| Sunday, 5th March 2023, 10:49 am

വെറും വിജയമല്ല, ലോക ക്രിക്കറ്റിലെ റെക്കോഡ് സ്വന്തമാക്കിയ വിജയം; ഹര്‍മനും പിള്ളേരും ഒരേ പൊളി

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസം ഡബ്ല്യൂ.പി.എല്ലില്‍ ഗുജറാത്ത് ജയന്റ്‌സിനെ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ത്തുകൊണ്ടായിരുന്നു ഹര്‍മന്‍പ്രീത് കൗറും സംഘവും ക്യാമ്പെയ്ന്‍ ആരംഭിച്ചത്. ബാറ്റര്‍മാരും ബൗളര്‍മാരും നിറഞ്ഞാടിയ മത്സരത്തില്‍ ഗുജറാത്തിന് മത്സരത്തില്‍ ഒരിക്കല്‍ പോലും മേല്‍ക്കൈ നല്‍കാത്ത ടോട്ടല്‍ ഡോമിനേഷനായിരുന്നു മുംബൈയുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് ഓപ്പണര്‍ യാഷ്ടിക ഭാട്ടിയയെ പെട്ടെന്ന് തന്നെ നഷ്ടമായിരുന്നു. എട്ട് പന്തില്‍ നിന്നും ഒരു റണ്‍സ് മാത്രം നേടിയാണ് യാഷ്ടിക പുറത്തായത്.

എന്നാല്‍ ഓപ്പണറായ ഹെയ്‌ലി മാത്യൂസും നാറ്റ് സ്‌കിവറും ചേര്‍ന്ന് സ്‌കോര്‍ ഉയര്‍ത്തി. 54 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പാണ് രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. ടീം സ്‌കോര്‍ 69ല്‍ നില്‍ക്കവെ സ്‌കിവറിന്റെ വിക്കറ്റ് മുംബൈക്ക് നഷ്ടമായി. നാലാം നമ്പറില്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് ഇറങ്ങിയതോടെ സ്‌കോറിങ്ങിന് വേഗം കൂടി.

77 റണ്‍സില്‍ നില്‍ക്കവെ ഹെയ്‌ലിയെ നഷ്ടമായെങ്കിലും അമേല കേറിനെ കൂട്ടുപിടിച്ച് ഹര്‍മന്‍ സ്‌കോര്‍ ഉയര്‍ത്തിക്കൊണ്ടിരുന്നു. 14 ബൗണ്ടറികളടക്കം 30 പന്തില്‍ നിന്നും 65 റണ്‍സാണ് ഹര്‍മന്‍ അടിച്ചുകൂട്ടിയത്. 24 പന്തില്‍ നിന്നും 45 റണ്‍സ് നേടിയ കേര്‍ പുറത്താകാതെ നിന്നു.

ഒടുവില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മുംബൈ 207 റണ്‍സ് നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് തുടക്കത്തിലേ പിഴച്ചിരുന്നു. ഒരു റണ്‍സ് നേടിയപ്പോഴേക്കും ഹര്‍ലീന്‍ ഡിയോളിന്റെ വിക്കറ്റ് നഷ്ടമായ ഗുജറാത്തിന് അഞ്ച് റണ്‍സ് ആയപ്പോഴേക്കും ബെത്ത് മൂണിയെയും ആഷ്‌ലീഗ് ഗാര്‍ഡ്‌നറിനെയും നഷ്ടമായി.

ഒടുവില്‍ 15.1 ഓവറില്‍ 64 റണ്‍സിന് ഗുജറാത്ത് ഓള്‍ ഔട്ടായി. നാല് വിക്കറ്റ് വീഴ്ത്തിയ സയ്ക ഇഷാഖും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ നാറ്റ് സ്‌കിവറും അമേല കേറും ബൗളിങ്ങില്‍ തിളങ്ങി.

ഈ വിജയത്തോടെ ഒരു തകര്‍പ്പന്‍ റെക്കോഡും മുംബൈ ഇന്ത്യന്‍സിനെ തേടിയെത്തി. വനിതാ ടി-20 ചരിത്രത്തിലെ ഏറ്റവും വലിയ വിജയ മാര്‍ജിന്‍ എന്ന റെക്കോഡാണ് ഹര്‍മനും സംഘവും സ്വന്തമാക്കിയത്. 2021ല്‍ ഒടാഗോക്കെതിരെ വെല്ലിങ്ടണ്‍ വനിതാ ടീം നേടിയ 122 റണ്‍സിന്റെ മാര്‍ജിനാണ് മുംബൈ ഇന്ത്യന്‍സ് പഴങ്കഥയാക്കിയത്.

ഇന്ത്യന്‍ ഫ്രാഞ്ചൈസി ലീഗ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ വിജയ മാര്‍ജിനും ഇതുതന്നെയാണ്.

201ല്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ 146 റണ്‍സിന് വിജയിച്ച മുംബൈ ഇന്ത്യന്‍സിന്റെ റെക്കോഡാണ് ഇന്ത്യന്‍ ടി-20 ലീഗ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിജയ മാര്‍ജിന്‍. 2016ല്‍ ഗുജറാത്ത് ലയണ്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് നേടിയ 144 റണ്‍സിന്റെ വിജയമാണ് രണ്ടാമത്.

Content Highlight: Mumbai Indians registers biggest win in women’s t20 history

We use cookies to give you the best possible experience. Learn more