ഭാഗമാണ് ഹാര്‍വിക്. 2018 അണ്ടര്‍ 19 ലോകകപ്പ് ഇന്ത്യ നേടുമ്പോള്‍ ടീമിലെ അംഗമായിരുന്നു ഹാര്‍വിക്. ഇന്ത്യക്കായി എ ടൂര്‍ണമെന്റില്‍ നാല് ഇന്നിങ്‌സില്‍ നിന്നും 72.68 ശരാശരിയില്‍ 187 റണ്‍സാണ് താരം അടിച്ചെടുത്തത്.

27 ടി-20 മത്സരങ്ങളില്‍ നിന്നും നാല് അര്‍ധസെഞ്ച്വറിയും ഒരു സെഞ്ച്വറിയും ഉള്‍പ്പെടെ 691 റണ്‍സ് ആണ് ഹാര്‍വിക്കിന്റെ അക്കൗണ്ടില്‍ ഉള്ളത്. 30.04 ആവറേജിലും 134.17 സ്‌ട്രൈക്ക് റേറ്റിലുമാണ് താരം ബാറ്റ് വീശുക. താരത്തിന്റെ വരവോടുകൂടി മുംബൈ ടീം കൂടുതല്‍ കരുത്തുറ്റതായി മാറും എന്ന് ഉറപ്പാണ്.

അതേസമയം തുടക്കത്തില്‍ മുംബൈ ഇന്ത്യന്‍സ് ആദ്യ മൂന്നു മത്സരങ്ങളും പരാജയപ്പെട്ടിരുന്നു. എന്നാല്‍ അവസാനത്തെ രണ്ട് മത്സരങ്ങളും വിജയിച്ചുകൊണ്ട് മുംബൈ ടൂര്‍ണമെന്റിലേക്ക് ശക്തമായി തിരിച്ചുവരുകയായിരുന്നു.

കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ഏഴ് വിക്കറ്റുകള്‍ക്കാണ് ബെംഗളൂരുവിനെ പരാജയപ്പെടുത്തിയത്. മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഹോം ടീം ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്‌സ് നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സ് ആണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ 15.3 ഓവറില്‍ ഏഴ് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.

നിലവില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് രണ്ട് വിജയവും മൂന്ന് തോല്‍വിയുമായി നാല് പോയിന്റോടെ ഏഴാം സ്ഥാനത്താണ് മുംബൈ. ഏപ്രില്‍ 14ന് ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെയാണ് മുംബൈയുടെ അടുത്ത മത്സരം. മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയമാണ് വേദി.

Content Highlight: Mumbai Indians sign Harvik Desai the replacement of Vishnu Vinod

We use cookies to give you the best possible experience. Learn more