| Friday, 29th April 2022, 4:36 pm

നഷ്ടപ്പെടാന്‍ ഒന്നുമില്ല; സഞ്ജുവിനെ കറിക്കിവീഴ്ത്താന്‍ മിസ്റ്ററി സ്പിന്നറെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യന്‍സ്

സ്പോര്‍ട്സ് ഡെസ്‌ക്

കളിച്ച മത്സരങ്ങള്‍ എല്ലാം തോറ്റ് പ്ലേ ഓഫ് സാധ്യതകള്‍ ഇല്ലാതായി നട്ടം തിരിയുകയാണ് മള്‍ട്ടിപ്പിള്‍ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ്. കളി മറന്ന സീനിയര്‍ താരങ്ങളും കളിയില്‍ ഒരു നിയന്ത്രണവുമില്ലാത്ത ക്യാപ്റ്റനുമായിരുന്നു മുംബൈ ഇന്ത്യന്‍സിലെ കാഴ്ച.

ശനിയാഴ്ച രാജസ്ഥാനെതിരെ നടക്കുന്ന മത്സരത്തില്‍ നിര്‍ണായക നീക്കം നടത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. ടീമിലേക്ക് പുതിയ താരത്തെ ഉള്‍പ്പെടുത്തിയാണ് മുംബൈ രാജസ്ഥാനെതിരെ പടയൊരുക്കം ആരംഭിച്ചിരിക്കുന്നത്.

മധ്യപ്രദേശില്‍ നിന്നുള്ള കുമാര്‍ കാര്‍ത്തികേയ സിംഗാണ് മുംബൈ ഇന്ത്യന്‍സിലെ മിസ്റ്ററി സ്പിന്നര്‍. പരിക്കേറ്റ് പുറത്തായ അര്‍ഷാദ് ഖാന് പകരക്കാരനായാണ് കുമാര്‍ കാര്‍ത്തികേയ സിംഗ് ടീമിലെത്തിയിരിക്കുന്നത്.

നെറ്റ് ബൗളറായ കുമാര്‍ കാര്‍ത്തികേയ സിംഗിനെ ടീമിലെത്തിച്ചതോടെ സ്പിന്‍ നിരയില്‍ കരുത്താവുമെന്നാണ് മുംബൈ ക്യാമ്പ് കണക്കുകൂട്ടുന്നത്.

അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കാണ് മുംബൈ ഇന്ത്യന്‍സ് 24 വയസുകാരനായ കുമാര്‍ കാര്‍ത്തികേയ സിംഗിനെ ടീമിലെത്തിച്ചത്.

മധ്യപ്രദേശിനായി ഒന്‍പത് ഫസ്റ്റ് ക്ലാസ് മത്സരവും 19 ലിസ്റ്റ് എ മത്സരവും താരം കളിച്ചിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് മത്സരത്തില്‍ നിന്നും 35 വിക്കറ്റും ലിസ്റ്റ് എ മത്സരത്തില്‍ നിന്നും 10 വിക്കറ്റുമാണ് താരത്തിന്റെ സമ്പാദ്യം.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ താരത്തിന്റൈ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. 5.05 എന്ന എക്കോണമി റേറ്റില്‍ അഞ്ച് വിക്കറ്റായിരുന്നു കുമാര്‍ കാര്‍ത്തികേയ നേടിയത്.

ഒന്നും നഷ്ടപ്പെടാന്‍ ഇല്ലാത്ത അവസ്ഥയില്‍ ടീമില്‍ വരുത്തുന്ന മാറ്റം മുംബൈ ഇന്ത്യന്‍സിന് ആദ്യ ജയം നേടിക്കൊടുക്കുമോ എന്നാണ് മുംബൈ ആരാധകര്‍ ഉറ്റുനോക്കുന്നത്.

ഐ.പി.എല്ലിലെ ഏറ്റവും മികച്ച ബാറ്റിംഗ് നിരയുള്ള രാജസ്ഥാനെ പരീക്ഷിക്കാന്‍ തന്നെയാണ് മുംബൈ ഒരുങ്ങുന്നത്. നിലവില്‍ 8 മത്സരത്തില്‍ നിന്നും ആറ് ജയവുമായി പോയിന്റ് പട്ടികയില്‍ രണ്ടാമതാണ് രാജസ്ഥാന്‍.

ഏപ്രില്‍ 30ന് നവി മുംബൈയില്‍ വെച്ചാണ് മത്സരം.

Content Highlight: Mumbai Indians Rope In Kumar Kartikeya Singh In Place Of Injured Arshad Khan

We use cookies to give you the best possible experience. Learn more