ഇന്ത്യ – ദക്ഷിണാഫ്രിക്ക ടി-20 പരമ്പരക്ക് ബുധനാഴ്ച തുടക്കമാവുകയാണ്. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം നടക്കുന്നത്.
ഇന്ത്യന്‍ ടീം ഇതിനോടകം തന്നെ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. മൂന്ന് ടി-20കളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരമാണ് തിരുവനന്തപുരത്ത് നടക്കുക.
കേരളത്തിലെ ക്രിക്കറ്റ് ആരാധകരും ഇന്ത്യയുടെ വരവ് ആഘോഷമാക്കുകയാണ്. ആഘോഷത്തിന് കൊഴുപ്പുകൂട്ടാന്‍ ഒരുക്കിയ ഒരു കട്ടൗട്ടാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
ഇന്ത്യന്‍ നായകന് രോഹിത് ശര്‍മയുടെ ഭീമന് കട്ടൗട്ടാണ് സ്റ്റേഡിയത്തിന് പുറത്ത് സ്ഥാപിച്ചിട്ടുള്ളത്. ഓള് കേരള രോഹിത് ശര്‍മ ഫാന്‍സ് അസോസിയേഷന്റെ പേരിലാണ് കട്ടൗട്ട് സ്ഥാപിച്ചിട്ടുള്ളത്.
ഭീമന് കട്ടൗട്ടിന്റെ ചിത്രം മുംബൈ ഇന്ത്യന്‍സ് അവരുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ ഹാന്‍ഡില്‍ വഴി പങ്കുവെച്ചിട്ടുണ്ട്. തല്ലുമാല എന്ന ചിത്രത്തിലെ പ്രശസ്തമായ സെവന്‍സിനടി, പൂരത്തിനടി എന്ന് തുടങ്ങുന്ന ഡയലോഗാണ് ചിത്രത്തിന് ക്യാപ്ഷനായി നല്‍കിയിട്ടുള്ളത്.
അടികൾ പലവിധം, സെവൻസിനടി, പൂരത്തിനടി, പിന്നെ HITMAN ൻ്റെ അടി 🔥😎
Welcome to Kerala, RO 💙
📸: @AKRSFAOfficial #OneFamily #INDvSA @ImRo45 pic.twitter.com/gu8yUfldkd
— Mumbai Indians (@mipaltan) September 27, 2022
‘അടികള്‍ പലവിധം. സെവന്‍സിനടി, പൂരത്തിനടി പിന്നെ ഹിറ്റ്മാന്റെ അടി. Welcome to Kerala Ro,’ എന്ന ക്യാപ്ഷനോടെയാണ് മുംബൈ ചിത്രം പങ്കുവെച്ചിട്ടുള്ളത്.
രോഹിത്തിന് പുറമെ മുന്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയുടെ കട്ടൗട്ടും സ്റ്റേഡിയത്തിന് പുറത്ത് സ്ഥാപിച്ചിട്ടുണ്ട്. ഓള് കേരള വിരാട് കോഹ്ലി ഫാന്‍സ് അസോസിയേഷന്റെ വകയാണ് കട്ട ആറ്റിറ്റിയൂഡിലുള്ള കിങ് കോഹ്ലിയുടെ കട്ടൗട്ട്.
Massive flex of Virat Kohli in front of the Greenfield stadium. pic.twitter.com/eU3ooYamsU
— Johns. (@CricCrazyJohns) September 27, 2022
ബുധനാഴ്ച നടക്കുന്ന മത്സരം ആവേശമാക്കാന്‍ തന്നെയാണ് ആരാധകര്‍ അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുന്നതെന്ന് വ്യക്തം.
ഒക്ടോബര്‍ രണ്ട് ഞായറാഴ്ചയാണ് പരമ്പരയിലെ രണ്ടാം മത്സരം. അസം ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയമാണ് വേദി. ഇന്‍ഡോറില്‍ വെച്ച് ഒക്ടോബര്‍ നാലിനാണ് പരമ്പരയിലെ അവസാന മത്സരം.
അതേസമയം ഓസീസിനെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ തോല്പിച്ചാണ് ഇന്ത്യന്‍ ടീം പ്രോട്ടീസിനെതിരെ കളത്തിലിറങ്ങുന്നത്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസീസ് ജയിച്ചപ്പോള്‍ രണ്ടാമത്തെയും മൂന്നാമത്തെയും മത്സരം ഇന്ത്യ ആധികാരികമായി വിജയിക്കുകയായിരുന്നു.
സീരീസ് ഡിസൈഡര്‍ മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു ഇന്ത്യന്‍ വിജയം. ഓസ്ട്രേലിയ ഉയര്‍ത്തിയ 187 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ ഒരു പന്ത് ശേഷിക്കേ മറികടക്കുകയായിരുന്നു. സൂര്യകുമാര്‍ യാദവ് 69 റണ്‍സും വിരാട് കോഹ്ലി 63 റണ്‍സും നേടി ബാറ്റിങ് നിരയില്‍ തിളക്കമാര്‍ന്ന പ്രകടനമാണ് പുറത്തെടുത്തത്.
Content highlight: Mumbai Indians shares picture of Rohit Sharma’s giant cut out